അറബ് റേഡിയോ ആൻഡ് ടെലിവിഷൻ ഫെസ്റ്റിവൽ
text_fieldsതുനീഷ്യയിൽ നടന്ന അറബ് റേഡിയോ ആൻഡ് ടെലിവിഷൻ ഫെസ്റ്റിവലിൽ ഒമാൻ അധികൃതർ അവാർഡ് ഏറ്റുവാങ്ങുന്നു
മസ്കത്ത്: തുനീഷ്യയിൽ നടന്ന അറബ് റേഡിയോ ആൻഡ് ടെലിവിഷൻ ഫെസ്റ്റിവലിൽ ആറ് അവാർഡുകൾ നേടി ഒമാൻ. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് ഫെസ്റ്റിവലിൽ ഇൻഫർമേഷൻ മന്ത്രാലയമാണ് പങ്കെടുത്തത്.‘ഷാഡോസ് ഓഫ് മേഴ്സി’ എന്ന പരിപാടി രണ്ട് സ്വർണ മെഡലുകളാണ് സ്വന്തമാക്കിയത്.
ഖാലിദ് അൽ-ഹജ്രി തയാറാക്കിയ പരിപാടി ഖാലിദ് അൽ-സലാമിയാണ് അവതരിപ്പിച്ചത്. സംവിധാനം അസദ് അൽ റൈസിയാണ്. വെർച്വൽ റിയാലിറ്റിയെയും യുവാക്കൾക്കായുള്ള സാങ്കേതിക വിദ്യാധിഷ്ഠിത തൊഴിലവസരങ്ങളെയും ഭാവിയെയും കുറിച്ചുള്ള എപ്പിസോഡുകൾക്ക് യൂത്ത് ആൻഡ് എംപ്ലോയ്മെന്റ് ഓപ്പർച്യൂണിറ്റീസ് പ്രോഗ്രാം വിഭാഗത്തിൽ ഇതേ പ്രോഗ്രാം സ്വർണം നേടി. അനസ് അൽ-മഷ്ഫിരിയും ഖാലിദ് അൽ-ബദാഇയും ചേർന്നാണ് ഈ സെഗ്മെന്റ് തയാറാക്കിയത് .
പരിസ്ഥിതി, ഊർജം, സമ്പദ്വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ നിർമിത ബുദ്ധിയുടെ വർധിച്ചുവരുന്ന സ്വാധീനം പര്യവേക്ഷണം ചെയ്യുന്ന ‘മജ്റ’ എന്ന ശാസ്ത്ര പരിപാടി ഒമാന് വെള്ളിയും നേടിക്കൊടുത്തു. അഹമ്മദ് അൽ കൽബാനി നിർമിച്ച ഈ പരിപാടി അസദ് അൽ റൈസിയാണ് സംവിധാനം ചെയ്തത്.
മനുഷ്യക്കടത്തിലും അവയവ വ്യാപാരത്തിലും ഉൾപ്പെട്ടിരിക്കുന്ന ക്രിമിനൽ ശൃംഖലകളെക്കുറിച്ച് വെളിച്ചം വീശുന്ന, ശക്തമായ പ്രതിരോധ നടപടികളുടെ ആവശ്യകതയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ‘വിത്തൗട്ട് ഐഡന്റിറ്റി’ എന്ന ഡോക്യുമെന്ററി വെള്ളിയും നേടി. സംഗീത, പ്രകടന വിഭാഗങ്ങളിൽ അബ്ദുൽ ഹമീദ് അൽ കിയുമി അവതരിപ്പിച്ച ‘മൗതാൻ അൽ ജലാൽ’ എന്ന ഗാനത്തിന് അറബ് ഗാന മത്സരത്തിൽ ഒമാൻ രണ്ടാം സ്ഥാനം നേടി. ഹിഷാം അൽ സഖ്രിയുടെ രചനക്ക് അസദ് അൽ റൈസിയാണ് സംഗീതം നൽകിയത്.
ടി.വി ടോക്ക് ഷോ വിഭാഗത്തിൽ ഒമാൻ ടി.വിയുടെ ‘റംസ’ എന്ന പരിപാടി വെള്ളി നേടി. മുഹമ്മദ് അൽ ദബൗനി തയാറാക്കിയ പരിപാടിയുടെ അവതാരകൻ ഫഹദ് അൽ മഷായ്ഖി ആണ്. സയീദ് തമാനാണ് സംവിധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

