ഏഷ്യൻ ഗെയിംസ് ട്വന്റി-20 ക്രിക്കറ്റ് യോഗ്യതാ റൗണ്ട്; ഒമാൻ നാലാമത്
text_fieldsമസ്കത്ത്: ഏഷ്യൻ ഗെയിംസ് പുരുഷ ട്വന്റി-20 ക്രിക്കറ്റ് യോഗ്യതാ റൗണ്ടിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഒമാൻ. സിംഗപ്പൂരിൽ നടന്ന ലൂസേഴ്സ് ഫൈനലിൽ മലേഷ്യയോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് ഒമാൻ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. അതേസമയം, സെമി ഫൈനലിൽ പ്രവേശിച്ചതോടെ ഈ വർഷം ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന് ഒമാൻ യോഗ്യത നേടി.
സെപ്റ്റംബർ 19 മുതൽ ഒക്ടോബർ നാലു വരെ ജപ്പാനിലെ ഐച്ചി പ്രവിശ്യയിലാണ് ഏഷ്യൻ ഗെയിംസ് അരങ്ങേറുക. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്താൻ ഉൾപ്പെടെ 10 ടീമുകളാണ് എഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ മത്സരിക്കുക. യോഗ്യത ടൂർണമെന്റിൽനിന്ന് ഒമാനു പുറമെ, നേപ്പാൾ, മലേഷ്യ, ഹോങ്കോങ് എന്നിവയും യോഗ്യത നേടി.
യോഗ്യതാ ടൂർണമെന്റിൽ ഒമാന്റെ തുടർച്ചയായ മൂന്നാം തോൽവിയാണ് ലൂസേഴ്സ് ഫൈനലിലേത്. ഗ്രൂപ്പ് ഘട്ടത്തിൽ ഹോങ്കോങ്ങിനോടും സെമിയിൽ നേപ്പാളിനോടും ഒമാൻ തോറ്റിരുന്നു. നായകൻ സുഫിയാൻ മഹ്മൂദ് ഒഴികെ മറ്റെല്ലാവരും അന്താരാഷ്ട്ര തലത്തിൽ അരങ്ങേറ്റം കുറിക്കുന്ന യുവനിരയുമായാണ് ഒമാൻ ടൂർണമെന്റിന് എത്തിയത്. മുഴുവൻ പേരും ഒമാനികളായിരുന്നെന്നപ്രത്യേകതയുമുണ്ട്. പരീക്ഷണ ടീമുമായെത്തി എഷ്യൻ ഗെയിംസ് യോഗ്യത നേടിയ ടീമിന് അഭിനന്ദന പ്രവാഹമാണ്.
ലൂസേഴ്സ് ഫൈനലിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ 19.2 ഓവറിൽ 90 റൺസിന് എല്ലാവരും പുറത്തായി. ഓപണർമാരായ മുഹമ്മദ് അൽ ബലൂഷിയും (25), ശുഐബ് അൽ ബലൂഷിയും (19) ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിര തകർന്നടിഞ്ഞു. 43 റൺസിന് വിക്കറ്റൊന്നും പോകാതിരുന്ന ഒമാന്റെ ടോട്ടൽ ഒടുവിൽ 90 റൺസിലേക്ക് ചുരുങ്ങി. മലേഷ്യക്കായി വീരൻദീപ് സിങ് ഏഴു റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.
വിജയ് ഉണ്ണി, മുഹമ്മദ് ആമിർ എന്നിവരും മൂന്ന് വിക്കറ്റ് വീതം നേടി. 91 റൺസിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന മലേഷ്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 10 ഓവറിൽ ലക്ഷ്യം കണ്ടു. 12 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഒമാൻ പ്രതീക്ഷ നൽകിയെങ്കിലും മലേഷ്യൻ ക്യാപ്റ്റൻ സയ്യിദ് അസീസിന്റെ (29 പന്തിൽ പുറത്താവാതെ 54) തകർപ്പൻ ബാറ്റിങ് മലേഷ്യയെ വിജയത്തിലെത്തിച്ചു. വീരൻദീപ് സിങ് 29 റൺസോടെ പുറത്താവാതെ നിന്നു. തോൽവിയോടെയാണ് ടൂർണമെന്റ് അവസാനിച്ചതെങ്കിലും യുവതാരങ്ങൾക്ക് മികച്ച അന്താരാഷ്ട്ര പരിചയം നേടാനും ഏഷ്യൻ ഗെയിംസ് ടിക്കറ്റ് ഉറപ്പാക്കാനും കഴിഞ്ഞത് ഒമാന് ആശ്വാസമേകുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

