അറേബ്യൻ ഗൾഫ് കപ്പ്;കിരീടം തേടി ഒമാൻ ഇന്ന് കളത്തിൽ
text_fieldsഒമാൻ ടീം അംഗങ്ങൾ
ആതിഥേയരായ ഇറാഖാണ് എതിരാളികൾ, മത്സരം രാത്രി എട്ടുമണിക്ക്
മസ്കത്ത്: അറേബ്യൻ ഫുട്ബാൾ സിംഹാസനത്തിന്റെ കനക കിരീടം ലക്ഷ്യമിട്ട് ഒമാൻ വ്യാഴാഴ്ച ഇറങ്ങും. ബസ്റ ഇന്റർ നാഷനൽ സ്റ്റേഡിയത്തിൽ രാത്രി എട്ടിന് നടക്കുന്ന ഫൈനലിൽ ആതിഥേയരായ ഇറാഖാണ് എതിരാളികൾ. നിലവിലെ ജേതാക്കളും ടൂർണമെന്റിലെ കരുത്തരുമായ ബഹ്റൈനെ സെമിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് ഫ്രാങ്കോ ഇവാങ്കോവിച്ചിന്റെ കുട്ടികൾ ഫൈനലിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഒമാന്റെ അഞ്ചാമത്തെ ഫൈനൽ പ്രവേശനമാണിത്. 2004, 2007, 2009, 2018 വർഷങ്ങളിലാണ് ഇതിനു മുമ്പ് ഫൈനലിലെത്തിയത്. 2009ലും 2017-2018 സീസണിലും ജേതാക്കളാവുകയും ചെയ്തു. അതേസമയം ഖത്തറിനെ 2-1ന് തകർത്താണ് ആതിഥേയർ ഫൈനലിലേക്ക് ബൂട്ട് കെട്ടി ഇറങ്ങുന്നത്. ഗ്രൂപ് ഘട്ടത്തിൽ നടന്ന മത്സരത്തിൽ തുല്യപോയന്റുമായാണ് ഇറാഖും ഒമാനും സെമിയിൽ പ്രവേശിച്ചത്. ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ ആതിഥേയർ ഗ്രൂപ് ചാമ്പ്യന്മാരാകുകയായിരുന്നു ആദ്യ കളിയിൽ ഇറാഖിനോട് സമനില വഴങ്ങിയെങ്കിലും യമനിനെ 3-2നും സൗദിയെ 2-1നും തകർത്താണ് ചെമ്പട സെമിയിൽ സ്ഥാനമുറപ്പിച്ചത്. എന്നാൽ, ആദ്യകളിയിലെ സമനിലക്ക് ശേഷം യമനെ 5-0നും സൗദിയെ 2-0നും തോൽപ്പിച്ചാണ് ഇറാഖ് സെമി ബർത്തുറപ്പിച്ചത്. ഇറാഖിന്റെ അഞ്ചാമത്തെ ഫൈനൽ പ്രവേശനമാണിത്. എന്നാൽ, 2000ന് മുമ്പായിരുന്നു മറ്റ് നാലെണ്ണവും. മുമ്പ് കളിച്ച നാലു ഫൈനലുകളിൽ രണ്ടെണ്ണവും തോറ്റത് ആതിഥേയർക്ക് മുന്നിലാണെന്നുള്ളത് ഒമാന്റെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്ന കാര്യമാണ്.
സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നുവെന്ന ആനുകൂല്യമായാണ് ഇറാഖ് ഇന്നിറങ്ങുക. എന്നാൽ, ആദ്യം ഗോൾ സ്കോർ ചെയ്ത് ആതിഥേയരെ സമ്മർദത്തിലാക്കാനായിരിക്കും ഒമാൻ ശ്രമിക്കുക. ടീമിന്റെ മുൻനിരയും പ്രതിരോധ നിരയും മികച്ച രീതിയിൽ പന്ത് തട്ടുന്നുവെന്നുള്ളത് ഒമാന് ഗുണം നൽകുന്ന കാര്യമാണ്. ടൂർണമെന്റിലുടനീളം മികച്ച ഫോമിലാണ് ഗോൾ കീപ്പര് ഇബ്റാഹിം അല് മുഖൈനി.
ഇദ്ദേഹത്തെ കീഴടക്കാൻ ഇറാഖിന്റെ ഇബ്റാഹിം ബയേഷും അയ്മന് ഹുസൈനും അംജദ് അത്വാനും നയിക്കുന്ന മുന്നേറ്റനിര നന്നായി വിയർപ്പൊഴുക്കേണ്ടി വരും. സെമിയിൽ കളിച്ച ഒമാൻ ടീമിൽ കൂടുതൽ മാറ്റങ്ങളൊന്നും വരുത്താൻ ഫ്രാങ്കോ ഇവാങ്കോവിച്ച് തയാറാകാൻ സാധ്യതയില്ല. ആദ്യ റൗണ്ടിലടക്കം ടൂർണമെന്റിൽ ഒമ്പത് ഗോളുകൾ അടിച്ച് കൂട്ടിയ ഇറാഖി താരങ്ങളെ കത്രികപ്പൂട്ടിൽ വരിഞ്ഞ് മുറുക്കുന്ന തന്ത്രങ്ങളായിരിക്കും ഒമാൻ കോച്ച് ഒരുക്കുക. വാർത്തസമ്മേളനത്തിൽ ടീമിന്റെ പ്രകടനത്തിൽ സംതൃപ്തി രേഖപ്പെടുത്തിയ കോച്ച്, കപ്പ് നേടാൻ സാധിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. അതേസമയം, ഒമാൻ തന്ത്രങ്ങളെ മറികടക്കാൻ പുത്തൻ അടവുകളുമായിട്ടായിരിക്കും ജീസസ് കാസസ് എന്ന സ്പാനിഷ് കോച്ച് ഇറാഖിനെ കളത്തിലിറക്കുക. ടീമിന് പിന്തുണയുമായി നിരവധി ആരാധകർ ബസ്റയിൽ എത്തിയിട്ടുണ്ട്. ഇത് ടീമിന് കരുത്തുപകരുമെന്നാണ് കരുതുന്നത്.
സൗജന്യ ടിക്കറ്റ് ; ആരാധകർ ഒഴുകും
മസ്കത്ത്: വ്യാഴാഴ്ച നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പിന്റെ ഫൈനൽ കാണാൻ ആരാധകർക്ക് സൗജന്യ വിമാന ടിക്കറ്റൊരുക്കി സാംസ്കാരിക, കായിക, യുവജന മന്ത്രാലയം. ഒമാൻടെൽ, ഒക്യു എന്നിവയുടെ സഹകരണത്തോടെയാണ് സൗകര്യമൊരുക്കിയിരുന്നത്. ബുക്ക് ചെയ്യാൻ ലിങ്കും ലഭ്യമാക്കിയിരുന്നു. എന്നാൽ, ആരാധകരുടെ തള്ളിച്ച കാരണം ആദ്യമണിക്കൂറുകളിൽതന്നെ ബുക്കിങ് പൂർണമാകുകയായിരുന്നു. ആരാധകരുടെ സാന്നിധ്യം ഒമാനും കരുത്തുപകരുന്നതായിരിക്കും. വ്യാഴാഴ്ച പുലർച്ചെ ആരാധകരുമായി വിമാനം ഇറാഖിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

