ഏഷ്യൻ ഗെയിംസ്; 800 മീറ്റർ ഓട്ടത്തിൽ ഒമാന് വെങ്കലം
text_fieldsഹുസൈൻ അൽ ഫാർസി
മസ്കത്ത്: ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഒമാന് വീണ്ടും മെഡൽ തിളക്കം. 800 മീറ്റർ ഓട്ടമത്സരത്തിൽ സുൽത്താനേറ്റിനുവേണ്ടി ഹുസൈൻ അൽ ഫാർസി വെങ്കല മെഡൽ സ്വന്തമാക്കി. ഇതോടെ ഒമാന്‍റെ മെഡൽ രണ്ടായി ഉയരുകയും ചെയ്തു. ദിവസങ്ങൾക്കു മുമ്പ് നടന്ന പായക്കപ്പലോട്ട മത്സരത്തിലെ ഇ.ആർ വിഭാഗത്തിൽ ടീം മുസാബ് അൽ ഹാദിയും വാലിദ് അൽ കിന്ദിയും സുൽത്താനേറ്റിന് വെള്ളി മെഡൽ നേടിയിരുന്നു. 800 മീറ്റർ ഓട്ടമത്സരത്തിൽ 1:48.05 സെക്കൻഡിൽ ഓടിയെത്തിയ സൗദിയുടെ ഇസ്സ അലി ക്‌സ്‌വാനിയാണ് സ്വർണ മെഡൽ നേടിയത്. ഇന്ത്യയുടെ മുഹമ്മദ് അഫ്‌സലാണ് വെള്ളിമെഡൽ അണിഞ്ഞത് (1:48.43). വെങ്കല മെഡലിലേക്ക് ഓടിയെത്താൻ 1:48.51 സെക്കൻഡാണ് ഹുസൈൻ അൽ ഫാർസി എടുത്തത്. 1986 സോൾ ഏഷ്യാഡിൽ 400 മീറ്ററിൽ മുഹമ്മദ് അമുർ അൽ മാൽകി നേടിയ വെങ്കലത്തിനുശേഷം ഒമാന്റെ അഞ്ചാമത്തെ അത്‌ലറ്റിക്‌സ് മെഡലാണിത്. 1990ലെ ബെയ്ജിങ്ങിൽ നടന്ന ഏഷ്യൻ ഗെയിംസിലാണ് ഒമാൻ ഇതുവരെയായി ഏക സ്വർണം (അൽ മാലികി) നേടിയത്. തുടർന്ന് 1998ൽ ജകാർത്തയിൽ നടന്ന ഏഷ്യാഡിൽ 4x100 മീറ്റർ റിലേയിലും ബറകത് അൽ ഹർതിക്ക് 2010ൽ ഗ്വാങ്‌ഷൂവിൽ വെങ്കല മെഡലുകളും ലഭിച്ചു. അത്‌ലറ്റിക്‌സിലെ മെഡലിന്റെ 13 വർഷത്തെ വരൾച്ചക്കാണ് അൽ ഫാർസി ചൊവ്വാഴ്ച അവസാനിപ്പിച്ചത്.
അത്‌ലറ്റിക്‌സ്, ഭാരോദ്വഹനം, വാട്ടർ സ്‌പോർട്‌സ്, ഷൂട്ടിങ്, സെയിലിങ്, ബീച്ച് വോളിബാൾ, ഹോക്കി എന്നിവയുൾപ്പെടെ ഏഴു കായിക ഇനങ്ങളിലായി 44 ആൺ-പെൺ അത്‌ലറ്റുകളാണ് ഒമാനെ പ്രതിനിധാനം ചെയ്ത് ഗെയിംസിൽ മാറ്റുരക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

