ബർകയിൽ മലവെള്ളപ്പാച്ചിലിനിടെ ജീവൻ പണയപ്പെടുത്തി ഇന്ത്യക്കാരെ രക്ഷിച്ച പാകിസ്താനിയെ ആമിറാത്ത് മലയാളി അസോ. ആദരിച്ചു
text_fieldsമസ്കത്ത്: കനത്ത മഴയെ തുടർന്ന് ബർകയിലെ വാദിയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ വാഹനത്തിൽ കുടുങ്ങിയ രണ്ട് ഇന്ത്യക്കാരെ ജീവൻ പണയപ്പെടുത്തി രക്ഷിച്ച പാകിസ്താൻ സ്വദേശി ഷഹ്‌സാദ് ഖാനെ ആമിറാത്ത് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു.
അതീവ അപകടകരമായ സാഹചര്യത്തിൽ, ദേശ-ഭാഷ വ്യത്യാസങ്ങൾ മറന്ന് മനുഷ്യത്വം മുൻനിർത്തിയാണ് യുവാവ് ധൈര്യപൂർവം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. തന്റെ ജീവൻപോലും പരിഗണിക്കാതെ നടത്തിയ ഇടപെടലിലൂടെ അദ്ദേഹം ഇരുവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും അഭിനന്ദനങ്ങൾ നേടുകയും ചെയ്തിരുന്നു. ആമിറാത്ത് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ആദര ചടങ്ങിൽ ഭാരവാഹികൾ ഷഹ്സാദിനെ അനുമോദിച്ചു. അപകടസാഹചര്യങ്ങളിൽ മനുഷ്യജീവിതത്തിന് മുൻതൂക്കം നൽകുന്ന ഇത്തരം ഇടപെടലുകൾ സമൂഹത്തിന് മാതൃകയാണെന്നും അവർ പറഞ്ഞു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻറ് അഹ്മദ് എജി, സെക്രട്ടറി സജു രാഘവൻ, കോഓഡിനേറ്റർ യാസർ നാദാപുരം, കമറുദ്ദീൻ, റാസിക് വള്ളുവശ്ശേരി, ഷമീം എന്നിവർ ചേർന്ന് ഷഹ്‌സാദ് ഖാനെ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

