23 വർഷത്തിനുശേഷം അനിൽകുമാർ നാടണഞ്ഞു
text_fieldsഅനിൽകുമാറിെൻറ യാത്രരേഖകൾ കൈരളി ജോ. സെക്രട്ടറി സിജോയ് കൈമാറുന്നു
സലാല: പാസ്പോർട്ടോ രേഖകളോ ഇല്ലാതെ 23 വർഷമായി സലാലയിൽ കുടുങ്ങിയ മലയാളി നാടണഞ്ഞു. തിരുവനന്തപുരം നാവായിക്കുളം പുന്നവിള വീട്ടിൽ ശിവരാജൻ മകൻ അനിൽകുമാറാണ് (ബേബി) കഴിഞ്ഞ ദിവസം പൊതുമാപ്പിെൻറ ആനുകൂല്യത്തിൽ നാട്ടിലെത്തിയത്. സലാല കൈരളിയാണ് ഇദ്ദേഹത്തിന് രേഖകൾ ശരിയാക്കി നൽകിയത്.
ലേബർ കാർഡ് പുതുക്കുന്നതിനായി പാസ്പോർട്ടും ലേബർ കാർഡും പൈസയും സ്പോൺസർ കൊണ്ടുപോയതാണ്. പുതുക്കിനൽകാത്തതിെൻറ പേരിൽ സ്പോൺസറുമായി നിരന്തരം വാഗ്വാദങ്ങൾ നടന്നിരുന്നു. ഇതിനിടെ, സ്പോൺസർ അപകടത്തിൽ മരിക്കുകയും പാസ്പോർട്ടും മറ്റു രേഖകളും നഷ്ടപ്പെടുകയും ചെയ്തു. ഇതോടെയാണ് അനിൽകുമാർ ഇവിടെ കുടുങ്ങിയത്. അടുത്തകാലത്തായി രോഗബാധിതനായി ഒരുവശം തളരുകയും ജോലിക്കും മറ്റു നിത്യവൃത്തിക്കും പരസഹായം വേണ്ടിവരുകയും ചെയ്തു.
സുഹൃത്ത് രാജുവാണ് ആവശ്യമായ സഹായങ്ങൾ ചെയ്തത്. കൈരളി സലാല ഇദ്ദേഹത്തിന് വിമാന ടിക്കറ്റും വസ്ത്രങ്ങളും മറ്റു സാധനങ്ങളും നൽകുകയും ചെയ്തു. അനിൽകുമാറിെൻറ യാത്രരേഖകൾ കൈരളി ജോ. സെക്രട്ടറി സിജോയ് കൈമാറി. രക്ഷാധികാരി എ.കെ. പവിത്രൻ, പ്രസിഡൻറ് കെ.എ. റഹീം, സുനീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. നാട്ടിൽ അനിൽകുമാറിന് സഹോദരനും സഹോദരിയുമാണുളളത്. സ്ഥിരവരുമാനം ഇല്ലാത്ത സഹോദരന് അനിൽകുമാറിനെ സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. തുടർചികിത്സക്കുള്ള തുക സ്വരൂപിച്ച് എത്തിക്കാനുള്ള ശ്രമത്തിലാണ് കൈരളി പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

