മസ്കത്ത്: തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട കേസുകളിൽ 20 വിദേശികളെ അറസ്റ്റ് ചെയ്തതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ശീശ റസ്റ്റാറൻറുകളിലും കഫേകളിലും അനധികൃതമായി ജോലിചെയ്യുന്നവർക്കൊപ്പം വിമാനത്താവളത്തിൽനിന്ന് സ്വകാര്യ കാറുകളിൽ യാത്രക്കാരെ എടുക്കാനെത്തിയവരും അറസ്റ്റിലായവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽനിന്ന് യാത്രക്കാരെ അനധികൃത ടാക്സികളിൽ കൊണ്ടുപോകുന്നവർ പിടിക്കപ്പെട്ടാൽ 200 റിയാൽ പിഴയടക്കേണ്ടിവരുമെന്ന് ഗതാഗത-വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ഒാറഞ്ച്, വെള്ള ടാക്സികൾക്കും വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടുവന്നിറക്കുന്നതിനും മാത്രമാണ് അനുമതിയുള്ളത്. വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാരെ കൊണ്ടുപോകുന്നതിന് മുവാസലാത്ത് ടാക്സി സർവിസിന് മാത്രമാണ് അനുമതിയുള്ളതെന്നും മന്ത്രാലയം ഒാർമിപ്പിച്ചു.
ഇൗവർഷം ആദ്യം മുതലാണ് വിമാനത്താവള പരിസരത്ത് അനധികൃത ടാക്സി സർവിസുകൾക്കെതിരായ നീക്കം അനധികൃതർ കർക്കശമാക്കിയത്. ഇതിെൻറ ഭാഗമായി ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. വന്നിറങ്ങുന്ന യാത്രക്കാരെ കൊണ്ടുപോകാൻ വരുന്നതിന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വിലക്കില്ലെന്ന് ആർ.ഒ.പി അധികൃതർ നേരത്തേ അറിയിച്ചിരുന്നു. കൊണ്ടുവിടുന്നതിന് പകരം പണം ഇൗടാക്കുന്നവരെയാണ് പിടികൂടുക.