ആർട്ട് മസ്കത്ത് കലാപ്രദർശനം 28 മുതൽ
text_fieldsമസ്‌കത്ത്: ഒമാന്റെ സാംസ്കാരിക, കലാ രംഗങ്ങൾക്ക് പുത്തൻ ഉണർവേകി അഞ്ചാമത് ‘ആർട്ട് മസ്കത്ത്’ പ്രദർശനം ഒക്ടോബർ 28 മുതൽ 30 വരെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കും. ബിലാറബ് ബിൻ ഹൈതം ഇനിഷ്യേറ്റീവ്സും ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററും സഹകരിച്ചാണ് ഈ വിപുലമായ കലാമേള സംഘടിപ്പിക്കുന്നത്.
മനുഷ്യവിഭവശേഷി ശാക്തീകരിക്കുക, സർഗാത്മകത പ്രോത്സാഹിപ്പിക്കുക, നവീകരണത്തിന് പ്രചോദനം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രദർശനം. വാസ്തുവിദ്യയിൽ നിന്ന് തുടങ്ങി വിഷ്വൽ ആർട്സ് മേഖലയിലേക്ക് കൂടി തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബിലാറബ് ബിൻ ഹൈതം ഇനിഷ്യേറ്റീവ്സ് ഈ പ്രദർശനത്തിന് ചുക്കാൻ പിടിക്കുന്നത്. കലാകാരന്മാർ, വാസ്തുശിൽപികൾ, ഡിസൈനർമാർ എന്നിവർക്ക് പരസ്പരം സംവദിക്കാനും അവരുടെ സൃഷ്ടികൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുമുള്ള മികച്ച വേദിയായി പ്രദർശനം മാറും.
ഈ വർഷത്തെ പ്രദർശനത്തിൽ മൂന്നൂറിലധികം കലാകാരന്മാരാണ് തങ്ങളുടെ സൃഷ്ടികളുമായി പങ്കെടുക്കുന്നത്. ഒക്ടോബർ 28 മുതൽ 30 വരെയുള്ള മൂന്ന് ദിവസങ്ങളിൽ ഉച്ചക്ക് രണ്ടു മുതൽ രാത്രി 10 വരെ പൊതുജനങ്ങൾക്ക് പ്രദർശനം സന്ദർശിക്കാം. മേളയിൽ ബിലാറബ് ബിൻ ഹൈതം ഇനിഷ്യേറ്റീവ്സിനായി പ്രത്യേക കോർണർ ഉണ്ടായിരിക്കും. വൈവിധ്യമാർന്ന കഥകൾ പറയുന്ന തെരഞ്ഞെടുത്ത പെയിന്റിംഗുകൾ ഇവിടെ പ്രദർശിപ്പിക്കും.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അനുഗ്രഹത്തോടെ, സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സഈദിന്റെ മേൽനോട്ടത്തിൽ 2022-ലാണ് ബിലാറബ് ബിൻ ഹൈതം ഇനിഷ്യേറ്റീവ്സ് ആരംഭിക്കുന്നത്. യുവാക്കളെ ശാക്തീകരിക്കുന്നതിനും ഒമാന്റെ സാംസ്കാരിക-സർഗാത്മക മേഖലകളെ സമ്പന്നമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രമുഖ സാംസ്കാരിക വേദിയാണിത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

