അംബാസഡർ സലാലയിലെ ഇന്ത്യൻ സമൂഹവുമായി ആശയ വിനിമയം നടത്തി
text_fieldsഅംബാസഡർ സലാലയിലെ ഇന്ത്യൻ സമൂഹവുമായി ആശയ വിനിമയം നടത്തി
സലാല: ഒമാനിലെ ഇന്ത്യൻ അംബാസഡർ മുനു മഹാവറും സംഘവും സലാല ഇന്ത്യൻ സോഷ്യൽ ക്ലബ് സന്ദർശിച്ചു. സെക്കൻഡ് സെക്രട്ടറി പരമാനന്ദ് സിംഹയും അനൂജ് സ്വരൂപും കൂടെയുണ്ടായിരുന്നു. കോവിഡ് നിബന്ധനകൾ പാലിച്ച് ക്ലബ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം സാമൂഹിക പ്രവർത്തകരുമായി സംവദിച്ചു. ദീർഘ നാളത്തെ ഇടവേളക്കുശേഷമാണ് ക്ലബിൽ കൂടിച്ചേരൽ നടന്നത്. ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡൻറ് രാകേഷ് കുമാർ ഝാ അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി 'ആസാദി കാ അമൃത് മഹോത്സവ്' എന്നപേരിൽ വിപുലമായ പരിപാടിക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതായി അംബാസഡർ അറിയിച്ചു.
ഇന്ത്യൻ സമൂഹത്തിെൻറ പ്രശ്നങ്ങൾ സാമൂഹിക പ്രവർത്തകർ ശ്രദ്ധയിൽപെടുത്തി. പരിമിതികൾക്കുള്ളിൽനിന്ന് ആവശ്യമായ ഇടപെടുലുകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് ഹെൽത്ത് മിനിസ്ട്രിയും റോയൽ ഒമാൻ പൊലീസും ചെയ്യുന്ന സേവനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. കോവിഡ് കാലത്തെ സേവനങ്ങളെ മുൻനിർത്തി വി.പി. അബ്ദുസ്സലാം ഹാജി, രഞ്ജിത് സിങ്, അബ്ദുൽ കലാം എന്നിവർക്കുള്ള ക്ലബിെൻറ ഉപഹാരം അംബാസഡർ നൽകി. ക്ലബ് വൈസ് പ്രസിഡൻറ് സണ്ണി ജേക്കബ്, ജനറൽ സെക്രട്ടറി സന്ദീപ് ഓജ, മാനേജിങ് കമ്മിറ്റിയംഗങ്ങൾ, പ്രത്യേക ക്ഷണിതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.