എല്ലാത്തരം വിസകളും സെപ്റ്റംബർ ഒന്നു മുതൽ അനുവദിക്കും –ആർ.ഒ.പി
text_fieldsമേജർ അബ്ദുല്ല അൽ ഹാർത്തി
മസ്കത്ത്: സെപ്റ്റംബർ ഒന്നു മുതൽ രാജ്യത്ത് എല്ലാ തരത്തിലുള്ള വിസകളും അനുവദിക്കുന്നത് പുനരാരംഭിക്കുമെന്ന് പൊലീസ് ആൻഡ് കസ്റ്റംസ് ഓപറേഷൻസ് അസി. ഇൻസ്പെക്ടർ ജനറൽ മേജർ ജനറൽ അബ്ദുല്ല അൽ ഹാർത്തി പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ ഏപ്രിൽ മുതൽ വിസ അനുവദിക്കുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു. രണ്ട് ഡോസ് വാക്സിനടക്കം സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ച് പുതിയ വിസയിലുള്ളവർക്ക് ഒമാനിലേക്ക് വരാവുന്നതാണ്. ഇതോടൊപ്പം ഈ വർഷം ജനുവരി മുതൽ അനുവദിച്ച എല്ലാ വിസകളുടെയും കാലാവധി നീട്ടിനൽകിയിട്ടുണ്ട്. കാലാവധി നീട്ടിയതിന് പ്രത്യേക ഫീസ് ചുമത്തില്ല. രാജ്യത്തിന് പുറത്തുള്ളവർക്ക് ആർ.ഒ.പി വെബ്സൈറ്റിൽ കയറിയാൽ കാലാവധി നീട്ടിയത് മനസ്സിലാക്കാൻ സാധിക്കും. രാജ്യത്തിന് പുറത്തായിട്ട് ആറുമാസം കഴിഞ്ഞവർ വിസ പദവി അപ്ഡേറ്റ് ചെയ്യണം. ഇതിന് സ്പോൺസർ എമിഗ്രേഷനിൽ അപേക്ഷ നൽകണം. ഈ നടപടിക്രമത്തിനു ശേഷം ആറുമാസം കഴിഞ്ഞവർക്ക് ഒമാനിലേക്ക് തിരിച്ചുവരാവുന്നതാണെന്നും മേജർ അബ്ദുല്ല അൽ ഹാർത്തി പറഞ്ഞു.

