മേഖലയുടെ സമാധാനത്തിന് സ്വതന്ത്ര ഫലസ്തീൻ അനിവാര്യം -സയ്യിദ് അസദ്
text_fieldsറിയാദിൽ നടന്ന ഗൾഫ്-യു.എസ് ഉച്ചകോടിയിൽ അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണത്തിന്റെയും ഉപപ്രധാനമന്ത്രിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദ്
മസ്കത്ത്: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാതെ മേഖലയിൽ സമാധാനം നിലനിൽക്കില്ലെന്ന് സുൽത്താന്റെ പ്രതിനിധിയും അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണത്തിന്റെയും ഉപപ്രധാനമന്ത്രിയുമായ സയ്യിദ് അസ്അദ് ബിൻ താരിഖ് അൽ സഈദ്. റിയാദിൽ നടന്ന ഗൾഫ്-യു.എസ് ഉച്ചകോടിയിൽ ഒമാനെ പ്രതിനിധാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരസ്ത്യ ദേശത്ത് സുഭിക്ഷതയും സുരക്ഷിതത്വവും നിലനിൽക്കുകയെന്നാണ് ഒമാന്റെ കാഴ്ചപ്പാട്. ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രധാന അന്താരാഷ്ട്ര ശ്രമങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.
സമ്മേളനത്തിന്റെ വിജയത്തിനായി ഒമാൻ സൂൽത്താന്റെ ആശംസകൾ അർപ്പിച്ചാണ് സയ്യിദ് അസ്അദ് പ്രഭാഷണം ആരംഭിച്ചത്. ഈ ഒത്തുകൂടൽ മേഖലയുടെ നല്ല രൂപപ്പെടുത്താൻ സഹായകമാവുമെന്നും എല്ലാ രാജ്യങ്ങളുടെയും സ്ഥിരതക്കും സുഭിക്ഷതക്കും വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗൾഫ് - അമേരിക്കൻ ബന്ധം നയപരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായിരിക്കണമെന്നും അദ്ദേഹം ഊന്നി പറഞ്ഞു.
രാഷ്ട്രീയ , സാമ്പത്തിക, സാങ്കേതിക, പ്രതിരോധ മേഖലകളിൽ പങ്കാളിത്തവും ഉദ്ഗ്രഥവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗസ്സയിലും ഫലസ്തീൻ അതിർത്തികളിലും നടക്കുന്ന പ്രതിസന്ധികളിൽ അദ്ദേഹം ആഴത്തിലുള്ള ഉത്കണ്ഠ അറിയിച്ചു. ഇസ്രയേലിന്റെ അതിനിവേശത്തെ അദ്ദേഹം അപലപിക്കുകയും നീതി നടപ്പാക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിനുണ്ടായ പരാജയത്തെ അദ്ദേഹം ഉയർത്തി കാട്ടുകയും ചെയ്തു.
യമനിലെ ഏറ്റുമുട്ടൽ അവസാനിപ്പിക്കുന്നതിൽ അമേരിക്ക നടത്തിയ നയതന്ത്ര നീക്കങ്ങളെ ഒമാൻ പ്രതിനിധി സ്വാഗതം ചെയ്തു. യമനിനെ സമാധാനാന്തരീക്ഷത്തിലേക്ക് നയിക്കുന്നതിൽ അമേരിക്കൻ പ്രസിഡന്റിന്റെ നിർമാത്മകമായ നീക്കത്തെ പ്രശംസിക്കുയുംചെയ്തു. ആണവ ആയുധ വിഷയത്തിൽ അമേരിക്കയും ഇറാനും നടത്തുന്ന ചർച്ചകളിൽ അദ്ദേഹം ശുഭാപ്തി പ്രകടിപ്പിച്ചു. ഇത് പരസ്പര ബുഹുമാനത്തിന്റെയും യാഥാർത്യ ബോധത്തിന്റെയും അടയാളം കൂടിയാണ്. പ്രയോഗികവും ബഹുമാനാത്മകവും നിലനിൽക്കുന്നതുമായ കരാറാണ് രണ്ടു ഭാഗത്ത്നിന്നും ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ജി.സി.സി രാജ്യങ്ങളിലെയും അമേരിക്കൻ ഐക്യനാടുകളിലെയും നേതാക്കളും ഉദ്യോഗസ്ഥരും ഗൾഫ്-യു.എസ് ഉച്ചകോടിയുടെ ഭാഗമായി. പ്രാദേശിക സഹകരണം, സുരക്ഷ, തന്ത്രപരമായ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. നയതന്ത്ര ഇടപെടലിനും പ്രാദേശിക സ്ഥിരതക്കുമുള്ള രാജ്യത്തിന്റെ തുടർച്ചയായ പ്രതിബദ്ധതയെ അടിവരയിടുന്നതാണ് ഗൾഫ്-യു.എസ് ഉച്ചകോടിയിൽ സുൽത്താനേറ്റിന്റെ പങ്കാളിത്തം.
ഉച്ചക്കോടിക്കെത്തിയ ഒമാൻ പ്രതിനിധി സംഘത്തെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയാദ് മേഖല ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽ സഊദ്, ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി, ഒമാന്റെ സൗദി അറേബ്യൻ അംബാസഡർ ഇബ്രാഹീം ബിൻ സാദ് ബിൻ ബിശാൻ, സൗദി അറേബ്യയിലെ മുതിർന്ന ഉദ്യോഗസ്ഥർ, റിയാദിലെ ഒമാൻ എംബസി അംഗങ്ങൾ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ചേർന്ന് സ്വീകരിച്ചു.
വിദേശകാര്യ മന്ത്രി ഹസയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി, നീതിന്യായ-നിയമകാര്യ മന്ത്രി ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് അൽ സഈദി, സാമ്പത്തിക മന്ത്രി ഡോ. സയ്യിദ് ബിൻ മുഹമ്മദ് അൽ സഖ് രി, സൗദി അറേബ്യയിലെ ഒമാന്റെ നിയുക്ത അംബാസഡർ തുടങ്ങി നിരവധി അംഗങ്ങൾ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

