അറേബ്യന്‍ ഗള്‍ഫ് കപ്പ്; ഗെറ്റ്, സെറ്റ്, ഒമാൻ
text_fieldsമസ്കത്ത്: കുവൈത്തിൽ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പിനുള്ള ഒമാൻ ടീമിനെ പ്രഖ്യാപിച്ചു. പരിചയ സമ്പന്നതക്കൊപ്പം പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകിയാണ് കോച്ച് റശീദ് ജാബിർ പ്രഖ്യാപിച്ച ടീം.
വിവിധ പൊസിഷനുകളില്‍ കളിക്കുന്ന സീനിയര്‍ താരങ്ങളായ മുഹമ്മദ് അള് മുസ്ലമീ, അഹമദ് അല്‍ ഖമീസി, ഹാരിബ് അള് സഅ്ദി, അബ്ദുല്ല ഫവാസ്, ജമീല്‍ അല്‍ യഹ്മദി, ഉസാം അല്‍ സ്വബ്ഹി, അഹമദ് അല്‍ കഅ്ബീ, അലീ അല്‍ ബുസൈദി, സാഹിര്‍ അദ്ദഗ്ബരി, സലാഹ് അല്‍ യഹ്യാ ഈ എന്നിവര്‍ക്കൊപ്പം പുതുമുഖ താരങ്ങളായ ഖാനിം അല്‍ ഹബ്ശീ, അല്‍ ഫാരിജ് അല്‍ കിയൂമി, സാനീ അല്‍ റശീദി, ആഹിദ് അല്‍ മശാഖീ, മുല്‍ഹം അല്‍ സന്ദീ എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഗോള്‍കീപ്പറായി ഇബ്റാഹിം അല്‍ മുഖൈനി, ഫായില്‍ അല്‍ റശീദി എന്നിവര്‍ക്കൊപ്പം പുതുമുഖ താരം ഇബ്റാഹിം അല്‍ റാജിഇയും സ്ക്വാഡില്‍ ഇടം നേടി. മസ്കത്തിൽ നടന്ന പരിശീലന ക്യാമ്പിലും യമനെതിരെ നടന്ന സൗഹൃദ മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയവരെയാണ് ടീമിൽ ഉൾപ്പെടുത്തതിയിരിക്കുന്നത്. ഒമാന്റെ ഒളിമ്പിക്, അണ്ടര്‍ 20 ടീമുകളില്‍ നിന്നുള്ളവരാണ് യുവതാരങ്ങൾ. സമീപകാലങ്ങളില്‍ താരങ്ങള്‍ നടത്തിയ മികച്ച പ്രകടനമാണ് ദേശീയ ടീമിലേക്ക് ഇവർക്ക് വാതിൽ തുറന്നത്.
അറേബ്യൻ ഗൾഫ് കപ്പിൽ ആതിഥേയരായ കുവൈത്ത്, ഖത്തർ, യു.എ.ഇ എന്നിവയ്ക്കൊപ്പം ഗ്രൂപ് എയിലാണ് ഒമാൻ. ഗ്രൂപ് ബിയിൽ നിലവിലെ ചാമ്പ്യന്മാരായ ഇറാഖിനോടൊപ്പം സൗദി അറേബ്യ, ബഹ്റൈൻ, യമൻ എന്നിവരുമാണുള്ളത്.
ഡിസംബർ 21 ന് ഉദ്ഘാടന മത്സരത്തിൽ കുവൈത്തിനെതിരെ ഒമാന്റെ ആദ്യ മത്സരം. 24ന് ഖത്തറിനെതിരെയും 27ന് യു.എ.ഇക്കെതിരയെുമാണ് ഒമാന്റെ ഗ്രൂപ് ഘട്ട മത്സരങ്ങൾ വരുന്നത്. കഴിഞ്ഞ വർഷം കൈവിട്ടുപോയ അറേബ്യൻ ഗൾഫ് കപ്പ് തിരിച്ച് പിടിക്കാനുള്ള ഒരുക്കത്തിലാണ് ഒമാൻ. കഴിഞ്ഞ വർഷം മികച്ച കളി പുറത്തെടുത്തിരുന്നുവെങ്കിലും ഇറാഖിനോട് അടിയറവ് പറയുകയായിരുന്നു.
ബസ്റ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന കലാശക്കളിയിൽ 3-2നാണ് പൊരുതിതോറ്റത്. ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമാകാൻ സാധ്യതയില്ല. അതേസമയം, തങ്ങളുടേതായ ദിവസങ്ങളിൽ ആരെയും അട്ടിമറിക്കാൻ കെൽപ്പുള്ളവരാണ് റെഡ്വാരിയേഴ്സ്. അതുകൊണ്ടുതന്നെ ടീം അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ആരാധകർ.

