തെരുവുകളിൽ ആവേശം വിതറി അൽ മൗജ് മസ്കത്ത് മാരത്തൺ
text_fieldsഅൽ മൗജ് മസ്കത്ത് മാരത്തണിൽ പങ്കെടുക്കുന്ന മത്സരാർഥികൾ
മസ്കത്ത്: നഗരവീഥികൾക്ക് ആവേശക്കാഴ്ചകൾ സമ്മാനിച്ച് അൽ മൗജ് മസ്കത്ത് മാരത്തൺ. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ ഏഴ് വിഭാഗങ്ങളിലായി 12,000 കായിക താരങ്ങളാണ് പങ്കെടുത്തത്.
പുരുഷന്മാരുടെയും വനിതകളുടെയും 42.2 കിലോമീറ്റർ ഓട്ടത്തിൽ കെനിയൻ താരങ്ങളാണ് ഒന്നാമതെത്തിയത്. പുരുഷന്മാരുടെ വിഭാഗത്തിൽ എലിയുഡ് ടൂ രണ്ട് മണിക്കൂറും 17 മിനിറ്റു 58 സെക്കൻഡിലുമാണ് ഫിനിഷ് ചെയ്തത്. വനിതകളുടെ വിഭാഗത്തിൽ സോഫി ജെപ്ഷെർ രണ്ട് മണിക്കൂറും 36 മിനിറ്റും 21 സെക്കൻഡും കൊണ്ട് ഒന്നാംസ്ഥാനത്തെത്തി. 21.1 കിലോമീറ്റർ ഹാഫ് മാരത്തണിൽ പുരുഷ വിഭാഗത്തിൽ താൻസനിയയുടെ ഇനിസി സോളാണ് ഒന്നാമതെത്തിയത്. ഒരു മണിക്കൂറും മൂന്ന് മിനിറ്റും 16 സെക്കൻഡുമാണ് ഇത്രയും ദൂരം താണ്ടാൻ എടുത്തത്. വനിത വിഭാഗത്തിൽ ഇത്യോപ്യയുടെ ഇനാഡിസ് മിബ്രാതു ഒരു മണിക്കൂർ 13 മിനിറ്റ് 21 സെക്കൻഡിൽ ഒന്നാമതെത്തി. പത്ത് കിലോമീറ്റർ ഓട്ടത്തിൽ നേപ്പാൾ താരം മുഹമ്മദ് താജ് അമീറും ചെക്ക് താരം ആൻഡ്രിയ കൊവറോവയും ഒന്നാമതെത്തി.
കുട്ടികൾക്കുള്ള അഞ്ച് കിലോമീറ്റർ ഓട്ടമത്സരവും നടത്തി. വിവിധ പ്രായക്കാർക്കും ഫിറ്റ്നസ് ലെവലുകളിലുള്ളവർക്കും പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ അനുയോജ്യമായ രീതിയിലാണ് മത്സരങ്ങൾ ആസൂത്രണം ചെയ്തിരുന്നത്.
സമൂഹത്തിലെ വലിയൊരു വിഭാഗത്തെ വ്യായാമം ചെയ്യാനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണിത്. സുൽത്താനേറ്റിന്റെ മനോഹരമായ ഭൂപ്രകൃതി മത്സരാർഥികളെയും കായികതാരങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മസ്കത്തിന്റെ പ്രധാന ലാൻഡ് മാർക്കുകളിലൂടെയാണ് മാരത്തൺ കടന്നുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

