ഏഷ്യ കപ്പ് ക്രിക്കറ്റ് 2022: മലയാളി താരങ്ങളുമെത്തും; യോഗ്യത മത്സരങ്ങൾക്ക് ഒമാൻ വേദി
text_fieldsഏഷ്യ കപ്പ് ക്രിക്കറ്റ് 2022ന്റെ യോഗ്യത മത്സരങ്ങൾ നടക്കുന്ന ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് (ഫയൽ ചിത്രം)
മസ്കത്ത്: ഏഷ്യ കപ്പ് ക്രിക്കറ്റ് 2022ന്റെ യോഗ്യത മത്സരങ്ങൾക്ക് ഇത്തവണ ഒമാൻ ആതിഥേയത്വം വഹിക്കും. ആഗസ്റ്റ് 20 മുതൽ 24 വരെ അൽ ആമിറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലാണ് മത്സരം. യു.എ.ഇ, കുവൈത്ത്, ഹോങ്കോങ്, സിംഗപ്പൂർ എന്നീ ടീമുകൾ ഏറ്റുമുട്ടും. കൂടുതൽ പോയൻറ് നേടുന്ന ടീം യു.എ.ഇയിൽ നടക്കുന്ന ഏഷ്യ കപ്പിന് യോഗ്യത നേടും. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്താൻ എന്നിവരാണ് ഏഷ്യ കപ്പിലെ മറ്റു ടീമുകൾ.
മത്സരങ്ങൾക്കായി മികച്ച സൗകര്യമാണ് ഒരുക്കിയതെന്ന് ഒമാൻ ക്രിക്കറ്റ് ചെയർമാനും എ.സി.സി വൈസ് പ്രസിഡന്റുമായ പങ്കജ് ഖിംജി പറഞ്ഞു. മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ഒമാനെ തിരഞ്ഞെടുത്തതിന് അദ്ദേഹം എ.സി.സിക്കും ശ്രീലങ്ക ക്രിക്കറ്റിനും നന്ദി പറഞ്ഞു. യോഗ്യത മത്സരങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ട ടീമുകൾ ഒമാൻ ആതിഥേയത്വം വഹിക്കുന്ന എ.സി.സി വെസ്റ്റേൺ റീജ്യൻ 2020-യു.എ.ഇ ആൻഡ് കുവൈത്ത് ടൂർണമെന്റിലും തായ്ലൻഡ് ആതിഥേയത്വം വഹിക്കുന്ന എ.സി.സി ഈസ്റ്റേൺ റീജ്യൻ 2020-സിംഗപ്പൂർ ആൻഡ് ഹോങ്കോങ് ടൂർണമെന്റിലും ബർത്ത് ഉറപ്പിച്ചിട്ടുണ്ട്.
ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ ദുബൈയിലാണ് ഏഷ്യ കപ്പ് മത്സരങ്ങൾ. ഒമാനിൽ നടക്കുന്ന യോഗ്യത മത്സരങ്ങളിൽ വിജയിയാകുന്ന ടീം ഉൾപ്പെടെ രണ്ട് ഗ്രൂപ്പുകളിലായി ആറ് ടീമുകളാണ് ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടുക. ആദ്യ നാല് സ്ഥാനക്കാർ സെമിയിലെത്തും. നേരത്തേ യു.എ.ഇയിൽ നടന്ന ട്വന്റി 20 ലോകകപ്പ് ഗ്രൂപ് മത്സരങ്ങൾക്കും ലെജൻഡ്സ് ക്രിക്കറ്റ് ലീഗിനും ഒമാൻ വേദിയായിട്ടുണ്ട്.
കുവൈത്ത് ക്രിക്കറ്റ് ടീമിൽ മൂന്ന് മലയാളികൾ
മസ്കത്ത്: ഏഷ്യ കപ്പ് ക്രിക്കറ്റ് 2022ന്റെ യോഗ്യത മത്സരങ്ങളിൽ പങ്കെടുക്കാൻ കുവൈത്ത് ടീം ഒമാനിലെത്തി. മലയാളികൾക്ക് അഭിമാനമായി മൂന്നുപേർ കുവൈത്ത് ദേശീയ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. കൊല്ലം പള്ളിമുക്ക് സ്വദേശി ഷിറാസ് ഖാൻ, തിരുവനന്തപുരം തുമ്പ സ്വദേശി എഡിസൺ ഡിസിൽവ, മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഷഫീഖ് എന്നിവരാണ് ടീമിലുള്ളത്. ഇവർ ഉൾപ്പെടെ ഏഴ് ഇന്ത്യക്കാർ ടീമിൽ ഇടം നേടിയിട്ടുണ്ട്.
മുഹമ്മദ് അസ്ലം ആണ് ക്യാപ്റ്റൻ. ശ്രീലങ്കയുടെ മുൻതാരം മുത്തുമലിംഗ പുഷ്പകുമാരയാണ് പരിശീലകൻ. 21ന് യു.എ.ഇയുമായാണ് കുവൈത്തിന്റെ ആദ്യ മത്സരം. 23ന് കുവൈത്ത് ഹോങ്കോങ്ങിനെ നേരിടും. 24ന് സിങ്കപ്പൂരുമായാണ് അവസാന മത്സരം. ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങൾക്കു മുമ്പായി ബഹ്റൈനുമായി അഞ്ച് ട്വന്റി20 ഉഭയകക്ഷി സീരീസും കുവൈത്ത് ഒമാനിൽ കളിക്കും.
കുവൈത്ത് ക്രിക്കറ്റ് ടീമിലെ മലയാളി താരങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

