സൗത്ത് മബേലയിലെ അൽ സലാം ഹെൽത്ത് കോംപ്ലക്സ് നാടിന് സമർപ്പിച്ചു
text_fieldsസൗത്ത് മബേലയിലെ അൽ സലാം ഹെൽത്ത് കോംപ്ലക്സ്
മസ്കത്ത്: ആരോഗ്യമന്ത്രാലയത്തിനു കീഴിൽ മസ്കത്ത് ഗവർണറേറ്റിലെ സീബി വിലായത്തിൽ സൗത്ത് മബേലയിൽ നിർമിച്ച അൽ സലാം ഹെൽത്ത് കോംപ്ലക്സ് നാടിന് സമർപ്പിച്ചു. 6,50,000 റിയാൽ ചിലവിലാണ് പുതിയ ആരോഗ്യകേന്ദ്രം ഒരുക്കിയിരിക്കുന്നത്. 15,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 1,309 ചതുരശ്ര മീറ്റർ കെട്ടിട വിസ്തീർണമുള്ള കെട്ടിടം പൂർത്തിയാക്കാൻ 14 മാസമെടുത്തു. ടെൻഡർ ബോർഡ് സെക്രട്ടറി ജനറൽ എൻജിനീയർ ബദർ ബിൻ സലേം ബിൻ മർഹൂൺ അൽ മാമാരിയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ് .
സുൽത്താനേറ്റിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെ പിന്തുണക്കുന്നതിൽ സമുച്ചയത്തിന് വളരെ അധികം പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അൽ സലാം ഹെൽത്ത് കോംപ്ലക്സ്, ക്രോണിക് ഡിസീസ് മാനേജ്മെന്റ് (പ്രമേഹം, രക്താതിമർദ്ദം, ആസ്ത്മ), പ്രസവ പരിചരണം, കുടുംബാസൂത്രണം തുടങ്ങിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ വിപുലമായ ആരോഗ്യ സേവനങ്ങൾ ഇവിടെനിന്നും ലഭിക്കും.
ബിഹേവിയറൽ മെഡിസിൻ, മുതിർന്നവരുടെയും കുട്ടികളുടെയും മനോരോഗ ചികിത്സ, ന്യൂറോ സൈക്യാട്രി, അറ്റൻഷൻ ഡെഫിസിറ്റ ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ (എ.ഡി.എച്ച്ഡി) എന്നിവ ഉൾപ്പെടെയുള്ള ദ്വിതീയ പരിചരണ സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പ്രസവാനന്തരം, നിരീക്ഷണം എന്നിവക്കായി പ്രത്യേക സ്ഥലങ്ങളുള്ള, കൂടുതൽ രോഗികളെ ഉൾക്കൊള്ളുന്നതിനായി വികസിപ്പിക്കാൻ കഴിയുന്ന ഒരു ലബോറട്ടറി, ഫാർമസി, 19 കിടക്കകൾ എന്നിവയും സമുച്ചയത്തിൽ ഉൾപ്പെടുന്നു.
പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന ലോകോത്തര ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ ഒരു സുപ്രധാന ചുവടുവെപ്പാണിതെന്ന് മസ്കത്ത് ഗവർണറേറ്റിലെ ആക്ടിങ് ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവിസസ് ഡോ. സമീറ ബിൻത് മൂസ അൽ മൈമാനി പറഞ്ഞു. സുസ്ഥിര ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന ഒമാൻ വിഷൻ 2040 ന്റെ ലക്ഷ്യങ്ങളുമായി ഇതു യോജിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
സീബിലെ താമസക്കാരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സമഗ്രവും സംയോജിതവുമായ മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനാണ് അൽ സലാം ഹെൽത്ത് കോംപ്ലക്സ് രൂപകൽപന ചെയ്തിരിക്കുന്നത്. പ്രാദേശിക പൗരന്റെയും ഹെൽത്ത് എൻഡോവ്മെന്റ് ഫൗണ്ടേഷന്റെയും (അത്തർ) പങ്കാളിത്തത്തോടെയാണ് ഈ സൗകര്യം വികസിപ്പിച്ചത്. പ്രത്യേക ക്ലിനിക്കുകൾ, ആധുനിക ലബോറട്ടറികൾ, ഫാർമസ്യൂട്ടിക്കൽ സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്തു മേഖലയിലെ വലിയ ആശുപത്രികളിലെ തിരക്കുകുറക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

