അറബ് ഗള്‍ഫ് കപ്പ് ഒമാന്‍ ടീം ഇറാഖിൽ
text_fieldsമസ്കത്ത്: അറബ് കപ്പിൽ പങ്കെടുക്കാനായി ഒമാൻ ടീം ഇറാഖിലെത്തി. കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ചിനു കീഴിലാണ് 23 അംഗ സംഘം ഇറാഖിലെത്തിയിരിക്കുന്നത്. ബസറയിൽ നടക്കുന്ന അറബ് കപ്പിന് മുന്നോടിയായി മസ്കത്തിലും ദുബൈയിലും ടീം ക്യാമ്പുകൾ നടത്തിയിരുന്നു. ഇത് പൂർത്തിയാക്കിയാണ് ടീം അംഗങ്ങൾ ബസ്റയിലെത്തിയിട്ടുള്ളത്. മികച്ച ഫോമിലാണ് ടീം എന്നുള്ളത് അറബ് കപ്പിൽ ഒമാന്‍ പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണ്. കഴിഞ്ഞ മാസം ദുബൈയിൽ സിറിയക്കെതിരെ നടന്ന രണ്ടു സന്നാഹമത്സരത്തിലും റെഡ് വാരിയേഴ്സ് വിജയിച്ചിരുന്നു. ആദ്യകളിയിൽ 2-1നും രണ്ടാമത്തേതിൽ ഏകപക്ഷീയമായ ഒരു ഗോളിനുമാണ് സിറിയയെ തോൽപിച്ചത്. ലോകകപ്പിനു മുന്നോടിയായി ഒമാനിലെത്തിയ ജർമനിയെ വിറപ്പിക്കുകയും ചെയ്തിരുന്നു. കളിയിൽ ഒരു ഗോളിന് ജർമനി കഷ്ടിച്ച് ജയിച്ചുകയറുകയായിരുന്നു.
അറബ് കപ്പിൽ ജനുവരി ആറിനാണ് ഒമാന്റെ ആദ്യ മത്സരം. ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരമായ അന്ന് ആതിഥേയരായ ഇറാഖാണ് എതിരാളികള്‍. ബസ്റ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി 7.45നാണ് മത്സരം. രണ്ടാം മത്സരത്തില്‍ രാത്രി 10.30ന് സൗദി യമനുമായി ഏറ്റുമുട്ടും. ഗ്രൂപ് എയില്‍ ആതിഥേയർക്കു പുറമെ ഒമാന്‍, യമന്‍, സൗദി അറേബ്യ എന്നീ ടീമുകളാണുള്ളത്. ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, യു.എ.ഇ എന്നിവരാണ് ഗ്രൂപ് ബിയില്‍.
ജനുവരി ഒമ്പതിന് യമനുമായും 12ന് സൗദിയുമായാണ് ഒമാന്റെ അടുത്ത മത്സരങ്ങള്‍. രണ്ടു ഗ്രൂപ്പുകളില്‍നിന്നും ആദ്യ രണ്ടു സ്ഥാനക്കാര്‍ വീതം സെമിയിലെത്തും. ജനുവരി 16നാണ് സെമി പോരാട്ടം. 19നാണ് ഫൈനല്‍. അറബ് ഗള്‍ഫ് കപ്പിന്റെ 25ാമത് പതിപ്പാണ് ഇറാഖിൽ നടക്കുന്നത്. കഴിഞ്ഞ തവണ ഖത്തറിൽ നടന്ന ഗൾഫ് കപ്പിൽ ബഹ്റൈനായിരുന്നു കിരീടം ചൂടിയത്. 2009ലും 2017-2018 സീസണിലും ഒമാന്‍ കിരീടം നേടിയിരുന്നു.

