ദാഹിറയുടെ വികസനം; പദ്ധതികൾ അവലോകനം ചെയ്തു
text_fieldsദാഹിറ ഗവർണറേറ്റിലെ വികസന പദ്ധതികൾ അവലോകനം ചെയ്യാനായി ചേർന്ന യോഗം
മസ്കത്ത്: ദാഹിറ ഗവർണറേറ്റിൽ വരാനിരിക്കുന്ന വിവിധ വികസന പദ്ധതികൾ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതികവിദ്യ മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മാവാലിയുടെ കാർമികത്വത്തിൽ നടന്ന യോഗത്തിൽ അവലോകനം ചെയ്തു. ഗവർണർ നജീബ് ബിൻ അലി അൽ റവാസ്, നിരവധി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഗവർണറേറ്റിൽ നടന്നുകൊണ്ടിരിക്കുന്ന പ്രധാന പദ്ധതികൾ, അവയുടെ നിർവഹണ നില, ഗതാഗത, ലോജിസ്റ്റിക്സ് മേഖലയിലെ ഭാവി അടിസ്ഥാന സൗകര്യ ആവശ്യങ്ങൾ എന്നിവ യോഗം ചർച്ച ചെയ്തു. വിലായത്തുകളിലും ഗ്രാമങ്ങളിലുടനീളമുള്ള മന്ത്രാലയവുമായി ബന്ധപ്പെട്ട റോഡുകളുടെയും ആശയവിനിമയ ശൃംഖലകളുടെയും അറ്റകുറ്റപ്പണി പദ്ധതികൾ, ദാഹിറക്കുള്ള ഡിജിറ്റൽ പരിവർത്തന പദ്ധതിയെക്കുറിച്ചുള്ള പുതിയ കാര്യങ്ങൾ എന്നിവയും യോഗം വിശകലനം ചെയ്തു.
കൂടാതെ, സർക്കാർ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി ഡിജിറ്റൽ പരിവർത്തനത്തിലും കൃത്രിമബുദ്ധിയിലും വിജ്ഞാന കൈമാറ്റവും പരിശീലനവും യോഗം പരിശോധിച്ചു. ഗവർണറേറ്റിലെ റോഡ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി നിരവധി പദ്ധതികൾ നടപ്പാക്കാൻ മന്ത്രാലയം തയാറെടുക്കുകയാണെന്ന് ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രി ചൂണ്ടിക്കാട്ടി.
ദാഹിറയെ വടക്കൻ ബാത്തിന ഗവർണറേറ്റുമായി ബന്ധിപ്പിക്കുന്ന വാദി ഹൈബി റോഡ്, ദാഹിറ-അൽ ബുറൈമി ലിങ്ക് റോഡ് എന്നിവയാണ് അവയിൽ പ്രധാന പദ്ധതികൾ.
റുബൂൽഖാലി അതിർത്തി ക്രോസിങ്ങിലേക്ക് നയിക്കുന്ന ഒരു ഡ്യുവൽ-കാരിയേജ്വേ പദ്ധതിയും മന്ത്രാലയം ടെൻഡർ ചെയ്യും. അതിൽ സർവിസ് റോഡുകളും ഉൾപ്പെടുന്നു. സൗദി അറേബ്യയുമായും അയൽ ഗവർണറേറ്റുകളുമായും ദാഹിറയുടെ തന്ത്രപരമായ ബന്ധം ഈ പദ്ധതികൾ ശക്തിപ്പെടുത്തും. വിലായത്തുകളിലുടനീളം റോഡ് മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് ഗവർണർമാരും മുനിസിപ്പൽ കൗൺസിൽ അംഗങ്ങളും സമർപ്പിച്ച നിർദേശങ്ങളും അഭ്യർഥനകളും യോഗം അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

