ഒമാനിൽ അറബ് പരിസ്ഥിതി ദിനം ആചരിച്ചു
text_fieldsമസിറ പരിസ്ഥിതികേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കടലാമ സംരക്ഷണ
ബോധവത്കരണ ക്ലാസിൽനിന്ന്
മസ്കത്ത്: ഒക്ടോബർ 14ന് അറബ് പരിസ്ഥിതി ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഒമാനിൽ പരിസ്ഥിതി അതോറിറ്റിയുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. ‘പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കുക’ എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം. പ്ലാസ്റ്റിക് മാലിന്യം തടയാൻ ലക്ഷ്യമിട്ട് ഒമാൻ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.
2024 ജൂലൈയിൽ ആരംഭിച്ച പ്ലാസ്റ്റിക് ഷോപ്പിങ് ബാഗ് നിരോധനം ഘട്ടംഘട്ടമായി നടപ്പാക്കുകയാണ് ഒമാൻ. ഈ നിരോധനം 2027 ജൂലൈയോടെ പൂർണ തോതിൽ പ്രാബല്യത്തിൽ വരും. ഇതിനുപുറമേ, കർശനമായ പരിസ്ഥിതി നയങ്ങൾ, മാലിന്യനിയന്ത്രണ സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ, പുനരുപയോഗ ഊർജ സ്രോതസ്സുകളിലേക്കുള്ള മാറ്റം എന്നിവക്കും പരിസ്ഥിതി അതോറിറ്റി മുൻഗണന നൽകുന്നുണ്ട്.
പ്ലാസ്റ്റിക് മലിനീകരണം തടയാൻ നിയമപരമായ നടപടികളും ശാസ്ത്രീയ ഗവേഷണങ്ങളും സാമൂഹിക പങ്കാളിത്തവും ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. കടൽപ്രദേശങ്ങളിലെ മൈക്രോ പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾ, സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ബോധവത്കരണ പരിപാടികൾ, സാമൂഹിക കാമ്പയിനുകൾ, വർഷംതോറും ബീച്ച് മേഖലകൾ വൃത്തിയാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ഇതോടൊപ്പം നടന്നുവരുന്നു.
പ്ലാസ്റ്റിക് മാലിന്യത്തിന്റെ റിസൈക്ലിങ്, പ്ലാസ്റ്റിക് വെള്ളക്കുപ്പികളുടെ ആരോഗ്യ-പരിസ്ഥിതി അപകടങ്ങൾ, ഗ്ലാസ് അല്ലെങ്കിൽ കാർഡ്ബോർഡ് പാക്കേജിങ് പോലുള്ള പാരിസ്ഥിതികസൗഹൃദ ബദലുകൾ എന്നിവയെക്കുറിച്ചുള്ള സെമിനാറുകളും വർക്ക്ഷോപ്പുകളും പരിസ്ഥിതി അതോറിറ്റി സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

