ഇന്ത്യ - ഒമാൻ ബന്ധം ശക്തിപ്പെടുത്തി അംബാസഡർ മടങ്ങി
text_fieldsഅമിത് നാരംഗ്
മസ്കത്ത്: ഒമാനിലെ സേവന കാലാവധി പൂർത്തിയാക്കി ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് മടങ്ങി.സുൽത്താനേറ്റിലെ ഇന്ത്യൻ അംബാസഡാറയി സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് ബഹുമതിയാണ്.ഒരുപാട് ഓർമകളും സൗഹൃദങ്ങളും ഈ ഭൂമി നൽകിയിട്ടുണ്ട്. ദയാലുവായ ഒമാനി ജനതയോടുള്ള നന്ദിയും അറിയിക്കുകയാണെന്ന് വിടവാങ്ങൽ സന്ദേശത്തിൽ അംബാസഡർ എക്സിൽ കുറിച്ചു.
ഇന്ത്യ-ഒമാൻ സൗഹൃദം കൂടുതൽ ഉയരുമെന്ന് ആത്മവിശ്വാസവും നൽകി ഞാൻ ഇന്ന് വിടവാങ്ങുകയണെന്ന് അംബാസഡർ പറഞ്ഞു. മസ്കത്തിലെ അവസാന ദിവസമായ ഇന്നലെ പുരാതന മോതീശ്വർ മഹാദേവ ക്ഷേത്രം, കൃഷ്ണ ക്ഷേത്രം, ഗുരുദ്വാര എന്നിവ അബാസഡർ സന്ദർശിച്ചു. സ്ലോവേനിയയിലെ അടുത്ത ഇന്ത്യൻ അംബാസഡറായാണ് അമിത് നാരംഗിനെ നിയമിച്ചിരിക്കുന്നത്.ഉടൻതന്നെ അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കും ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഗോദാവർത്തി വെങ്കട ശ്രീനിവാസിനെ വിദേശകാര്യ മന്ത്രാലയം നിയമിച്ചിട്ടുണ്ട്.
ഇന്ത്യൻ ഫോറീൻ സർവിസിലെ 1993 ബാച്ച് കാരനാണ്. നിലവിൽ മന്ത്രാലയത്തിലെ സ്പെഷൽ ഡ്യൂട്ടി ഓഫിസർ ആയി ജോലി ചെയ്തുവരികയാണ്. പുതിയ അംബാസഡർ ഉടൻ ചുമതലയേൽക്കും. ഗിനിയ ബിസാവു, സെനഗൽ എന്നിവിടങ്ങളിൽ അംബാസഡറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2021 ഒക്ടോബർ 24ന് ആണ് ഒമാനിലെ ഇന്ത്യൻ അംബാസഡറായി അമിതി നാരംഗ് ചുമതലയേൽക്കുന്നത്.
ഇന്ത്യൻ ഫോറിൻ സർവിസിൽ ചേർന്ന നാരംഗ് പബ്ലിസിറ്റി ഡിവിഷനിലൂടെയാണ് വിദേശകാര്യ മന്ത്രാലയത്തിൽ കരിയർ തുടങ്ങുന്നത്.2003ൽ ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയിൽ നിയമിതനായി.സാമ്പത്തിക, വാണിജ്യ വിഭാഗത്തിലാണ് പ്രവർത്തിച്ചത്.2007-2010 വരെ തായ്പേയിലെ ഇന്ത്യ-തായ്പേയ് അസോസിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറലായും പ്രവർത്തിച്ചു.കാൻകൂൺ (മെക്സിക്കോ), ഡർബൻ (ദക്ഷിണാഫ്രിക്ക), ദോഹ (ഖത്തർ), ലിമ (പെറു), പാരീസ് (ഫ്രാൻസ്) എന്നിവിടങ്ങളിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ വ്യതിയാന കൺവെൻഷനുകളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു.
2013 മുതൽ 2016വരെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിൽ കൗൺസിലറായും സേവനമനുഷ്ഠിച്ചു. നല്ലൊരു പക്ഷി നിരീക്ഷകൻ കൂടിയാണ്. wingedenvoys.wixsite.com എന്ന േബ്ലാഗിലൂടെ പക്ഷികളുടെ ഫോട്ടോകളും നിരീക്ഷണ വിവരങ്ങളും പങ്കുവെക്കാറുണ്ട്. ഇതിൽ ചേർത്തിരിക്കുന്ന 90 ശതമാനം ഫോട്ടോകളും അദ്ദേഹം എടുത്തതാണ്.ദിവ്യ നാരംഗ് ഭാര്യ.മെഹർ,കബീർ എന്നിങ്ങനെ രണ്ട് മക്കളുമുണ്ട്.
ഒമാനിലെ സേവന കാലയളവിൽ ഇന്ത്യൻ സമൂഹവുമായി ചേർന്നുനിന്ന് പ്രവർത്തിക്കാൻ അദ്ദേഹം മുന്നിലുണ്ടായിരുന്നു. കോവിഡാനന്തര കാലയളവിലും ശഹീൻ ചുഴലിക്കാറ്റ് സമയത്തും ഇന്ത്യൻ പ്രവാസികളുടെ പ്രയാസങ്ങൾ മനസ്സിലാക്കിയ പ്രവർത്തനങ്ങളായിരുന്നു നടത്തിയിരുന്നത്.ശഹീൻ ചുഴലിക്കാറ്റിൽ ബാത്തിന മേഖലയിൽ പാസ്പോർട്ട് നഷ്ടപ്പെട്ട പ്രവാസികൾക്ക് അത് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു.
മാസം തോറും എംബസിയിൽ നടക്കുന്ന ഓപൺ ഫോറത്തിലും മറ്റുസമയങ്ങളിലായി സുൽത്താനേറ്റിന്റെ വിവിധ ഇടങ്ങളിലായി നടന്ന എംബസി കോൺസുലാർ ക്യാമ്പുകളിലും ഉയർന്ന പ്രവാസി പ്രശ്നങ്ങൾ പ്രത്യേക ശ്രദ്ധയോടെ കേൾക്കുകയും അവ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു.വിസയുടെയും മറ്റു രേഖകളുടെയും കാലാവധി കഴിഞ്ഞ നിരവധി പ്രവാസികളെ നാട്ടിലെത്തിക്കാൻ സാധിച്ചത് അംബാസഡറുടെ ചടുലമായ ഇടപെടലുകളാണ് സഹായമായതെന്ന് സാമൂഹിക സംഘടനകളും ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിലും അദ്ദേഹം ശ്രദ്ധ പുലർത്തി.സുൽത്തന്റെ ഇന്ത്യ സന്ദർശനവേളയിൽ വേണ്ട നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകാനും അംബാസഡർ മുന്നിലുണ്ടായിരുന്നു.എന്തുകാര്യങ്ങളും തുറന്നുപറയാൻ സാധിക്കുമായിരുന്നയാളായിരുന്നു അംബാഡറെന്ന് സാമൂഹ്യ സന്നദ്ധ പ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നു.സ്തുത്യർഹമായ സേവനത്തിലൂടെ ഒമാനിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ സ്നേഹം പിടിച്ചുപറ്റിയാണ് അമിത് നാരംഗ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

