സന്ദർശകർക്ക് ആകർഷണമായി അൽ നാസൂ ഗ്രാമത്തിന്റെ പൗരാണികത
text_fieldsമസ്കത്ത്: വാദീ ബനീ ഹിനായ്, വാദീ ഹൊകൈൻ എന്നീ ഗ്രാമങ്ങൾക്കടുത്തുള്ള അൽ നുസൂ ഗ്രമത്തിന്റെ പൗരാണികതയും സാംസ്കാരിക ബാക്കിപത്രങ്ങളും സന്ദർശകരെ ആകർഷിക്കുന്നു. പഴയ കാലത്ത് ഒമാനികൾ നിർമിച്ച ടവറുകളുടെയും വീടുകളുടെയും അവശിഷ്ടങ്ങളാണ് ഇവിടെയുള്ളത്. ചരിത്രപരമായി ഏറെ പ്രധാന്യമുള്ളതാണെങ്കിലും ഈ പ്രദേശം ഒറ്റപ്പെട്ട് കിടക്കുകയാണ്. ഇടക്കിടെ എത്തുന്ന വിനോദ സഞ്ചാരികളും ചരിത്ര വിദ്യാർഥികളും ഗവേഷകരുമാണ് ഈ ഗ്രാമത്തിന് ഉണർവ് നൽകുന്നത്.
ഇവിടെയുള്ള മിക്കവാറും വീടുകളും ടവറുകളും മണ്ണൊലിപ്പും കാരണം നാശ ഭീഷണി നേരിടുകയാണ്. ഇതൊക്കെയുണ്ടായിട്ടും നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ കെട്ടിടങ്ങൾ പൂർണമായി നശിക്കാതെ നിൽക്കുന്നത് ഇത് നിർമിക്കാനുപയോഗിച്ച കെട്ടിട ഉപകരണങ്ങളുടെ ഗുണനിലവാരം കാരണമാണ്.ഇവിടെയുള്ള കെട്ടിടങ്ങളുടെ മനോഹരമായ നിർമാണം ശൈലിയും ശിൽപ ചാരുതയും സന്ദർശകരെ ആകർഷിക്കുന്നുണ്ട്. ജലസേചനത്തിനും കുടിവെള്ള വിതരണത്തിനുമായി ഇവിടെ നിർമിച്ച കനാൽ ശൃംഖലകളും മറ്റൊരു ആകർഷണമാണ്. ഈന്തപ്പനകൾക്കും മാവുകൾക്കും നാരങ്ങ മരങ്ങൾക്കും നടുവിലായി മണ്ണിലും കല്ലിലുമായി നിർമിച്ച കെട്ടിടങ്ങൾ ഏറെ മനോഹരമാണ്. ഈ ഗ്രാമത്തിന് ചുറ്റുമായി മൂവായിരത്തിലധികം വർഷം പഴക്കമുള്ള പുരവസ്തു കേന്ദ്രങ്ങളും ഉണ്ട്.
ഈ ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് പുരാതന കാലത്തെ മതിലുകളും ശവകുടീരങ്ങളും കാണാം. പുരാതന കാലം മുതൽ ഇവിടെ മനുഷ്യ വാസമുണ്ടെന്നതിനുള്ള തെളിവാണിത്. സ്ഥലവാസികൾ ഇന്നും പാരമ്പര്യമായി ലഭിച്ച കൃഷിയും കന്നുകാലി വളർത്തലും തേനീച്ച വളർത്തലുമൊക്കെയാണ് തൊഴിലായി സ്വീകരിച്ചിരിക്കുന്നത്. ഇവർ ഉപയോഗിക്കുന്ന വിവിധ ഇനം പച്ചക്കറി എണ്ണകൾ ഭക്ഷണത്തിനും വിവിധ രോഗങ്ങൾക്കുള്ള ഔഷധമായും ഉപയോഗിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

