അറബ് സർവകലാശാല റാങ്കിങ്; സുൽത്താൻ ഖാബൂസ് സർവകലാശാല മൂന്നാമത്
text_fieldsസുൽത്താൻ ഖാബൂസ് സർവകലാശാല കാമ്പസ്
മസ്‌കത്ത്: ഒമാനിലെ സർക്കാർ സർവകലാശാലയായ സുൽത്താൻ ഖാബൂസ് സർവകലാശാല (എസ്.ക്യു.യു) 2025ലെ അറബ് സർവകലാശാല റാങ്കിങ്ങിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ജോർഡനിലെ അമ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് അറബ് യൂനിവേഴ്‌സിറ്റിസ് ആണ് ഈ റാങ്കിങ് തയാറാക്കുന്നത്.
അറബ് ലീഗ് എജുക്കേഷനൽ, കൾചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷൻ (എ.എൽ.ഇ.സി.എസ്.ഒ), അറബ് സയന്റിഫിക് റിസർച്ച് കൗൺസിലുകളുടെ ഫെഡറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് മൂല്യനിർണയം നടത്തുന്നത്.
ഓട്ടോമേറ്റഡ് ഡേറ്റ പ്രോസസിങ്ങും വർഗീകരണ സംവിധാനവും ആശ്രയിച്ചുള്ള നിഷ്പക്ഷ മൂല്യനിർണയ രീതിയാണ് ഈ റാങ്കിങ്ങിന്റെ പ്രത്യേകത. പഠന-അധ്യാപന നിലവാരം, ശാസ്ത്രീയ ഗവേഷണ ഉൽപാദനക്ഷമത, പ്രാദേശിക -അന്താരാഷ്ട്ര സഹകരണം, സാമൂഹിക സേവനം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് നിശ്ചയിച്ചത്. റാങ്കിങ്ങിന്റെ മൂന്നാം പതിപ്പായ ഇത്തവണത്തെ സുൽത്താൻ ഖാബൂസ് സർവകലാശാല ആദ്യമായാണ് പങ്കെടുത്തത്.
കർശനമായ മാനദണ്ഡങ്ങൾ പാലിച്ച് 20 അറബ് രാജ്യങ്ങളിൽനിന്നുള്ള 236 സർവകലാശാലകളിൽ മൂന്നാം സ്ഥാനം നേടാനായത് സർവകലാശാലയുടെ വളർച്ചയെയും അക്കാദമിക് രംഗത്തെ മത്സരശേഷിയെയുമാണ് പ്രകടമാക്കുന്നത്.
വിദ്യാഭ്യാസ -ഗവേഷണ മേഖലയിലെ മുൻനിര സ്ഥാപനമെന്ന നില ശക്തിപ്പെടുത്തുന്ന ഈ നേട്ടം, ഗവേഷണ-നവീകരണ രംഗം ശക്തിപ്പെടുത്തുകയും പ്രാദേശികവും അന്താരാഷ്ട്രവുമായ സഹകരണം വിപുലീകരിക്കുകയും ചെയ്യുന്ന ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്നതായും അധികൃതർ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

