Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫുട്ബാൾ ഡയറി -...

ഫുട്ബാൾ ഡയറി - മഞ്ഞയാണെന്നും മനസ്സിൽ....

text_fields
bookmark_border
ഫുട്ബാൾ ഡയറി - മഞ്ഞയാണെന്നും മനസ്സിൽ....
cancel

ഫുട്ബാൾ ലോകകപ്പ്‌ ഞങ്ങളുടെ നാട്ടിലും എന്നും ഒരു ഹരമാണ്. 1998 ലോകകപ്പ്‌ മുതലാണ് മത്സരങ്ങൾ ഞാൻ കണ്ടു തുടങ്ങുന്നത്. വീട്ടിൽ ടിവിയില്ല. ടി.വിയുള്ള കൂട്ടുകാരുടെ വീട്ടിലാണെങ്കിൽ കളിയുള്ള ചാനലും ഇല്ല. പിന്നെ ആകെയുള്ള ആശ്വാസം അങ്ങാടിയിലെ വീഡിയോ ഷോപ്പ് സ്റ്റീരിയോ വിഷനായിരുന്നു.

ലോകകപ്പ്‌ എന്നല്ല സകല കളികളും ക്രിക്കറ്റും ഫുട്ബാളും ഒക്കെ പൊതു ജനങ്ങൾക്ക് സൗജന്യ പ്രദർശനം നടത്തിയിരുന്ന സ്റ്റീരിയോ വിഷൻ ആ പ്രാവശ്യത്തെ ലോകകപ്പ് പ്രദർശനം ഒരു ടെന്റ് കെട്ടി അതിനുള്ളിൽ പ്രവേശനം ടിക്കറ്റ് മൂലം ആക്കി. ഇടക്കൊക്കെ അപ്രസക്തമായ മാച്ചുകൾക്കൊക്കെ ആളുകൾ കുറവായിരിക്കും അപ്പൊ ഞങ്ങൾ കുട്ടികളെ സൗജന്യമായി പ്രവേശിപ്പിക്കും. പക്ഷേ ബ്രസീലിന്റെയോ അർജന്റീന, ഫ്രാൻസ് തുടങ്ങിയ വമ്പൻമാരുടെയോ കളികൾക്ക് വലിയ തിരക്കായിരിക്കും. അന്നൊന്നും ഞങ്ങൾക്ക് ഉള്ളിൽ കയറാൻ പറ്റില്ല, എങ്കിലും മത്സരം തുടങ്ങുന്ന മുമ്പുതന്നെ ഞങ്ങൾ ടെന്റിന്റെ മുമ്പിലെത്തും. ഇനി എങ്ങാനും അവരെ മനസ്സലിഞ്ഞു ഞങ്ങളെ ഉള്ളിൽ കയറ്റിയാലോ? 1998 വേൾഡ് കപ്പ്‌ ക്വാർട്ടർ ഫൈനലിൽ ഹോളണ്ടും അർജന്റീനയും തമ്മിലുള്ള മത്സരം. ഓരോ ഗോൾ വീഴുമ്പോൾ ടെൻറ്റിൽനിന്നുയരുന്ന ആർപ്പുവിളി ഒരു ഫർലോങ്ങ് അകലത്തിൽ വരെ കേൾക്കാം. ഹാഫ് ടൈം ആയപ്പോൾ സ്കോർ: 1-1. എങ്ങനെയിങ്കിലും ഉള്ളിൽ കയറാൻ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. പറ്റുന്നില്ല.

അങ്ങിനെ നിരാശയോടെ മടങ്ങുമ്പോൾ ​ടെന്റിന്റെ സൈഡിൽ ആരോ താർപായുടെ ഒരു ഭാഗം ഒരു ആൾക്ക് കയറാൻ പാകത്തിന് കീറി വെച്ചിട്ടുണ്ട്, അതിലൂടെ ഒരാൾ കയറുന്നു. അതുകണ്ട ഞാനും കൂട്ടുകാരും അതിലൂടെ ഉള്ളിൽ കയറുമ്പോൾ കളി 77 മിനിറ്റ്. പിന്നെ മത്സരത്തിന്റെ അവസാന സമയത്ത് ഏരിയൽ ഒർടേഗ ചുവപ്പുകാർഡ് കണ്ടു പുറത്തായി. കളി കാണാനെത്തിയവരിൽ കൂടുതൽ ആരാധകർ അര്ജന്റീനക്ക് ആയിരുന്നെങ്കിലും അർജന്റീന വിരോധികൾ എല്ലാം ഹോളണ്ടിനൊപ്പമായിരുന്നു. മത്സരത്തിന്റെ അവസാന സമയത്ത് ഡെന്നിസ് ബെർഗ് ബെർഗ്കാംപ് നേടിയ ഗോളിൽ ഹോളണ്ട് വിജയിച്ചു. അര്ജന്റീന യുടെ എക്കാലത്തെയും നല്ല ടീമുകളിലൊന്നായിരുന്നു ആ ലോകകപ്പിലേത്. ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട, ഏരിയൽ ഒർടേഗ, യുവാൻ ​സെബാസ്റ്റ്യൻ വെറോൺ, റോബർട്ടോ അയാള തുടങ്ങിയ വമ്പൻ നിര...

ഫൈനലിൽ എന്റെ ടീം ബ്രസീൽ ഫ്രാൻസിനോട്‌ 3-0 പരാജയപ്പെട്ടു. അന്നെനിക് 13 വയസ്സായിരുന്നു. ആ തോൽവി ഇന്നും വിശ്വസിക്കാൻ ആവുന്നില്ല. ഫൈനലിൽ റൊണാൾഡോക്ക് പരിക്ക് പറ്റിയതിനു ശേഷം ഫ്രാൻസിന്റെ ഗോൾ കീപ്പർ ബാർതേസ് എന്റെ ആജന്മ ശത്രുവായി. പിന്നീട് 2002 ൽ ബ്രസീൽ പൂർവാധികം ശക്തിയോടെ തിരിച്ചു വന്ന കപ്പടിച്ചു. ആ വർഷം എല്ലാ കളിയും കണ്ടു. ആ സമയമായപ്പോഴേക്കും വീട്ടിലും ടിവി എത്തി. അന്ന് മുതൽ ഇന്നുവരെ ബ്രസീൽ ഫാൻ. ഇപ്പോൾ മക്കളായി. ഒരാൾ അർജന്റീന മെസ്സി ഫാനും ഒരാൾ പോർചുഗൽ റൊണാൾഡോ ഫാനും. ഈ വേൾഡ് കപ്പിൽ ബ്രസീൽ പ്രീ ക്വാർട്ടറിൽ തന്നെ പുറത്തു പോയത് സങ്കടകരമാണ്‌. ലോകം കണ്ട ഏറ്റവും പ്രതിഭാധനരായ കളിക്കാരിൽ ഒരാളായ നെയ്മറിന്റെ വിടവാങ്ങൽ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു, ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്ത താരം അദ്ദേഹത്തിന് അർഹിച്ച ഒരു വിടവാങ്ങൽ ആയിരുന്നില്ല ഈ ലോകകപ്പിലേത്.

ബ്രസിൽ കോച്ച് ആഞ്ചലോട്ടിയുടെ തെറ്റായ തീരുമാനമായിരുന്നു നെയ്മറിനു വേണ്ടത്ര പരിഗണന നൽകാതെയിരുന്നത്. നോർവേയുമായുള്ള മത്സരത്തിൽ നെയ്മറിന് കുറച്ച് മുന്നേ ഇറക്കിയിരുന്നെങ്കിൽ മത്സരത്തിന്റെ ഗതി മറ്റൊന്നാകുമെന്നു ഉറച്ചു വിശ്വസിക്കുന്ന ലക്ഷകണക്കിന് ബ്രസീൽ ആരാധകരിൽ ഒരാളാണ് ഞാനും.

2030 വേൾഡ് കപ്പിൽ ലാറ്റിൻ അമേരിക്കൻ ഫുട്ബാളിന്റെ സൗന്ദര്യവുമായി വീണ്ടും ബ്രസീൽ തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - And in my mind it's yellow...
Next Story