അറബ് ബുക്കർ പുരസ്കാര തിളക്കത്തിൽ സഹ്റാൻ അൽ ഖാസിമി
text_fieldsമസ്കത്ത്: അറബ് ബുക്കർ പുരസ്കാര നിറവിൽ ഒമാനി എഴുത്തുകാരൻ സഹ്റാൻ അൽ ഖാസിമി. ഇദ്ദേഹത്തിന്റെ ‘തഹ്രീബത്തുൽ ഖാഫിർ’ (ദി വാട്ടർ ഡിവൈനർ) എന്ന നോവലാണ് ഈ വർഷത്തെ അറബ് ബുക്കർ പ്രൈസ് നേടിയത്. കഴിഞ്ഞ ദിവസം അബൂദബിയിൽ നടന്ന ചടങ്ങിലാണ് പുരസ്കാര പ്രഖ്യാപിച്ചത്.
ഒമാനിലെ സാധാരണ ഗ്രാമവും അവിടുത്തെ പരമ്പരാഗത ജലസ്രോതസ്സായ ഫലജുകളെയും ചുറ്റിപ്പറ്റിയാണ് നോവൽ പുരോഗമിക്കുന്നത്. ജലവും പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആഖ്യാനമാണ് ഇദ്ദേഹം വായനക്കാർക്കായി തുറന്നുവെക്കുന്നത്. യാഥാർഥ്യവും മിഥ്യയും സമർഥമായി ഉപയോഗിക്കുന്ന നോവലിൽ കാവ്യാത്മകഭാഷ വായനയുടെ ഒഴുക്ക് വർധിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് ജൂറി വിലയിരുത്തി. ഒമാനിലെ വാദികളെയും ഫലജുകളെയും കുറിച്ച് എഴുത്തുകാരൻ വായനക്കാരെ പരിചയപ്പെടുത്തുന്നുണ്ട്.
1974ൽ ദിമാഅ് വത്വായീനിൽ ജനിച്ച സഹ്റാൻ അൽ ഖാസിമി കവി കൂടിയാണ്. ‘ജബൽ അശ്ശൂഅ്’ (2010), ‘അൽ ഖനാസ്’ (2014), ’ജൂഉൽ അസ്ൽ’(2017) എന്നിങ്ങനെ മൂന്ന് നോവലുകളും പത്ത് കവിത സമാഹാരങ്ങളും രചിച്ചിട്ടുണ്ട്.
അൽജീരിയയിൽനിന്നുള്ള സിദ്ദീഖ് ഹാജ് അഹമ്മദിന്റെ ‘മിന’, ലിബിയയിൽനിന്നുള്ള നജ്വ ബിൻഷത്വന്റെ ‘കൺസേർട്ടോ കുരിനോ എഡ്വാർഡോ’, ഈജിപ്തിൽനിന്നുള്ള മീറാൽ അൽ തഹാവിയുടെ ‘അയ്യാമു ശംസു വൽ മശ്രിഖ’, ഇറാഖിൽനിന്നുള്ള അസ്ഹർ സാർസിസിന്റെ ‘ദ സ്റ്റോൺ ഓഫ് ഹാപ്പിനസ്’, സൗദി അറേബ്യയിൽ നിന്നുള്ള ഫാത്തിമ അബ്ദുൽ ഹമീദിന്റെ ‘ദി ഹൊറൈസൺ: അൽ അല’ എന്നിങ്ങനെ ആറ് നോവലുകളായിരുന്നു അന്തിമ പട്ടികയിൽ ഇടം പിടിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

