ആപ് അധിഷ്ഠിത ടാക്സി സേവനം കൂടുതൽ സ്ഥലങ്ങളിലേക്ക്
text_fieldsമസ്കത്ത്: വാണിജ്യകേന്ദ്രങ്ങൾ, ഹോട്ടലുകൾ, സുൽത്താൻ ഖാബൂസ് തുറമുഖം എന്നിവിടങ്ങളിൽ ടാക്സിസേവനങ്ങൾ നൽകാൻ ആപ് അധിഷ്ഠിത കമ്പനികൾക്ക് ഗതാഗത, വാർത്താവിനിമയ, വിവര-സാങ്കേതിക മന്ത്രാലയം (എം.ടി.സി.ഐ.ടി) ലൈസൻസ് അനുവദിച്ചു. മർഹബയും ഒമാൻ ടാക്സിയും ഹോട്ടലുകളിൽനിന്നും ഹല, ഒമാൻ ടാക്സി, ഒടാക്സി, ഹല, തസ്ലീം എന്നിവ മാളുകളിൽനിന്നും മർഹബ സുൽത്താൻ ഖാബൂസ് തുറമുഖത്തുനിന്നും സർവിസ് നടത്തുന്നതിനുമാണ് അനുമതി നൽകിയിരിക്കുന്നത്. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി രണ്ട് ആപ് അധിഷ്ഠിത കമ്പനികൾക്ക് വിമാനത്താവളങ്ങളിൽനിന്ന് സർവിസ് നടത്താൻ ആദ്യം അനുമതി കൊടുത്തിരുന്നു. ഈ സംവിധാനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് പുതിയ ലൈസൻസ് അനുവദിച്ചത്. മൂന്നാം ഘട്ടമായി അടുത്ത വർഷം ആദ്യം മുതൽ എല്ലാ വെള്ള ഓറഞ്ച് ടാക്സികളെയും ആപ്പിൽ ഉൾപ്പെടുത്തും.
അതേസമയം, ഒമാനിൽ ടാക്സി വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഗതാഗത, വാർത്താവിനിമയ, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഡ്രൈവിങ് ലൈസൻസ് കിട്ടി മൂന്നു വർഷം പൂർത്തിയായശേഷം മാത്രമാണ് ടാക്സി ഓടിക്കാൻ കഴിയുക.
സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന 600 റിയാലിൽ താഴെ മാസവരുമാനമുള്ളവർക്കു മാത്രമാണ് പാർട്ട്ടൈമായി ടാക്സി ഓടിക്കാൻ കഴിയുക. ടാക്സി ഓടിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസ്സും കൂടിയ പ്രായം 60 വയസ്സുമാണ്. ആധികാരികമായ മെഡിക്കൽ സ്ഥാപനങ്ങളിൽനിന്ന് ടാക്സി ഓടിക്കാൻ ആരോഗ്യം അനുവദിക്കുമെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് 60 വയസ്സിനുശേഷം ഒരു വർഷംകൂടി അധികം നൽകുന്നതാണ്.
വിമാനത്താവളം, തുറമുഖം, ഹോട്ടലുകൾ എന്നിവിടങ്ങളിൽ സർവിസ് നടത്തുന്ന ടാക്സി വാഹനങ്ങളുടെ കാലപ്പഴക്കം ഏഴു വർഷത്തേക്കാൾ കൂടാൻ പാടില്ല. പൊതുസ്ഥലങ്ങളിലും വാണിജ്യകേന്ദ്രങ്ങളിലും സർവിസ് നടത്തുന്ന ടാക്സികളുടെ കാലപ്പഴക്കം 10 വർഷത്തിൽ കൂടുതലും കവിയരുത്. എല്ലാ ടാക്സി ഓടിക്കുന്നവരും അടുത്ത വർഷം സെപ്റ്റംബർ ഒന്നിനുമുമ്പ് മേൽപറഞ്ഞ കാര്യങ്ങൾ നടപ്പാക്കിയിരിക്കണം. അടുത്ത വർഷത്തോടെ ഒമാനിലെ എല്ലാ ടാക്സികളും ആപ്പിനു കീഴിൽ വരുകയും ചെയ്യും. ഇതോടെ ടാക്സി നിരക്കുകൾക്ക് ഏകീകൃത രൂപം വരുകയും ഡ്രൈവർമാർക്ക് യഥേഷ്ടം നിരക്കുകൾ ഈടാക്കാനുള്ള അവസരം നഷ്ടമാവുകയും ചെയ്യും. ഇതോടെ നിരക്ക് വിഷയത്തിലുള്ള തർക്കങ്ങളും വിലപേശലും അവസാനിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

