അപ്രതീക്ഷിതമായി അണിഞ്ഞ സ്ഥാനാർഥിക്കുപ്പായം
text_fieldsഫൈസല്‍
‘‘മുന്‍പരിചയമില്ലാത്ത കേവലമൊരു വിദ്യാർഥി മാത്രമായ ഞാൻ വിറയലോടെയാണ് മത്സരരംഗത്ത് ഇറങ്ങിയത്. പഠനത്തോടൊപ്പം പാരലൽ കോളജ് അധ്യപകവൃത്തിയുമായി കഴിയുന്നതിനാലുള്ള വിദ്യാർഥികളും രാക്ഷിതാക്കളുമായുള്ള അടുത്ത ബന്ധമാണ് ആകെയുണ്ടായ പ്ലസ് പോയന്റ്. അതാണ് അന്ന് എന്നെ തുണച്ചിട്ടുണ്ടാവുകയെന്നും ഗൃഹാതുരസ്മരണയോടെ തെരഞ്ഞെടുപ്പ് കാല ഓര്‍മകള്‍ മാഷ് അയവിറക്കുന്നു...’’
ത്രിതല ഇലക്ഷൻ പ്രചാരണ കോലാഹലങ്ങളും അലയൊലികളും നാട്ടില്‍ കൊടുമ്പിരിക്കൊള്ളുന്ന അവസരത്തില്‍ പ്രവാസലോകത്ത് നിന്ന് പഴയൊരു തെരഞ്ഞെടുപ്പിന്റെ ഓര്‍മകള്‍ അയവിറക്കുകയാണ് ഫൈസല്‍ മാഷ്.
അപ്രതീക്ഷിതമായാണ് മാഷിന് സ്ഥാനാർഥിക്കുപ്പായം ഇടേണ്ടി വന്നത്. ഡിഗ്രി അവസാനവര്‍ഷ പഠനകാലത്താണ് ഈ അനുഭവം. യു.ഡി.എഫ് സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടയാള്‍ പ്രവാസിയായതോടെ ഉണ്ടായ ഉപതെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ മുഴുകിക്കഴിയുന്ന നേരത്താണ് സ്ഥാനാർഥി ആകേണ്ടി വന്നതും ജയിച്ചതുമായ മധുരിക്കുന്ന ഓര്‍മകള്‍ സംഭവിച്ചത്.
യു.ഡി.എഫ് അനുഭാവി എന്ന നിലയില്‍ തെരഞ്ഞെടുപ്പ് യോഗത്തിന് പോയ മാഷ് തിരിച്ചുവന്നത് സ്ഥാനാർഥി ആയാണ് എന്നതാണ് ട്വിസ്റ്റ്. മലപ്പുറം ജില്ലയിലെ, തൃശൂരിനോട് അതിര്‍ത്തി പങ്കിടുന്ന ചങ്ങരംകുളം പഞ്ചായത്തിലെ ചൊവ്വല്ലൂര്‍ വാര്‍ഡിലാണ് മത്സരിച്ചത്.
പ്രദേശത്തെ പ്രശസ്തനും മൂന്നുവട്ടം ഇതേ വാര്‍ഡില്‍ ജയിച്ചയാളുമായ ബാപ്പുവാണ് മുഖ്യ എതിരാളി. മുന്‍പരിചയമില്ലാത്ത കേവലമൊരു വിദ്യാർഥി മാത്രമായ ഞാൻ വിറയലോടെയാണ് മത്സരരംഗത്ത് ഇറങ്ങിയത്. പഠനത്തോടൊപ്പം പാരലൽ കോളജ് അധ്യപകവൃത്തിയുമായി കഴിയുന്നതിനാലുള്ള വിദ്യാർഥികളും രാക്ഷിതാക്കളുമായുള്ള അടുത്ത ബന്ധമാണ് ആകെയുണ്ടായ പ്ലസ് പോയന്റ്. അതാണ് അന്ന് എന്നെ തുണച്ചിട്ടുണ്ടാവുകയെന്നും ഗൃഹാതുര സ്മരണയോടെ തെരഞ്ഞെടുപ്പ് കാല ഓര്‍മകള്‍ മാഷ് അയവിറക്കുന്നു.
അന്ന് ചെറുപ്പത്തിന്റെ ആവേശവും ഉണ്ടായിരുന്നു. ഫലം വന്നപ്പോള്‍ 48 വോട്ടിന് വാര്‍ഡ് യു.ഡി.എഫിന് നേടിക്കൊടുക്കാനായത് വലിയ നേട്ടമായി. അത് ഇന്ന് ഈ തെരഞ്ഞെടുപ്പ് കാലത്ത് ‘പച്ചപിടിച്ച’ ഓര്‍മയാണെന്ന് ഫൈസല്‍ മാഷ് ചിരിച്ചുകൊണ്ട് പറയുന്നു.
ജയത്തോടെ മൂന്നരവര്‍ഷക്കാലം വാര്‍ഡിനും വാര്‍ഡിലെ ജനങ്ങള്‍ക്കുമായി ഓടിനടന്ന് വിയര്‍പ്പൊഴുക്കി. ഉള്ള ഫണ്ടുകളൊക്കെ വാങ്ങിയെടുത്ത് അടിസ്ഥാനആവശ്യങ്ങള്ക്കൊക്കെ വിനിയോഗിച്ചു. റോഡ്, കുടിവെള്ളം, കിണര്‍, അര്‍ഹരായവരുടെ പെന്ഷന് തുടങ്ങിയ കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചതിനാല്‍ ജനമനസില്‍ ഇടം നേടി എന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. ഇത്തവണ വാർഡിൽ സ്ത്രീ സംവരണമാണ്. പ്രവാസത്തിലെ ജോലി തിരക്കുകള്‍ക്കിടയിലും രാഷ്ട്രീയ ജനസേവന പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍മനിരതനാണ് മാഷ്. മത്രയിലുള്ള അലി ജുമാ ബാക്കര്‍ എന്ന സ്ഥാപനത്തിലെ ഇന്‍വെന്ററി കണ്ട്രോളറും കെ.എം.സി.സി മത്ര യൂനിറ്റ് പ്രസിഡന്റുമാണ്.
(തയാറാക്കിയത്: അഷ്റഫ് കവ്വായി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

