കസ്റ്റമറെ പങ്കിടുന്ന കാര്യത്തില്‍ തർക്കം; മത്ര പോര്ബമ്പ സൂഖിൽ കൈയാങ്കളിയും അടിപിടിയും
text_fieldsമത്ര: കസ്റ്റമറെ പങ്കിടുന്ന കാര്യത്തില്‍ സൂഖിലെ കച്ചവടക്കാര്‍ തമ്മില്‍ കൈയാങ്കളിയും അടിപിടിയും. മത്ര പോര്ബമ്പ സൂഖിലെ വ്യാപാരികള്‍ തമ്മിലാണ് കഴിഞ്ഞദിവസം തര്‍ക്കവും തല്ലും നടന്നത്.
തൊട്ടടുത്തുള്ള കച്ചവടക്കാരായ ഇറാനിയും കശ്മീരിയുമാണ് കസ്റ്റമറെ വിളിച്ചു കടയില്‍ കയറ്റുന്ന വിഷയത്തില്‍ അടിപിടി നടത്തിക്കളഞ്ഞത്. ഇറാനി കൈയില്‍ കിട്ടിയ ഇരുമ്പ് ദണ്ഡ് ആയുധമാക്കി കശ്മീരിയെ നേരിട്ടപ്പോള്‍ കൈയാങ്കളി ചോരക്കളിയായി മാറുകയായിരുന്നു.
ഇരുമ്പ് ആയുധം കൊണ്ടുള്ള അടിയില്‍ കശ്മീരിയുടെ തല പൊട്ടി തുന്നലിടേണ്ടിയും വന്നു. മത്ര പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ജോലി ചെയ്ത് കുടുംബം പോറ്റാന്‍ വന്ന സ്ഥലത്തുവെച്ച് കൈയൂക്കും അടിപിടിയും കാണിക്കാനിറങ്ങിയതിന് ശിക്ഷയായി രണ്ടുപേര്‍ക്കും ഒരു ദിവസത്തെ ജയില്‍ ശിക്ഷയും ഇനി ആവര്‍ത്തിക്കരുതെന്ന താക്കീതോടെ വിട്ടയക്കുകയും ചെയ്തു.

