അൽ ഹല്ലാനിയത്ത് ഹെൽത്ത് സെന്റർ നാടിന് സമർപ്പിച്ചു
text_fieldsഅൽ ഹല്ലാനിയത്ത് ഹെൽത്ത് സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
മസ്കത്ത്: ആരോഗ്യ മന്ത്രാലയം ദോഫാർ ഗവർണറേറ്റിലെ ഷാലീം-അൽ ഹല്ലാനിയത്ത് ഐലൻഡ്സ് വിലായത്തിൽ നിർമിച്ച അൽ ഹല്ലാനിയത്ത് ഹെൽത്ത് സെന്റർ ഉദ്ഘാടനം ചെയ്തു.
ദോഫാർ മുനിസിപ്പാലിറ്റി മേധാവി ഡോ. അഹമദ് ബിൻ മുഹ്സിൻ അൽ ഗസ്സാനിയുടെ ആഭിമുഖ്യത്തിലായിരുന്നു ഉദ്ഘാടന പരിപാടി. 1.3 ദശലക്ഷ റിയാലിലധികം വരുന്ന ചിലവിലാണ് ആശുപത്രി ഒരുക്കിയിരിക്കുന്നത്.
861 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിൽ പ്രാഥമിക ആരോഗ്യ സേവനങ്ങളും മെഡിക്കൽ പരിശോധനകളും നൽകുന്ന രണ്ട് ജനറൽ ക്ലിനിക്കുകൾ ഉൾപ്പെടുന്നു.
കൃത്യമായ രോഗനിർണയത്തിനും ഉചിതമായ ചികിത്സക്കുമായി ആധുനിക ഉപകരണങ്ങൾ ഉൾക്കൊള്ളുന്ന ഒരു പരിശോധന, കൺസൾട്ടേഷൻ മുറി, അടിയന്തര കേസുകൾക്കായി ഒരു മെഡിക്കൽ കിടക്കയുള്ള ഒരു നിരീക്ഷണ മുറി, റേഡിയോളജി, സ്റ്റിറിലൈസേഷൻ മുറികൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
വായ, ദന്തൽ പരിചരണത്തിനായി ഒരു ഡെന്റൽ ക്ലിനിക്കും ഉണ്ട്. അമ്മമാർക്കും നവജാത ശിശുക്കൾക്കും സുരക്ഷിതമായ പരിചരണം ഉറപ്പാക്കുന്നതിനുള്ള പ്രസവ യൂനിറ്റും സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തെ പിന്തുണക്കുന്നതിനായി പൂർണമായും സജ്ജീകരിച്ച ഒരു മാതൃ-ശിശു ആരോഗ്യ വാർഡും ഈ കേന്ദ്രത്തൽ ഉൾപ്പെടുന്നു.
മെഡിക്കൽ ലബോറട്ടറി, ഫാർമസി, മരുന്ന് സംഭരണ മുറി, സ്വീകരണ സ്ഥലങ്ങൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടിയുള്ള കാത്തിരിപ്പ് മുറികൾ എന്നിവയാണ് കേന്ദ്രത്തിലെ മറ്റ് സൗകര്യങ്ങൾ.
തദ്ദേശവാസികൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനും അവരുടെ ദൈനംദിന ആരോഗ്യ സംരക്ഷണ ആവശ്യങ്ങ നിറവേറ്റുന്നതിനുമായാണ് ഈ കേന്ദ്രം തുറന്നത്. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ കാരണം സംയോജിത ആരോഗ്യ സേവനങ്ങൾ ലഭ്യമാകാൻ താമസക്കാർ മുമ്പ് പാടുപെട്ടിരുന്നു.
അതിനാൽ സമൂഹത്തിന് മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുന്നതിന് ആധുനിക മെഡിക്കൽ സൗകര്യങ്ങൾ നൽകേണ്ടത് അത്യാവശ്യമായിരുന്നു.
ഒമാന്റെ എല്ലാ ഭാഗങ്ങളിലും ആരോഗ്യ സേവനങ്ങൾ നൽകുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ കേന്ദ്രം ഒരുക്കിയിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

