അവിസ്മരണീയമായ ഇഫ്താർ ഒത്തുചേരൽ
text_fieldsറമദാൻ എന്റെ ഉള്ളിൽ ഒരു വെളിച്ചം പോലെയാണ്. ദൈവത്തോടുള്ള വിശ്വാസം തൊട്ടുണർത്തുന്ന, മനസിനെ ശാന്തമാക്കുന്ന ഒരു പുണ്യമാസം. ഈ ദിനങ്ങൾ വിശ്വാസികളുടെ ആത്മാവിനെ കണ്ണാടിപോലെ സ്ഫുടം ചെയ്ത് ശുദ്ധീകരിക്കുന്നു. സ്നേഹം പങ്കിടാൻ പഠിപ്പിക്കുന്നു. നോമ്പ് എന്നാൽ വെറും പട്ടിണിയല്ല. അത് ഹൃദയത്തിന്റെ ദാഹം തിരിച്ചറിയുന്ന, ആത്മാവിനെ ഉയർത്തുന്ന ഒരു പ്രാർഥനയാണ്.
നോമ്പിലെ ഏറ്റവും മധുരമാർന്ന നിമിഷം, ദൈവത്തിന് മുന്നിൽ തന്റെ നോമ്പ് സമർപ്പിച്ചു നോമ്പുതുറക്കാൻ വേണ്ടിയുള്ള ഒത്തുചേരലാണ്. ജീവിത തിരക്കുകളിൽ നിന്ന്. ജോലിക്കിടയിൽ നിന്ന്, എവിടെയായാലും അവിടെ നിന്ന് ഓടി വരികയാണ്. ഒരു നിമിഷം വീണ്ടും മനസ്സ് തുറക്കുകയാണ്. പ്രാർഥനയോടെ എല്ലാവരും ഒന്നാകുന്ന ആ ഇഫ്താർ മുഹൂർത്തം. ഇഫ്താറുകളിൽ മറ്റുള്ളവരെ നോമ്പുതുറപ്പിക്കാനുള്ള കരുതലും ശ്രദ്ധയും അനുഭവിച്ചറിയേണ്ടത് തന്നെയാണ്.
അത്തരമൊരു ഇഫ്താർ സംഗമത്തിൽ എനിക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു. കുറിയ മുറിയ ഗ്രൂപ് സംഘടിപ്പിച്ച ഇഫ്താറിൽ ജാതി മത ഭേദമന്യേ നിരവധി ആളുകൾ ഒന്നിച്ചു കൂടുകയുണ്ടായി. ഇതിന് മുമ്പ് ഇത്ര വിപുലമായ ഒരു ഇഫ്താറിൽ പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. എല്ലാവരേയും ഉൾക്കൊള്ളാൻ പറ്റുന്ന ക്രമീകരണങ്ങൾ നടത്തിയിരുന്നു. സ്ത്രീകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടായിരുന്നു. കുറഞ്ഞ സമയത്തെ ആവശ്യത്തിന് ഒരു കുടുംബത്തിന്റെ ഒത്തുചേരലിനെന്നോണം ഹൃദയത്തോട് ചേർത്ത് പിടിച്ചപോലെ ശ്രദ്ധയോടെ ഒരുക്കിയ ഒരു ഇഫ്താർ.
സൂര്യൻ മറയുന്ന നേരം. നോമ്പുകാരന്റെ ഹൃദയം തുടിക്കുന്ന ആ നിമിഷം. അതിന്റെ മാസ്മരികത നോമ്പുകാരുടെ ഉള്ളിൽ പടരും. ഒരു കാരക്ക കൈയിലെടുത്ത്, അത് ചുണ്ടോട് അടുപ്പിക്കുമ്പോഴുള്ള സന്തോഷം, ഒരിറക്ക് വെള്ളം ദാഹാർത്തമായ ഞരമ്പുകൾക്ക് ഉണർവേകുന്ന സമയം. അപ്പോൾ കണ്ണുകളിൽ തിളങ്ങുന്നത് ദൈവത്തിനോടുള്ള നന്ദിയും, വിനയവും.
മഗ്രിബ് അടുക്കുമ്പോൾ, ചുണ്ടുകളിൽ ഒരു മന്ത്രണം പോലെ പ്രാർഥനയുടെ മൃദുശബ്ദമുയരുന്നു. നോമ്പുകാരുടെ മനസിൽ പ്രതീക്ഷയുടെ ഒരു തിരി കത്തുകയാണ്. അധികം താമസിയാതെ, ബാങ്കിന്റെ ആ മനോഹര നാദം. കാത്തിരുന്നത് കിട്ടിയപോലെ എല്ലാവരും ഒരുമിച്ച് കാരക്കയും വെള്ളവും ജ്യൂസും കൈയിലെടുത്തു. ഒരു നീണ്ട പകൽ ഉപവാസത്തിനുശേഷം ദൈവ പ്രീതിതേടിയുള്ള വൃതയാത്ര അവസാനിക്കുകയാണ്.
ആ നിമിഷം പാഥേയമായി കിട്ടുന്നതിനെന്തും അതീവ രുചി തന്നെയാണ്. ശരീരത്തിന് പുതുജീവൻ പകർന്നുകൊണ്ട് മാമ്പഴത്തിന്റെയും, പാഷൻ ഫ്രൂട്ടിന്റെയും രുചി തരിച്ചിറങ്ങുകയായി. എന്റെ ദൈവത്തോടൊത്തുള്ള സഹയാത്രയിലെത്തുന്ന മധുര പാനീയം. നോമ്പുതുറയുടെ നിമിഷങ്ങളിലെ സന്തോഷവും, നിർവൃതിയും വാക്കുകൾക്ക് കൊണ്ട് വരച്ചിടാൻ കഴിയാത്തതാണ്.
28 വർഷങ്ങൾക്ക് മുൻപ് ഒരു ചെറിയ തുടക്കമായിരുന്നു ഇവരുടെ ഈ ഇഫ്താർ. ഇന്നത് ആയിരങ്ങളെ ഒന്നിപ്പിക്കുന്ന ഒരു സ്നേഹക്കൂട്ടായ്മയായി മാറിക്കഴിഞ്ഞു. റമദാൻ പകർന്നുതരുന്ന സ്നേഹവും, ഐക്യവും ഓരോ വർഷവും കൂടിക്കൂടി വരികയാണ്. ആയിരങ്ങൾ നിരനിരയായി നിന്ന് ഒരുമിച്ച് പ്രാർഥിക്കുന്ന കാഴ്ച അത് എന്റെ കണ്ണുകളിൽ കൗതുകം നിറച്ചു.
ഹൃദയത്തിലറിയാതെ ഭക്തിയുടെ തിരമാല ഉയർത്തി. ഞാനൊരു പുണ്യഭൂമിയിൽ എത്തിയത് പോലെ. പിന്നീട് ഭക്ഷണ പാക്കറ്റുകളുടെ വിതരണമായിരുന്നു. പഴങ്ങൾ, ലഘുഭക്ഷണം, പ്രധാന വിഭവങ്ങൾ എല്ലാം ശ്രദ്ധയോടെ പാക്ക് ചെയ്തത് എന്റെ കൈകളിലും എത്തിയപ്പോൾ അതൊരു പ്രാർഥന പ്രതിഫലം പോലെ തോന്നി.
ഈ ഇഫ്താറിന്റെ വിജയം തോളോട് തോൾ ചേർന്ന് നിന്ന ഒരുമയാണ്. ആളുകൾ അടുത്തടുത്തിരുന്ന്, ഭക്ഷണം പങ്കിട്ട്, പുഞ്ചിരികൾ കൈമാറിയപ്പോൾ അത് റമദാനിന്റെ ആത്മാവ് സാക്ഷാൽക്കരിക്കാപ്പെടുന്നത് പോലെയായിരുന്നു. ദൈവചിന്തയും, മറ്റുള്ളവരോടുള്ള സ്നേഹോഷ്മളമായ സമീപനവും ഇതിന്റെ തുടർച്ചയായി മനുഷ്യരിൽ വന്നുചേരുകയാണ്. സ്നേഹത്താൽ ചേർത്ത് പിടിക്കുന്ന റമദാനിന്റെ വശ്യത ഞാൻ അനുഭവിച്ചറിഞ്ഞു.
റമദാൻ വെറും ഭക്ഷണം ഒഴിവാക്കലല്ല. അത് മനസിന്റെ ആഴങ്ങളിലുള്ള ദൈവിക വിശ്വാസത്തെ തൊട്ടുണർത്തുകയും, തെറ്റിദ്ധാരണകൾ തിരുത്തുകയും ചെയ്യും. ഒപ്പം മറ്റുള്ളവരിലേക്കെത്തുന്ന ദാനധർമങ്ങളുടെ സന്തോഷവും കൂടി പകർന്നുതരുന്നു. ഒരേ സൃഷ്ടാവിന്റെ മക്കളായി ഒരുമയിലേക്ക് എല്ലാവരേയും ക്ഷണിക്കുകയാണ് റമദാൻ. ഇഫ്താറുകളുടെ ഭാഗമാകാൻ കഴിഞ്ഞതെല്ലാം എന്റെ ജീവിതത്തിന്റെ ഓർമപുസ്തകത്തിൽ ഒരു രജതരേഖയായി കുറിച്ചുവെക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

