എല്ലാ വഴികളും സലാലയിലേക്ക്....
text_fieldsമസ്കത്ത്: ഒമാനിൽ ബലിപെരുന്നാൾ അവധി ആരംഭിച്ചതോടെ എല്ലാ റോഡുകളും ഇനി മധ്യപൗരസ്ത്യ ദേശത്തിന്റെ പച്ചപ്പിലേക്ക് ഒഴുകാൻ തുടങ്ങി. സലാലയിലെ പച്ചയണിഞ്ഞ കുന്നിൻചെരിവുകളും തെങ്ങിൻ തോപ്പുകളും പാൽപത പതപ്പിച്ച് കിണുങ്ങിയൊഴുകുന്ന വെള്ളച്ചാലുകളും കാഴ്ചക്കാർക്ക് ആനന്ദം പകരുന്നതാണ്. ഒരു ഉപഭൂഖണ്ഡം മുഴുവൻ കൊടും വെയിലിൽ കത്തിയെരിയുമ്പോൾ ദൈവത്തിന്‍റെ വരദാനം പോലെ ചാറ്റൽമഴയും ഈറൻ കാറ്റുകളുമായി മനം കവരുന്ന കാഴ്ചകൾ കാണാൻ ഗൾഫ് രാജ്യങ്ങളിൽനിന്ന് നിരവധി സ്വദേശികളും വിദേശികളുമാണ് സലാലയിലേക്ക് ഒഴുകുന്നത്.
ഒമാന്റെ ഇതര ഭാഗങ്ങളിൽനിന്ന് സ്വദേശികളും വിദേശികളുമായ നിരവധി പേരാണ് ഈ അവധിക്കാലത്ത് സലാലയിലേക്ക് ഒഴുകുക. സലാലയിൽ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ജൂൺ 21 മുതൽ മഴക്കാല സീസൺ ആരംഭിക്കുമെങ്കിലും അഞ്ചുദിവസങ്ങൾക്കുമുമ്പാണ് നല്ല മഴ ലഭിക്കാൻ തുടങ്ങിയത്. ഇതോടെ സലാലയിലെ ഉറവകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞൊഴുകാൻ തുടങ്ങി. ഒമാനിലെ സ്കൂളുകൾക്ക് അവധിയായതിനാൽ നിരവധി പേരാണ് സലാല യാത്രക്കൊരുങ്ങുന്നത്. ഒമാനിൽ ബലിപെരുന്നാൾ അവധി കുറവായതിനാൽ നാട്ടിലേക്കോ ഒമാന് പുറത്തേക്കോ അവധി ആഘോഷിക്കാൻ പോവുന്നവർ താരതമ്യേന കുറവായിരിക്കും. അതിനാൽ ഇത്തരക്കാരും സലാലയിലേക്കാണ് തിരിയുക.
കഴിഞ്ഞ രണ്ടുവർഷമായി കോവിഡ് പ്രതിസന്ധി മൂലം സ്വസ്ഥമായി യാത്രകൾ ചെയ്യാത്തവർക്കെല്ലാം കിട്ടുന്ന അവസരം കൂടിയാണിത്. മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്നും മസ്കത്തിൽനിന്നുമുള്ള വിമാന കമ്പനികൾ കൂടുതൽ സർവിസുകൾ സലാലയിലേക്ക് നടത്തുന്നുണ്ട്. ഗൾഫ് മേഖലയിലുള്ളവർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ സന്ദർശിക്കാൻ പറ്റിയ വിനോദ സഞ്ചാര കേന്ദ്രമാണ് സലാല. മസ്കത്തിൽനിന്ന് ഒമാൻ എയറും സലാം എയറുമാണ് കൂടുതൽ സർവിസുകളുമായി രംഗത്തുള്ളത്. മുവാസലാത്ത് അടക്കമുള്ള ബസ് കമ്പനികളും മസ്കത്തിൽനിന്ന് സർവിസുകൾ വർധിപ്പിച്ചിട്ടുണ്ട്.
ഇതുവരെ സലാലയിലേക്ക് സന്ദർശക പ്രവാഹം ആരംഭിച്ചില്ലെങ്കിലും പെരുന്നാൾ അവധിയോടെ തിരക്ക് വലിയതോതിൽ കൂടുമെന്ന് സലാലയിലെ വ്യാപാരികൾ പറയുന്നു. സന്ദർശകരെ ആകർഷിക്കാൻ നിരവധി നടപടികളാണ് അധികൃതർ ഒരുക്കുന്നത്. സലാലയിലെ പ്രധാന ആകർഷകമായ കരിക്കിന്‍റെയും പഴ വർഗങ്ങളുടെയും ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികളും അധികൃതർ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി അടുത്ത ഒരുമാസക്കാലത്തേക്ക് സലാലയിൽനിന്ന് മസ്കത്തിലേക്കും മറ്റു ഭാഗത്തേക്കുമുള്ള കരിക്ക് കയറ്റുമതി അധികൃതർ വിലക്കിയതായി കരിക്ക് വ്യാപാരിയായ വടകര പൈങ്ങോട്ടായി സ്വദേശി ജിനീഷ് പറഞ്ഞു. സലാലയിൽ സാധാരണ സുലഭമായി ലഭിക്കാറുള്ള പപ്പായ അടക്കമുള്ള പഴവർഗങ്ങളുടെ ഉൽപാദനം പൊതുവെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
റോഡ് മാർഗം യാത്രചെയ്യുന്നവർ മുൻകരുതൽ എടുക്കണം
മസ്കത്ത്: മസ്കത്തിൽനിന്ന് സലാലയിലേക്ക് റോഡ് മാർഗം യാത്രചെയ്യുന്നവർ ഏറെ ജാഗ്രത പാലിക്കണം. ഏറെ അപകടങ്ങൾ പതിയിരിക്കുന്നതും നിരവധി പേർ അപകടത്തിൽപെട്ടതുമായ റോഡാണിത്. മസ്കത്തിൽനിന്ന് 1017 കിലോമീറ്റർ ദൂരമാണ് സലാലയിലേക്കുള്ളത്. വാഹനമോടിച്ച് പോവാൻ പത്തുമുതൽ 12 മണിക്കൂർവരെ സമയമെടുക്കും. നിസ്വ കഴിഞ്ഞാൽ റൂട്ട് 31ലാണ് സലാലയിലേക്ക് യാത്ര തുടരേണ്ടത്. യാത്രക്കൊരുങ്ങുന്നവർ പരമാവധി വലിയ വാഹനമായ ബസിൽ യാത്രചെയ്യുന്നതാണ് സുരക്ഷിതം. എന്നാൽ, സ്വന്തമായി വാഹനമില്ലാത്തത് സലാലയിലെ വിവിധ സ്ഥലങ്ങളിൽ കറങ്ങുന്നതിന് തടസ്സമാവും. ഒമാന്റെ പല ഭാഗത്തും മഴപെയ്യുന്നതിനാൽ വിവിധ ഇടങ്ങളിൽ നിറഞ്ഞൊഴുകുന്ന വാദികളും മറ്റും അപകടം വിളിച്ചുവരുത്തും. അതിനാൽ, ഇത്തരം മേഖലകളെ കുറിച്ച വ്യക്തമായ ധാരണ വാഹനമോടിക്കുന്നവർക്കുണ്ടാവണം. ഫോർ വീലർ വാഹനങ്ങൾ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.
ചെറിയ വാഹനത്തിൽ പോവുന്നവർ അതിന്‍റെ സുരക്ഷ ഉറപ്പുവരുത്തണം. ടയറുകൾ, ബ്രേക്ക്, എൻജിൻ, എൻജിൻ ഓയിൽ തുടങ്ങിയ എല്ലാം കുറ്റമറ്റതാണെന്ന് ഉറപ്പാക്കണം. ആദം കഴിഞ്ഞാൽ സലാലയിലേക്ക് റൂട്ട് ഒഴിഞ്ഞുകിടക്കുന്നതും വാഹനം ഓടിക്കുന്നവർക്ക് മടുപ്പുളവാക്കുന്നതുമാണ്.
അമിത വേഗത്തിൽ വാഹനം ഓടിക്കുന്നതും വൻ അപകടത്തിന് കാരണമാവും. അതിനാൽ രാത്രികാലങ്ങളിലെ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. പരമാവധി പകൽസമയത്ത് യാത്രചെയ്യുകയും രാത്രി പത്തോടെ യാത്ര അവസാനിപ്പിക്കുന്നതുമാണ് നല്ലത്. അർധരാത്രിയും പുലർച്ചെയുമുള്ള യാത്ര അപകടകരമാണ്. ഈ സമയത്ത് അപകടത്തിൽപെട്ടാൽ സഹായത്തിനെത്താൻപോലും ആരുമുണ്ടാവില്ല. വാഹനത്തിൽ ഒന്നിൽ കൂടുതൽ ഡ്രൈവർമാർ ഉണ്ടാവുന്നത് നല്ലതാണ്. നീണ്ട മണിക്കൂറുകൾ വാഹനം ഓടിക്കുേമ്പാൾ മടുപ്പും തളർച്ചയുമുണ്ടാവാൻ സാധ്യതയുണ്ട്. ഇത്തരം അവസരങ്ങളിൽ മാറി ഓടിക്കാൻ മറ്റൊരു ഡ്രൈവർ വാഹനത്തിലുണ്ടാവുന്നതും നല്ലതാണ്. ഒറ്റക്ക് പോവുന്നതിന് പകരം കൂടുതൽ വാഹനങ്ങൾ ഒന്നിച്ച് സഞ്ചരിക്കുന്നതാണ് ഉചിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

