അറേബ്യൻ മാനുകൾക്ക് കാവെലാരുക്കി അൽസലീൽ പാർക്ക്
text_fieldsഅൽ സലീൽ നാച്വറൽ പാർക്ക് റിസർവിലെ മാനുകൾ
മസ്കത്ത്: വേട്ടയാടൽമൂലം വംശനാശഭീഷണി നേരിട്ടുകൊണ്ടിരുന്ന അറേബ്യൻ മാനുകളായ ഗാസെലുകൾക്ക് അൽസലീൽ നാച്വറൽ പാർക്കൊരുക്കുന്ന സംരക്ഷണം കാൽനൂറ്റാണ്ടും കഴിഞ്ഞ് മുന്നോട്ട്. തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽകാമിൽ വൽ വാഫി വിലായത്തിൽ 220 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നീണ്ടുകിടക്കുന്ന അൽസലീൽ നാച്വറൽ പാർക്ക് റിസർവ് 1997ലാണ് നിലവിൽവന്നത്. അറേബ്യൻ ഗാസെലുകൾ അമിതമായി വേട്ടയാടപ്പെട്ടപ്പോൾ അവയുടെ എണ്ണം വളരെയധികം കുറഞ്ഞുവരുന്നതിന് പരിഹാരമായിട്ടാണ് അൽസലീൽ പാർക്ക് സ്ഥാപിച്ചത്.
ജൈവ പ്രാധാന്യത്തിനുപുറമേ, സാംസ്കാരിക പ്രാധാന്യവും ഉള്ളവയാണ് അറേബ്യൻ ഗാസെലുകൾ. പുരാതനകാലം മുതൽതന്നെ അറബ് സാഹിത്യരചനകളിൽ അവ ഇടംപിടിച്ചിട്ടുണ്ട്. സൗന്ദര്യത്തിന്റെയും ബുദ്ധിയുടെയും ഗാംഭീര്യത്തിന്റെയും പ്രതീകമായി അവ വാഴ്ത്തപ്പെട്ടിട്ടുണ്ട്. അൽ അഫ്ര, അൽ റീം, അൽ അനൂദ് എന്നിങ്ങനെയുള്ള വിശേഷണങ്ങൾക്കു പുറമേ മാനുകളുമായി ചേർത്ത് സ്ഥലങ്ങൾക്ക് പേരുപോലും ഇടാറുണ്ട്.
മസ്കത്ത് ഗവർണറേറ്റിലെ അൽ ആമിറാത്ത് വിലായത്തിലെ 'സൈഹ് അൽ ദബി' ഒരു ഉദാഹരണം മാത്രം. ഗെവാൻ നാച്വറൽ റിസർവിൽപെട്ട ഗെവാൻ മലനിരകൾ കിഴക്കുവശത്തും വാദി അൽ ബത്തായും റിമൽ അൽ ശർഖിയയും തെക്കുവശത്തും അതിരിടുന്ന അൽ സലീൽ പാർക്ക് മാനുകൾക്കു പുറമേ മറ്റു ജീവികൾക്കും സസ്യങ്ങൾക്കും അഭയമേകുന്നുണ്ട്. ജൈവവൈവിധ്യത്തിനും പേരുകേട്ടതാണ് അൽ സലീൽ പാർക്ക്. അക്കേഷ്യ ഇനത്തിൽപെട്ട അൽ സമർ, അൽ സലാം എന്നിവയടക്കം നൂറുകണക്കിന് സസ്യങ്ങളുടെയും മരങ്ങളുടെയും ആവാസകേന്ദ്രംകൂടിയാണിവിടം. എൻവയൺമെന്റ് അതോറിറ്റി നടത്തിയ സർവേയിൽ ദേശാടനപ്പക്ഷികളടക്കം 57 ഇനം കിളികൾ ഇവിടെയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ബുൾബുൾ, പ്രാവ്, തത്ത, പരുന്ത് തുടങ്ങിയവക്കും അൽ സലീൽ പാർക്ക് അഭയം നൽകുന്നു. ഗാസെലുകൾക്കു പുറമേ അറേബ്യൻ ഇബെക്സ് എന്ന മാൻ വർഗവും കുറുക്കൻ, മുയൽ തുടങ്ങിയവയും ഇവിടെയുണ്ട്. എട്ടുതരം ഇഴജന്തുക്കളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. എൻവയൺമെന്റ് ഏജൻസിയിൽ നിന്നുള്ള ഔദ്യോഗിക പെർമിറ്റ് വാങ്ങിയശേഷമേ പൊതുജനങ്ങൾക്ക് അൽ സലീൽ പാർക്ക് സന്ദർശിക്കാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

