ഫോസിലുകളും വെങ്കലായുധങ്ങളും; ഇബ്രിയിൽ കണ്ടെത്തിയത് പുരാതന അവശിഷ്ടങ്ങൾ
text_fieldsമസ്കത്ത്: ഒമാനിലെ അൽ ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിൽ പുരാതന ശവകുടീരാവശിഷ്ടങ്ങൾ കണ്ടെത്തി. അൽ ഐനൈൻ മേഖലയിൽ നടത്തിയ പുരാവസ്തു ഖനനത്തിലാണ് മനുഷ്യ അസ്ഥികൂടാവശിഷ്ടങ്ങൾ, കേടുപാടുകളില്ലാത്ത മൺപാത്രങ്ങൾ, ചെമ്പ്, വെങ്കല ഉപകരണങ്ങൾ, മുത്തുകൾ എന്നിവ കണ്ടെത്തിയത്.ക്രിസ്തുവിന് മുമ്പ് മൂന്നാം സഹസ്രാബ്ദത്തിലേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾക്ക് മെസപ്പൊട്ടേമിയയിലെ ജംദത്ത് നസർ സംസ്കാരവുമായി ബന്ധമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. അമ്പിൻമുനകൾ, മഴു, കഠാരകൾ തുടങ്ങിയവയും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.
നിർമാണപ്രവർത്തനങ്ങൾക്കിടെ പുരാവസ്തുക്കൾ നശിച്ചുപോകുന്നത് തടയുന്നതിനും പൈതൃകസമ്പത്ത് സംരക്ഷിക്കുന്നതിനുമായി അൽ ദാഹിറ ഗവർണറേറ്റിലെ പൈതൃക-ടൂറിസം വകുപ്പാണ് ഖനനം നടത്തുന്നത്. ഈ മാസാവസാനം വരെ ഖനനം തുടരുമെന്ന് അധികൃതർ അറിയിച്ചു. ഒമാനും പുരാതന മെസപ്പൊട്ടേമിയൻ സംസ്കാരവും തമ്മിലുണ്ടായിരുന്ന ബന്ധം മനസ്സിലാക്കാൻ കണ്ടെത്തലുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.

