അറേബ്യൻ പുള്ളിപ്പുലി സംരക്ഷണം; ഒമാൻ ആദ്യത്തെ മൊബൈൽ വെറ്ററിനറി ക്ലിനിക് ആരംഭിച്ചു
text_fieldsസലാല: വംശനാശഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപ്പുലിയെ സംരക്ഷിക്കുന്നതിനായി ഒമാൻ ആദ്യത്തെ മൊബൈൽ വെറ്ററിനറി ക്ലിനിക് ആരംഭിച്ചു. മേഖലയിലെ ആദ്യത്തെ മൊബൈൽ വെറ്ററിനറി ക്ലിനിക് ദോഫാർ ഗവർണറേറ്റിലാണ് ഉദ്ഘാടനം ചെയ്തത്. അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളാൽ സജ്ജീകരിച്ചിരിക്കുന്ന മൊബൈൽ യൂനിറ്റ് ദ്രുത ഫീൽഡ് ഇടപെടലിനായി രൂപകൽപന ചെയ്തതാണ്. കൂടാതെ പ്രത്യേക വെറ്ററിനറി ടീമിന്റെ പിന്തുണയും ഉണ്ടായിരിക്കും. ദോഫാറിന്റെ സമൂഹങ്ങൾക്കുള്ളിൽ ദീർഘകാല സംരക്ഷണശേഷി ഉറപ്പാക്കി വന്യജീവി സംരക്ഷണത്തിലും കൈകാര്യം ചെയ്യലിലും പ്രാദേശിക വൈദഗ്ധ്യം വളർത്തിയെടുക്കുന്നതിനുള്ള പരിശീലന പരിപാടികളും ക്ലിനിക് നടത്തും.
മൊബൈൽ വെറ്ററിനറി ക്ലിനിക്കിന്റെ ഉദ്ഘാടനചടങ്ങിൽനിന്ന്
അറേബ്യൻ ലെപ്പേർഡ് ഫണ്ടും ഒമാൻ പരിസ്ഥിതി അതോറിറ്റിയും സഹകരിച്ചാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഈ തന്ത്രപരമായ പങ്കാളിത്തം അറേബ്യൻ പുള്ളിപ്പുലിയെയും അതിന്റെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിനുള്ള ഒമാന്റെ പതിറ്റാണ്ടുകളായി നടത്തുന്ന ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്ന് ഉദ്ഘാടനവേളയിൽ സംസാരിച്ച പരിസ്ഥിതി അതോറിറ്റി ചെയർമാൻ ഡോ. അബ്ദുല്ല ബിൻ അലി അൽ അമ്രി പറഞ്ഞു. ഞങ്ങളുടെ ഫീൽഡ് കഴിവുകൾക്ക് ഗുണപരമായ കൂട്ടിച്ചേർക്കലാണ് ഈ ക്ലിനിക്. പ്രകൃതി സംരക്ഷണകേന്ദ്രങ്ങൾ, വേട്ടയാടൽവിരുദ്ധ നിയമങ്ങൾ, കാമറ ട്രാപ്പുകൾ പോലുള്ള ആധുനിക നിരീക്ഷണസാങ്കേതികവിദ്യകൾ ഉപയോഗിച്ച് പുള്ളിപ്പുലിസംരക്ഷണത്തിന് മികച്ച നടപടികളാണ് ഒമാന്റെ നേതൃത്വത്തിൽ നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക സഹകരണത്തിന്റെ മാതൃകയാണ് ഈ സംരംഭമെന്ന് ഒമാനിലെ സൗദി അറേബ്യയുടെ അംബാസഡർ ഇബ്രാഹിം ബിൻ സാദ് ബിൻ ബിഷാൻ പറഞ്ഞു. പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിന് നവീകരണവും അന്താരാഷ്ട്ര സഹകരണവും പ്രയോജനപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യയുടെയും അറേബ്യൻ ലെപ്പേർഡ് ഫണ്ടിന്റെയും പ്രതിബദ്ധത ഈ ക്ലിനിക് ഉൾക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയതാണ് അറേബ്യൻ പുള്ളിപ്പുലിയെ.ഇതിന്റെ എണ്ണം 120ൽ താഴെയാണെന്നാണ് കണക്കാക്കുന്നത്. അറേബ്യൻ ഉപദ്വീപിലെ അതിന്റെ അവസാനത്തെ പ്രകൃതിദത്ത ആവാസവ്യവസ്ഥകളിൽ ഒന്നാണ് ദോഫാർ. സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്നതിലും പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിലും ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച്, സ്കൂളുകളെയും പ്രാദേശിക സമൂഹങ്ങളെയും ലക്ഷ്യം വെച്ചുള്ള ഗവേഷണ പരിപാടികൾ, മനുഷ്യശേഷി വർധിപ്പിക്കൽ, ബോധവത്കരണ കാമ്പയിനുകൾ എന്നിവയും പങ്കാളിത്തത്തിൽ ഉൾപ്പെടും.2020ൽ സ്ഥാപിതമായ അറേബ്യൻ ലെപ്പേർഡ് ഫണ്ട് വംശനാശം തടയുന്നതിനും സുസ്ഥിരത മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പ്രാദേശികവും അന്തർദേശീയവുമായ സംരംഭങ്ങളെ പിന്തുണക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

