‘അൽ ഷുവൈമിയ നൈറ്റ്സി’ന് തുടക്കം
text_fieldsഷാലിമിം ഹല്ലാനിയത്ത് ഐലന്റ് വിലായത്തിൽ നടക്കുന്ന
‘അൽ ഷുവൈമിയ നൈറ്റ്സ്’ പരിപാടിയിൽനിന്ന്
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ ഷാലിമിം ഹല്ലാനിയത്ത് ഐലന്റ് വിലായത്തിലെ അൽ ഷുവൈമിയ നിയാബത്തിൽ ‘അൽ ഷുവൈമിയ നൈറ്റ്സ്’ പരിപാടികൾക്ക് തുടക്കമായി. ദോഫാറിലെ ചെറുകിട, ഇടത്തരം വ്യവസായ വികസന വകുപ്പിനെ പ്രതിനിധാനം ചെയ്ത് ചെറുകിട, ഇടത്തരം വ്യവസായ വികസന അതോറിറ്റിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഗവർണറേറ്റിലെ ചെറുകിട, ഇടത്തരം വ്യവസായ വികസന വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സജീവമാക്കുന്നതിനുള്ള പദ്ധതിയിലാണ് ഈ പരിപാടിയെന്ന് ദോഫാർ ഗവർണറേറ്റിലെ ചെറുകിട, ഇടത്തരം വ്യവസായ വികസന വകുപ്പ് ഡയറക്ടർ ഷെയ്ഖ് മുഹമ്മദ് ബിൻ അഹമ്മദ് അൽ ഗസാനി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ പരമ്പരാഗത ഒമാനി കലകളുടെ അവതരണവും പ്രാദേശിക കലാകാരന്മാർ പങ്കെടുത്ത സംഗീത പരിപാടിയും അരങ്ങേറി. വൈവിധ്യമാർന്ന സാംസ്കാരിക, പൈതൃക പരിപാടികളാണ് ‘അൽ ഷുവൈമിയ നൈറ്റ്സി’ന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉടമകൾ, ഉൽപാദനക്ഷമതയുള്ള കുടുംബങ്ങൾ തുടങ്ങിയവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും അവരുടെ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി മാർക്കറ്റിങ് ഔട്ട്ലെറ്റുകൾ തുറക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.