മുഖ്യമന്ത്രി വി.ഡി. സതീശന്, പ്രവാസ ലോകത്തുനിന്നൊരു തുറന്ന കത്ത്...
text_fieldsഡോ. സജി ഉതുപ്പാൻ മസ്‌കത്ത്
ആദ്യം തന്നെ, താങ്കൾക്കും യുഡിഎഫ് നേതൃത്വത്തിനും ഈ മഹത്തായ വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കേരള ജനത അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട്, അടുത്ത അഞ്ച് വർഷം കേരളത്തിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും മുൻഗണന നൽകുന്ന ഭരണത്തിന് സർവശക്തൻ അനുഗ്രഹിക്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർഥിക്കുന്നു. വർഷങ്ങളായി പ്രവാസജീവിതം നയിക്കുന്ന ഒരാളെന്ന നിലയിലും, കേരളത്തിന്റെ നന്മ ഹൃദയത്തിൽ ആഗ്രഹിക്കുന്ന ഒരു മലയാളിയെന്ന നിലയിലും ചില നിർദേശങ്ങൾ വിനീതമായി മുന്നോട്ടുവെക്കുകയാണ്.
മുൻകാലങ്ങളിൽ പല സർക്കാരുകളും മുൻഗാമികളെ കുറ്റപ്പെടുത്തിക്കൊണ്ടാണ് ഭരണത്തെ മുന്നോട്ടുകൊണ്ടുപോയത്. എന്നാൽ ആ രാഷ്ട്രീയ സംസ്കാരത്തിന് വിരാമമിട്ട്, ജനകീയവും ഉത്തരവാദിത്തമുള്ളതും സുതാര്യവുമായ പുതിയൊരു ഭരണശൈലി കേരളത്തിന് സമ്മാനിക്കേണ്ട കടമ ഇന്ന് താങ്കൾക്കാണ്. അതാണ് ജനങ്ങളുടെ ഏറ്റവും വലിയ പ്രതീക്ഷയും. പ്രവാസികൾക്ക് യാതൊരു പ്രായോഗിക ഗുണവും നൽകാത്ത ‘ലോക കേരള സഭ’ പോലുള്ള ധൂർത്തായ സംവിധാനങ്ങൾ പുനഃപരിശോധിക്കുകയോ വേണ്ടെന്നു വെക്കുകയോ ചെയ്യണം. അതേസമയം, നോർക്ക കെയർ ഇൻഷുറൻസ് കൂടുതൽ പ്രയോജന പ്രദമാക്കാൻ ഗൾഫ് രാജ്യങ്ങളിലെ പ്രധാന ആശുപത്രികളെ ഉൾപ്പെടുത്തുകയും, പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കും ആജീവനാന്ത പരിരക്ഷ ഉറപ്പാക്കുകയും വേണം.
സുരക്ഷയുടെ പേരിൽ ജനങ്ങളെ അനാവശ്യമായി ബുദ്ധിമുട്ടിക്കാത്ത താങ്കളുടെ സമീപനത്തെ അഭിനന്ദിക്കുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ പേരിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രവണതകൾ അവസാനിക്കണം. കേരളത്തിന്റെ ആരോഗ്യ രംഗം ശക്തമായിരുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. അതിനാൽ, താങ്കളും സഹമന്ത്രിമാരും ചികിത്സ ആവശ്യമായ സാഹചര്യങ്ങളിൽ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന മാതൃക സൃഷ്ടിക്കണം. അസുഖം വന്നാൽ ഉടൻ വിദേശത്തേക്ക് പോകുന്ന പ്രവണത അവസാനിപ്പിക്കണം. ജനപ്രതിനിധികൾ സർക്കാർ ആരോഗ്യ സംവിധാനത്തെ വിശ്വസിക്കുന്നുവെന്ന സന്ദേശം ജനങ്ങളിലെത്തുന്നത് അത്യന്താപേക്ഷിതമാണ്. സമുദായ നേതാക്കളെ കാണുന്നതിൽ തെറ്റില്ല. എന്നാൽ ‘അവരുടെ തിണ്ണ നിരങ്ങില്ല’ എന്ന താങ്കളുടെ നിലപാട് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അധികാരവൽക്കരിക്കപ്പെട്ട ചില ‘വെള്ളാനകൾ’ ഭരണസംവിധാനത്തിൽ അനാവശ്യ സ്വാധീനം ചെലുത്താതിരിക്കാനുള്ള ജാഗ്രത അനിവാര്യമാണ്. മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്താനുള്ള വർഗീയ നീക്കങ്ങൾ വീണ്ടും ഉണ്ടാകാമെന്ന ആശങ്ക സമൂഹത്തിൽ നിലനിൽക്കുന്നു. ഇസ്ലാമോഫോബിയയോ മറ്റ് വർഗീയ സമീപനങ്ങളോ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെടരുത്. സാധാരണ ജനങ്ങൾ എല്ലായിടത്തും ക്യാമറ കണ്ണുകളുമായി സാന്നിധ്യമറിയിക്കുന്നവരാണ്.
മഴയിലും വെയിലിലും കുട പിടിക്കാനും കാറിന്റെ ഡോർ തുറക്കാനും പ്രത്യേക ആളുകളെ നിയോഗിക്കുന്ന സംസ്കാരം അവസാനിക്കണം. മുൻ അമേരിക്കൻ പ്രസിഡന്റായ ബറാക് ഒബാമയും യൂറോപ്പിലെ മിക്ക ഭരണാധികാരികളും സ്വന്തം കുട സ്വയം പിടിച്ചിരുന്നുവെന്നത് നമ്മുടെ നേതാക്കളും മാതൃകയാക്കണം. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ എണ്ണം കുറയ്ക്കുകയും, മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാർക്ക് അനാവശ്യ സുരക്ഷാസംവിധാനങ്ങൾ ഒഴിവാക്കുകയും വേണം. അഴിമതിയുടെ കേന്ദ്രമായി മാറിയ പിആർഡി അടക്കമുള്ള വകുപ്പുകളെ പുനഃസംഘടിപ്പിക്കണമെന്നും, മുൻ സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾ അന്വേഷിക്കണമെന്നും അങ്ങ് മുന്‍പ് പറഞ്ഞ വാക്കുകൾ പാലിക്കപ്പെടുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നു. അവസാനമായി, ‘നവകേരള യാത്ര’ എന്ന പേരിൽ കോടികൾ ചെലവഴിച്ച് നടത്തിയ പ്രചാരണ പരിപാടിയുടെ യഥാർത്ഥ ചെലവ് എത്രയായിരുന്നു എന്ന് ജനങ്ങളോട് വ്യക്തമാക്കേണ്ടതുണ്ട്.
പൊതു ധനത്തിന്റെ വിനിയോഗത്തിൽ സുതാര്യത ഉറപ്പാക്കുന്നത് ജനാധിപത്യ ഭരണത്തിന്റെ അടിസ്ഥാന ബാധ്യതയാണ്. ചെറിയതും വലിയതുമായ സംരംഭങ്ങളുമായി മുന്നോട്ടുവരുന്ന സംരംഭകരെ കുടപിടിച്ച് സ്വീകരിക്കും എന്നു പറഞ്ഞത് പാലിക്കണം. അവരെ പിരിച്ചും പേടിപ്പിച്ചും വഴിയാധാരമാക്കരുത്. സര്‍ക്കാര്‍ മാത്രം ജോലികൊടുത്ത് ചെറുപ്പക്കാരെ നാട്ടില്‍ പിടിച്ചുനിര്‍ത്താന്‍ സാധിക്കില്ല എന്ന സത്യം തിരിച്ചറിയണം. വൃത്തിയും ശുചിത്വവും സംസ്കാരമാക്കി വളര്‍ത്താനുതകുന്ന പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കണം. പൊതു ശൗചാലയങ്ങള്‍ വൃത്തിയോടെ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനം വേണം. കേരളത്തിന്റെ നന്മയും, യുവജനങ്ങളുടെ ഭാവിയും, സാധാരണ ജനങ്ങളുടെ സുരക്ഷയും പുരോഗതിയും മുൻനിർത്തി നല്ല ഭരണത്തിന് നേതൃത്വം നൽകാൻ താങ്കൾക്ക് ശക്തിയും ധൈര്യവും ഉണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

