Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിദിനം 250 കോടി വരുമാനം, 3500 സ്റ്റാഫ്, താമസിക്കാൻ ദുബൈയിൽ 20 വില്ല...; ഒടുവിൽ ബെറ്റിങ് രാജാവ് സൗരഭ് ചന്ദ്രാകർ ഒമാനിൽ അറസ്റ്റിൽ

text_fields
bookmark_border
അറസ്റ്റിലായത് 6000 കോടിയുടെ മഹാദേവ് ബെറ്റിങ് ആപ്പ് തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരൻ
പ്രതിദിനം 250 കോടി വരുമാനം, 3500 സ്റ്റാഫ്, താമസിക്കാൻ ദുബൈയിൽ 20 വില്ല...; ഒടുവിൽ ബെറ്റിങ് രാജാവ് സൗരഭ് ചന്ദ്രാകർ ഒമാനിൽ അറസ്റ്റിൽ
cancel

ന്യൂഡൽഹി/മസ്കത്ത്: ക്രിക്കറ്റ്, ടെന്നീസ്, ഫുട്ബാൾ, ബാഡ്മിന്റൺ എന്നിവയുൾപ്പെടെയുള്ള കായിക മത്സരങ്ങളുടെയും തെരഞ്ഞെടുപ്പ് ഫലങ്ങളുടെയും പേരിൽ ഇന്ത്യയിൽ വ്യാപകമായി ഓൺലൈൻ ചൂതാട്ടം നടത്തി 6,000 കോടി രൂപയുടെ ‘മഹാദേവ് ബെറ്റിങ് ആപ്പ്’ തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരൻ സൗരഭ് ചന്ദ്രാകർ ഒമാനിൽ പിടിയിലായതായി ഇന്ത്യൻ അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചു. വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ഒമാനിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് ഇയാൾ റോയൽ ഒമാൻ പൊലിസിന്റെ അറസ്റ്റിലായത്.

ഇയാളെ ഇന്ത്യയിലേക്ക് ഉടൻ വിട്ടുനൽകാനുള്ള നയതന്ത്ര നടപടികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) വിദേശകാര്യ മന്ത്രാലയവും സംയുക്തമായി ആരംഭിച്ചിട്ടുണ്ട്.. ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് റോയൽ ഒമാൻ പൊലീസ് സൗരഭ് ചന്ദ്രാകറിനെ ജൂൺ അവസാന വാരത്തിൽ കസ്റ്റഡിയിലെടുത്തത്. 2019 മുതൽ ഒളിവിൽ കഴിയുന്ന ഇയാൾ യു.എ.ഇയിൽ 2024ൽ പിടിയിലായിരുന്നു.

എന്നാൽ, ഇയാളെ ഇന്ത്യക്ക് കൈമാറിയിരുന്നില്ല. പിന്നീട്, വിട്ടയക്കുകയും ചെയ്തു. ഒരു തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തുനിന്ന് സംഘടിപ്പിച്ച വ്യാജ പാസ്​പോർട്ട് ഉപയോഗിച്ചായിരുന്നു ഇയാൾ സഞ്ചരിച്ചിരുന്നത്. ഒമാനും ഇന്ത്യയുംതമ്മിൽ സൗഹൃദപരമായ ബന്ധം തുടരുന്നതിനാൽ സൗരഭിനെ ഉടൻ ശെകമാറുമെന്നാണ് പ്രതീക്ഷ. ഇതിനു പുറമെ, ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് ഒമാനിലുണ്ട്.

2019ൽ ദുബൈയിലേക്ക് കടന്ന സൗരഭ് ചന്ദ്രാകറും കൂട്ടാളി രവി ഉപ്പലും ചേർന്നാണ് ഈ ചൂതാട്ട സാമ്രാജ്യം നിയന്ത്രിച്ചിരുന്നത്. വാട്‌സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകൾ വഴി സാധാരണക്കാരെയും യുവാക്കളെയും ആകർഷിച്ച്, വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴിയായിരുന്നു പണമിടപാടുകൾ നടത്തിയിരുന്നത്. തുടക്കത്തിൽ ചെറിയ ലാഭം നൽകി വിശ്വസിപ്പിച്ച ശേഷം വലിയ തുക പന്തയം വെക്കുമ്പോൾ സോഫ്റ്റ്‌വെയർ കോഡിംഗിൽ മാറ്റം വരുത്തി പണം പൂർണമായി തട്ടിയെടുക്കുന്നതായിരുന്നു ഇവരുടെ തട്ടിപ്പ് രീതി.

ഇങ്ങനെ സമാഹരിക്കുന്ന കോടിക്കണക്കിന് രൂപ ഹവാല ചാനലുകളും ക്രിപ്‌റ്റോകറൻസിയും വഴി ദുബൈയിലേക്ക് കടത്തുകയും, പിന്നീട് വ്യാജ വിദേശ നിക്ഷേപങ്ങളായി (എഫ്.പി.ഐ) ഇന്ത്യൻ ഓഹരി വിപണിയിലേക്ക് തിരികെ ഇറക്കി പണം വെളുപ്പിക്കുകയും ചെയ്തു. വിവിധ നഗരങ്ങളെ ​കേന്ദ്രീകരിച്ച് 3200 ബെറ്റിങ് പാനലുകൾ സംഘം നടത്തുന്നതായാണ് വിവരം. പ്രതിദിനം 240 കോടി രൂപ വരെ ഈ സംഘം വരുമാനമുണ്ടാക്കിയിരുന്നതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ദുബൈയിൽ സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന 3500 സ്റ്റാഫിന് താമസിക്കാനായി മാത്രം 20 വില്ലകളാണ് വാടകക്കെടുത്തിരുന്നത്.

2023 ഫെബ്രുവരിയിൽ യു.എ.ഇയിൽ വെച്ച് സൗരഭ് ചന്ദ്രാകർ നടത്തിയ 200 കോടി രൂപയുടെ ആഡംബര വിവാഹത്തോടെയാണ് ഈ കേസ് മാധ്യമശ്രദ്ധ നേടുന്നത്. ഈ വിവാഹച്ചടങ്ങിൽ പങ്കെടുത്തതിനും ആപ്പ് പ്രൊമോട്ട് ചെയ്തതിനും ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ, ശ്രദ്ധ കപൂർ എന്നിവരെയടക്കം ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഛത്തീസ്ഗഢിലെ രാഷ്ട്രീയ നേതാക്കൾക്കും ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കും കേസ് ഒതുക്കാൻ കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതു സംബന്ധിച്ച് സി.ബി.ഐ അന്വേഷണവും നടക്കുന്നുണ്ട്. ഒമാനിൽ വെച്ചുള്ള ചന്ദ്രാകറിന്റെ അറസ്റ്റ് കേസ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവാകും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Daily profit of 250 crores, 3500 staff, 20 villas in Dubai to live in...; Betting king Saurabh Chandrakar finally arrested in Oman
Next Story