540 മീറ്റർ നീളം, 17 തൂണുകൾ, ഭൂഗർഭ പാത; ഖരീഫ് സീസണിന് കുതിപ്പേകാൻ അൽ മുഗ്‌സൈൽ പാലവും പാതയും തുറന്നു
text_fieldsമസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ പ്രശസ്തമായ അൽ മുഗ്‌സൈൽ റോഡും പാലവും ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഖരീഫ് സീസണിൽ ദോഫാറിലെത്തുന്ന സഞ്ചാരികൾക്ക് ഏറെ ആശ്വാസമേകുന്നതാണ് പുതിയ പാതയും പാലവും. യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഇതോടെ കൂടുതൽ എളുപ്പമാകും.
ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദ് ഉദ്ഘാടനം നിർവഹിച്ചു. പൗരന്മാർക്കും പ്രവാസികൾക്കും സഞ്ചാരികൾക്കും ഒരുപോലെ മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ഒമാൻ നടപ്പാക്കിവരുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ തുടർച്ചയാണിതെന്ന് അദ്ദേഹം പറഞ്ഞു. ദോഫാറിലെ വിനോദസഞ്ചാര, സാമ്പത്തിക, സാമൂഹിക മേഖലകൾക്ക് പദ്ധതി ഉണർവേകും.
അൽ മുഗ്‌സൈൽ പദ്ധതി യാഥാർഥ്യമായതോടെ ഈ മേഖലയിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകും. ദോഫാറിലെ പ്രധാന വിലായത്തുകളായ റഖ്യൂത്ത്, ദൽഖൂത് എന്നിവിടങ്ങളിലേക്കുള്ള യാത്ര ഇനി കൂടുതൽ സുഗമമാകും. പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. മനോഹരമായ അലങ്കാരപ്പണികളും മറ്റ് അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങളും ഉൾപ്പെടുന്ന അടുത്ത ഘട്ടം അടുത്ത വർഷം ആദ്യ പാദത്തോടെ പൂർത്തിയാക്കുമെന്ന് ഗതാഗത വകുപ്പ് അണ്ടർ സെക്രട്ടറി എഞ്ചിനീയർ ഖമീസ് ബിൻ മുഹമ്മദ് അൽ ഷംഖി വ്യക്തമാക്കി.
ഏകദേശം 540 മീറ്റർ നീളമുള്ള ഒരു കൂറ്റൻ കോൺക്രീറ്റ് പാലമാണ് പദ്ധതിയുടെ പ്രധാന ആകർഷണം. 12 മീറ്റർ ഉയരമുള്ള 17 വമ്പൻ തൂണുകളിലും രണ്ട് വശങ്ങളിലെ പില്ലറുകളിലുമായാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളായ മുഗ്‌സൈൽ വാട്ടർഫ്രണ്ട്, മർനീഫ് ഗുഹ, കടൽ പ്രതിഭാസമായ ബ്ലോഹോളുകൾ എന്നിവിടങ്ങളിലേക്ക് സുരക്ഷിതമായി എത്തിച്ചേരാൻ സഹായിക്കുന്ന ഒരു ഭൂഗർഭ തുരങ്കവും ഇതിന്റെ ഭാഗമായി രൂപകൽപ്പന ചെയ്തിട്ടുണ്ട്.
വിനോദസഞ്ചാരികൾക്കായി വിപുലമായ പാർക്കിങ് സൗകര്യങ്ങളും ഏഴ് മീറ്റർ വരെ വീതിയുള്ള കാൽനടപ്പാതയും ഇവിടെ ഒരുക്കിയിട്ടുണ്ട്. വഴി വിളക്കുകളും സ്ഥാപിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കോൺക്രീറ്റ്-മെറ്റൽ ബാരിയറുകൾ, ദിശാസൂചക ബോർഡുകൾ, മുന്നറിയിപ്പ് അടയാളങ്ങൾ എന്നിവയും പാതയിൽ കൃത്യമായി സജ്ജീകരിച്ചിട്ടുണ്ട്. ഒമാന്റെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നവർക്ക് ഈ പുതിയ പാത ഒരു വേറിട്ട യാത്രാനുഭവം സമ്മാനിക്കും എന്നതിൽ സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

