അധിനിവേശ ജറൂസലമിൽ അനധികൃത എംബസി; സൊമാലിലാൻഡ് നടപടിയെ ശക്തമായി അപലപിച്ച് അറബ്-ഇസ്‍ലാമിക രാജ്യങ്ങൾ
text_fieldsമസ്കത്ത്: അധിനിവേശ ജറൂസലമിൽ അനധികൃതമായി എംബസി തുറക്കാനുള്ള സൊമാലിലാൻഡ് പ്രാദേശിക ഭരണകൂടത്തിന്റെ നീക്കത്തെ ശക്തമായി അപലപിച്ച് ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും അറബ്-സൗഹൃദ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും. ഒമാനു പുറമെ, സൗദി അറേബ്യ, ഖത്തർ, ഈജിപ്ത്, ജോർദാൻ, തുർക്കി, ഫലസ്തീൻ, ജിബൂട്ടി, സുഡാൻ, സോമാലിയ തുടങ്ങിയ രാജ്യങ്ങളാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത്. നിയമവിരുദ്ധവും അംഗീകരിക്കാൻ കഴിയാത്തതുമായ നടപടിയാണിതെന്ന് അറബ് മന്ത്രിമാർ വ്യക്തമാക്കി. ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ്. അതോടൊപ്പം, അധിനിവേശ ജറുസലേമിന്റെ നിയമപരവും ചരിത്രപരവുമായ പദവിക്ക് മേൽ നേരിട്ടുള്ള കടന്നുകയറ്റവുമാണ് ഈ നടപടിയെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി. അധിനിവേശ ജറുസലേമിൽ നിയമവിരുദ്ധമായ സാഹചര്യം സൃഷ്ടിക്കാനോ, അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും സംവിധാനങ്ങൾക്കും നിയമസാധുത നൽകാനോ ലക്ഷ്യമിട്ടുള്ള എല്ലാ ഏകപക്ഷീയമായ നടപടികളെയും പൂർണമായി തള്ളിക്കളയുന്നതായി വിദേശകാര്യമന്ത്രിമാർ പ്രഖ്യാപിച്ചു. കിഴക്കൻ ജറുസലേം 1967 മുതൽ അധിനിവേശ ഫലസ്തീൻ ഭൂപ്രദേശമാണെന്നും അതിന്റെ നിയമപരവും ചരിത്രപരവുമായ പദവി മാറ്റാൻ ലക്ഷ്യമിട്ടുള്ള ഏത് നടപടിയും അസാധുവാണെന്നും അതിന് ഒരു നിയമസാധുതയുമില്ലെന്നും മന്ത്രിമാർ ആവർത്തിച്ചു. അതേസമയം, ഫെഡറൽ റിപ്പബ്ലിക് ഓഫ് സോമാലിയയുടെ ഐക്യത്തിനും പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതക്കും അറബ് മന്ത്രിമാർ തങ്ങളുടെ പൂർണ പിന്തുണ അറിയിച്ചു. സോമാലിയൻ പ്രദേശങ്ങളുടെ ഐക്യത്തെ ഹനിക്കുന്നതോ അതിന്റെ പരമാധികാരത്തെ ഇല്ലാതാക്കുന്നതോ ആയ ഏതൊരു ഏകപക്ഷീയമായ നീക്കത്തെയും പൂർണമായി തള്ളിക്കളയുന്നതായും വിദേശകാര്യമന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
സൊമാലിയയിൽ നിന്നും സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച ‘സൊമാലിലാൻഡ്’ എന്ന പ്രദേശത്തിന്റെ അന്താരാഷ്ട്ര പദവിയെചൊല്ലി തർക്കം നിലനിൽക്കുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയോ ആഫ്രിക്കൻ യൂനിയനോ ലോകത്തിലെ മറ്റ് പ്രധാന രാജ്യങ്ങളോ സൊമാലിലാൻഡിനെ ഒരു സ്വതന്ത്ര രാജ്യമായി ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ലോകത്താദ്യമായി ഇസ്രായേലാണ് സൊമാലിലാൻഡിനെ ഒരു സ്വതന്ത്ര രാജ്യമായി ഔദ്യോഗികമായി അംഗീകരിച്ചത്. തുടർന്ന് അധിനിവേശ ജറുസലേമിൽ സൊമാലിലാൻഡ് എംബസി തുറക്കാൻ നീക്കം നടത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

