ഹൈമയിൽ വീണ്ടും വാഹനാപകടം; രണ്ടു പേർ മരിച്ചു
text_fieldsമസ്കത്ത്: അൽ വുസ്ത ഗവർണറേറ്റിലെ ഹൈമയിൽ വാഹനാപകടം തുടർക്കഥയാകുന്നു. ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് അൽ വുസ്ത ഗവർണറേറ്റിലെ ഹെൽത്ത് സർവിസസ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. പരിക്കേറ്റവരെ ഹൈമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ടവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഞായറാഴ്ച പുലർച്ച ആദം-തുംറൈത്ത് റോഡിൽ ഹൈമക്ക് സമീപമുണ്ടായ അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റിരുന്നു.
ആദം-തുംറൈത്ത് റോഡിൽ അടുത്തിടെ നിരവധി വാഹന അപകടം നടന്നു. ഖരീഫ് സീസൺ ആരംഭിച്ചതോടെ സലാലയിലേക്കുള്ള വാഹനങ്ങളുടെ തിരക്കാണ് ഈ പാതയിൽ. ജൂൺ 26നുണ്ടായ വാഹനാപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു. 19ന് ഉണ്ടായ മറ്റൊരു വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സലാല സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം ടയര്‍ പൊട്ടിയാണ് അപകടത്തിൽപ്പെട്ടത്. ദിവസങ്ങൾക്ക് മുമ്പ് ട്രക്കും ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.
അതേസമയം, ഖരീഫ് കാലത്തെ വാഹനാപകടങ്ങൾ കുറക്കാൻ റോയൽ ഒമാൻ പൊലീസ് മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ട്. ദോഫാറിലേക്കുള്ള പാതകളിൽ നിലവിൽ പട്രോളിങ് നടത്തുന്നുണ്ട്. നിരവധി സ്ഥലങ്ങളിൽ ചെക്ക് പോയന്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം ചെക് പോയന്റുകളിലെത്തി സഞ്ചാരികൾക്ക് സഹായം തേടാം. വിവിധ ഇടങ്ങളിൽ ബോധവത്കരണവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

