ഉന്നത വിദ്യാഭ്യാസത്തിന് അഭിരുചി മാനദണ്ഡമാക്കണം –അഹമ്മദ് റയീസ്
text_fieldsഇ.അഹമ്മദ് എഡ്യു എക്സലൻസ് അവാർഡ് മസ്കത്ത് കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് റയീസ് വിതരണം ചെയ്യുന്നു
മസ്കത്ത്: ഉന്നത വിദ്യാഭ്യാസത്തിനു മാർക്കും ഗ്രേഡുമല്ല മറിച്ച് വിദ്യാർഥികളുടെ അഭിരുചിയാണ് മാനദണ്ഡമാക്കേണ്ടതെന്ന് വിദ്യാഭ്യാസ പ്രവർത്തകനും മസ്കത്ത് കെ.എം.സി.സി പ്രസിഡന്റുമായ അഹമ്മദ് റയീസ് പറഞ്ഞു. മസ്കത്തിൽനിന്ന് ഈ വർഷം പത്ത്, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് മസ്കത്ത് കെ.എം.സി.സി വുമൺ ആൻഡ് ചിൽഡ്രൻ വിങ് ഏർപ്പെടുത്തിയ ഇ.അഹമ്മദ് എഡ്യു എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ വിദ്യാർഥിക്കും തന്റേതായ അഭിരുചിയുണ്ട്. എന്നാൽ അത് പ്രകടിപ്പിക്കാനുള്ള അവസരം നൽകാൻ രക്ഷിതാക്കൾക്ക് കഴിയണം. മുന്നോട്ടുള്ള യാത്രയിൽ അവസാനം വരെ കൂടെയുണ്ടാകും എന്നുള്ള സന്ദേശം മക്കൾക്ക് നൽകാൻ രക്ഷിതാക്കൾക്ക് കഴിയണമെന്നും അഹമ്മദ് റയീസ് കൂട്ടിച്ചേർത്തു.
റൂവി ഗോൾഡൻ തുലിപ്പ് ഹോട്ടലിൽനടന്ന അവാർഡ്ദാനച്ചടങ്ങിൽ മോട്ടിവേഷൻ സ്പീക്കറും കരിയർ ഗൈഡൻസ് ടീച്ചറുമായ ടി. മുജീബ് ക്ലാസെടുത്തു. ബദർ അൽ സമ മാനേജിങ് ഡയറക്ടർ ഡോ.പി.എ. മുഹമ്മദ്, മസ്കത്ത് കെ.എം.സി.സി സെക്രട്ടറി റഹീം വറ്റല്ലൂർ, ട്രഷറർ പി.ടി.കെ ഷമീർ, ഹുസൈൻ വയനാട്, കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ, ബദർ അൽസമ സി.ഇ.ഒ സമീർ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം സിറാജ് തുടങ്ങിയവർ പങ്കെടുത്തു. പവിത്ര രാജേഷ് മേനോൻ അവതരിപ്പിച്ച വയലിൻ കച്ചേരിയും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

