ഏഷ്യാകപ്പ് ക്രിക്കറ്റ്; മനം നിറച്ച് ഒമാൻ മടക്കം
text_fieldsമത്സരശേഷം ഒമാൻ താരങ്ങളെ അഭിനന്ദിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്
മസ്കത്ത്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ വിജയം ഒന്നും നേടാനായില്ലെങ്കിലും തലയുയർത്തിപ്പിടിച്ച് തന്നെയാണ് ഒമാൻ മടങ്ങുന്നത്.ആദ്യ രണ്ട് കളിയിൽ ബാറ്റർമാർ പരാജയപ്പെട്ടെങ്കിലും ബൗളർമാർ താരതമ്യേന മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞദിവസം ഇന്ത്യയെ വിറപ്പിച്ചാണ് സുൽത്താനേറ്റ് കീഴടങ്ങിയത്. ഭാവിയിലെ ക്രിക്കറ്റ് ഭൂപടത്തിൽ തങ്ങളുടെ പേരുകൂടി അടയാളപ്പെടുത്തേണ്ടിവരും എന്ന സൂചനയാണ് ഒമാൻ താരങ്ങൾ വെള്ളിയാഴ്ച നൽകിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരപോലെ പോരാട്ട വീര്യം പുറത്തെടുത്ത ഒമാനെ അഭിനന്ദിക്കുകയാണ് ക്രിക്കറ്റ് ലോകം.
അനായാസം ജയിക്കാമെന്ന ഇന്ത്യയുടെ മോഹങ്ങളെ ആദ്യം ബൗളിങ്ങിലും പിന്നാലെ ബാറ്റിങ്ങിലും വിറപ്പിച്ചാണ് സുൽത്താനേറ്റ് കീഴടങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ മലയാളി താരം സഞ്ജു സാംസൺ ആണ് (56) വെടിക്കെട്ട് ബാറ്റിങ്ങുമായി 188 റൺസ് എന്ന സുരക്ഷിത സ്കോറിലെത്തിച്ചത്. എന്നാൽ, അപ്പോഴേക്കും എട്ട് വിക്കറ്റുകൾ ഒമാൻ സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിങ്ങിൽ ഒമാൻ നാലുവിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്താണ് അടിയറവ് പറഞ്ഞത്. ഒമാന്റെ മുൻനിര ബാറ്റർമാർ ഇന്ത്യയുടെ കരുത്തുറ്റ ബൗളിങ്ങിനെ വെള്ളം കുടിപ്പിക്കുന്ന കാഴ്ചയായിരുന്നു. ഓപണർ ജതിന്ദർ സിങ് (32), ആമിർ ഖലീം (64), ഹമദ് മിർസ (51) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ഒരുവേള ഒമാന്റെ വിജയവും പ്രതീക്ഷിച്ചു. രണ്ടാം വിക്കറ്റ് നഷ്ടമായത് 149 റൺസിലെത്തിയപ്പോൾ മാത്രമായിരുന്നു. ഒന്നിന് 145 ലെത്തിയവർക്ക് പക്ഷേ, പത്ത് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അടുത്ത മൂന്ന് വിക്കറ്റുകൾ കൊഴിഞ്ഞത് തിരിച്ചടിയായി. ഇതോടെ, മത്സരം ഇന്ത്യ തിരികെ പിടിക്കുകയായിരുന്നു.
ഇന്ത്യക്കെതിരെ ടി20 ക്രിക്കറ്റില്‍ 50+ പ്ലസ് പാർട്ണര്‍ഷിപ് നേടുന്ന രണ്ടാമത്തെ അസോസിയേറ്റ് രാഷ്ട്രമെന്ന ചരിത്രനേട്ടവും ഒമാന്‍ സ്വന്തമാക്കി. ഇതിന് മുമ്പ് അഫ്ഗാനിസ്താന് മാത്രമാണ് ഈ നേട്ടത്തിലെത്തിയത്. അസോസിയേറ്റ് രാഷ്ട്രമായിരുന്ന കാലത്തായിരുന്നു ഇത്. കൂടാതെ, മറ്റൊരു നേട്ടവും ഒമാന്‍ സ്വന്തമാക്കാനായി. മത്സരത്തില്‍ ഒമാന്‍ ഇന്ത്യക്കെതിരെ പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമാവാതെ പിടിച്ച് നിന്നു. ഒമാന്റെ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു ഫുള്‍ മെംബര്‍ നേഷനെതിരെ പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് പോലും നഷ്ടമാവാതെ ബാറ്റ് ചെയ്തത്. ഒമാന്‍ അവിശ്വസനീയമായ ക്രിക്കറ്റാണ് പുറത്തെടുത്തതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

