അൻസബ് - അൽ ജഫ്‌നൈൻ റോഡ് നിർമാണം അവസാന ഘട്ടത്തിൽ
text_fieldsമസ്കത്ത്: തലസ്ഥാന നഗരിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമേകുന്ന അൽ അൻസബ് - സിമന്റ് ഫാക്ടറി - അൽ ജഫ്‌നൈൻ ഇരട്ടപ്പാത നിർമ്മാണം അവസാന ഘട്ടത്തിൽ. ബൗഷർ, സീബ് വിലായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ തന്ത്രപ്രധാന റോഡ് പദ്ധതി 90.17 ശതമാനം പൂർത്തിയായതായി മസ്കത്ത് മുൻസിപ്പാലിറ്റി അറിയിച്ചു.
ബൗഷറിലെ ഫലജ് അൽ ഷാം മുതൽ സീബിലെ അൽ റുസൈൽ - ബിദ്ബിദ് റോഡിലെ അൽ ജഫ്‌നൈൻ ജംഗ്ഷൻ വരെയുള്ള 15 കിലോമീറ്റർ പാതയാണ് അത്യാധുനിക രീതിയിൽ നവീകരിക്കുന്നത്. പുതിയ പാതയിൽ ഇരുദിശകളിലേക്കുമായി മൂന്ന് വരികൾ വീതം ഉണ്ടാകും. ഇത് ഒരേസമയം കൂടുതൽ വാഹനങ്ങളുടെ യാത്രക്ക് വഴിയൊരുക്കുന്നതോടെ യാത്രാസമയം ഗണ്യമായി കുറയും.
അൽ അൻസബ് സ്ട്രീറ്റിലെ മൂന്ന് പ്രധാന റൗണ്ട് എബൗട്ടുകൾ ഒഴിവാക്കി, അവിടെ ഗതാഗതം സുഗമമാക്കാൻ മേൽപാലങ്ങളും തുരങ്കങ്ങളും അടങ്ങിയ മൾട്ടി-ലെവൽ ഇന്റർചേഞ്ചുകൾ സ്ഥാപിക്കും. അൽ അവാബി, സിമന്റ് ഫാക്ടറി, മിസ്ഫ വ്യവസായ മേഖല, അൽ ജഫ്‌നൈൻ എന്നിവിടങ്ങളിൽ നാല് പുതിയ ഇന്റർസെക്ഷനുകളാണ് ഒരുങ്ങുന്നത്.
കനത്ത മഴയിലും പ്രകൃതിക്ഷോഭങ്ങളിലും റോഡ് സുരക്ഷിതമായി നിലനിർത്താൻ വിപുലമായ മഴവെള്ള ഓടകളും പ്രത്യേക സംരക്ഷണ വേലികളും സർവീസ് റോഡുകളും ഇതോടൊപ്പം നിർമ്മിച്ചിട്ടുണ്ട്. തലസ്ഥാന നഗരിയുടെ ഭാവി വികസനവും വാഹനപ്പെരുപ്പവും മുന്നിൽ കണ്ട് കൃത്യമായ ജിയോളജിക്കൽ, ട്രാഫിക് പഠനങ്ങൾക്ക് ശേഷമാണ് മസ്കത്ത് മുൻസിപ്പാലിറ്റി പദ്ധതി രൂപകൽപന ചെയ്തത്.
റോഡ് പൂർണമായി തുറന്നുകൊടുക്കുന്നതോടെ റസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ മേഖലകളിലേക്കുള്ള ഗതാഗതം കൂടുതൽ എളുപ്പമാകുകയും ഒമാന്റെ സാമ്പത്തിക-ലോജിസ്റ്റിക്സ് മേഖലയ്ക്ക് ഇത് വലിയ ഉണർവേകുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

