മുവാസലാത്ത് വിമാനത്താവള ടാക്സി സർവിസ് ഉടൻ ആരംഭിക്കും
text_fieldsമസ്കത്ത്: മുവാസലാത്തിെൻറ വിമാനത്താവള ടാക്സി സർവിസ് വൈകാതെ ആരംഭിക്കും. ഫെബ്രുവരി ആദ്യംമുതൽ സർവിസ് ആരംഭിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് മുവാസലാത്ത് ടാക്സി ജനറൽ മാനേജർ മുബശ്ശിർ അബ്ദുൽ മജീദ് അൽ ബലൂഷി പറഞ്ഞു. വാഹനങ്ങളിൽ ഇലക്ട്രോണിക് മീറ്ററുകളും നാവിഗേഷൻ ഉപകരണങ്ങളും സ്ഥാപിക്കുന്നതടക്കം അവസാനഘട്ട ജോലികൾ നടന്നുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ വിമാനത്താവളത്തിലെ 100 ടാക്സികൾ മുവാസലാത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതിയ ടെർമിനലിലേക്ക് പ്രവർത്തനം മാറ്റുന്നതോടെ ഇത് വർധിക്കും. വിമാനത്താവള ടാക്സിയുടെ പ്രഖ്യാപനവേളയിലാകും നിരക്കുകൾ പുറത്തുവിടുക. നിലവിലുള്ളതിനേക്കാൾ മികച്ചതും മത്സരക്ഷമവുമായ നിരക്കായിരിക്കും മുവാസലാത്ത് വിമാനത്താവള ടാക്സിക്ക് ഉണ്ടാവുകയെന്നും ജനറൽ മാനേജർ പറഞ്ഞു. വിമാനത്താവള മാനേജ്മെൻറ് കമ്പനിയുടെ ചുമതലയിലാണ് നിലവിലെ ടാക്സി സർവിസ്. കുറഞ്ഞ ചാർജ് ആറു റിയാലാണ്. കുറഞ്ഞദൂരത്തിന് ശേഷം കിലോമീറ്ററിന് 200 ബൈസ എന്ന തോതിൽ നൽകണം.
ജി.സി.സി തലത്തിലെ ഏറ്റവും ഉയർന്ന വിമാനത്താവള ടാക്സി നിരക്കാണ് ഇതെന്ന് നേരത്തേ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. നിലവിൽ ഷോപ്പിങ് മാളുകളിൽനിന്നും വാണിജ്യ കേന്ദ്രങ്ങളിൽനിന്നുമുള്ള സർവിസുകളും ഒാൺ കാൾ സേവനങ്ങളുമാണ് മുവാസലാത്ത് നടത്തിവരുന്നത്. കഴിഞ്ഞ ഡിസംബർ 12നാണ് ഇത് ആരംഭിച്ചത്. നിലവിലെ പ്രമോഷനൽ നിരക്കുകളുടെ കാലാവധി ഇൗമാസം 31 വരെയാണ്. ശേഷം, നിരക്കുകളിൽ പരിഷ്കരണം വരുത്തുമെന്ന് ജനറൽ മാനേജർ പറഞ്ഞു. വിദ്യാർഥികൾക്കും ഒാഫിസ് യാത്രികർക്കുമായി കരാർ സേവനങ്ങൾ ആരംഭിക്കുന്നതടക്കം പദ്ധതികളും ആലോചനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.