ജബൽ അഖ്ദറിൽ വിമാനത്താവള പദ്ധതിക്ക് നടപടി
text_fieldsജബൽ അഖ്ദർ മലനിരയുടെ ആകാശ ദൃശ്യം
മസ്കത്ത്: രാജ്യത്തെ പ്രാദേശിക വിമാനത്താവള വികസന പദ്ധതി നടപടികൾക്ക് വേഗം കൂട്ടി ഒമാൻ എയർപോർട്ട്സ്. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജബൽ അഖ്ദറിൽ പുതിയ വിമാനത്താവളത്തിനും മസീറ ദ്വീപിൽ നിലവിലെ വിമാനത്താവള വികസനത്തിനും ടെൻഡറുകൾ ക്ഷണിച്ചു. ജബൽ അൽ അഖ്ദർ വിമാനത്താവളത്തിനായുള്ള എയറോനോട്ടിക്കൽ പഠനം നടത്തുന്നതിനുള്ള ടെൻഡർ മാർച്ച് 12 നകം സമർപ്പിക്കണം. മസീറ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഡിസൈൻ ആൻഡ് ബിൽഡ് ജോലികൾക്കുള്ള ടെൻഡറുകൾ മാർച്ച് 21നകവും സമർപ്പിക്കണം. ജബൽ അൽ അഖ്ദറും മസിറയും ഉൾപ്പെടെ പ്രീഫാബ്രിക്കേറ്റഡ് ഘടനയിലുള്ള ടെർമിനൽ കെട്ടിടങ്ങളുടെ ഡിസൈൻ-നിർമാണത്തിനും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. മാർച്ച് 21നകം ഈ ടെണ്ടറും സമർപ്പിക്കണം. ജബൽ അൽ അഖ്ദർ, റാസ് അൽ ഹദ്, മസിറ വിമാനത്താവളങ്ങളുടെ എഞ്ചിനീയറിങ് ഡിസൈൻ-പരിപാലന ടെൻഡറിങ്ങിനായുള്ള സാങ്കേതിക-സാമ്പത്തിക പഠനം പൂർത്തിയായതായി സി.എ.എ എയർപോർട്ട് പ്രൊജക്ട്സ് ടീം മേധാവി എൻജിനീയർ സാലിം അൽ ഹർസി അറിയിച്ചു. മസിറയിൽ വിമാനത്താവള വികസനത്തിനായി സൈറ്റ് തെരഞ്ഞെടുപ്പ്, മാസ്റ്റർ പ്ലാൻ, ഡിസൈൻ, മേൽനോട്ടം എന്നിവയ്ക്കുള്ള ടെൻഡറുകളും സി.എ.എ പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ മസീറയിലുള്ള വിമാനത്താവളം പ്രധാനമായും റോയൽ എയർഫോഴ്സ് ഓഫ് ഒമാന്റെ (റാഫോ) സൈനിക ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നതെങ്കിലും, മസ്കത്തിൽ നിന്ന് സലാം എയർ പരിമിതമായ തോതിൽ ആഭ്യന്തര സർവീസുകൾ നടത്തുന്നുണ്ട്. നിലവിലുള്ള സൗകര്യങ്ങൾ പരിമിതമായതിനാൽ, പുതിയൊരു സിവിൽ പാസഞ്ചർ ടെർമിനൽ നിർമിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ഒമാൻ എയർപോർട്സ് അധികൃതർ നടപടികൾ ആരംഭിച്ചിട്ടുള്ളത്.
മതിയായ ഗതാഗത സൗകര്യമില്ലാത്തത് മസീറ ദ്വീപ് നിവാസികൾക്ക് വെല്ലുവിളിയാണ്. വൈകിട്ട് ആറിനുശേഷം ഫെറി സർവീസ് ഇല്ലാത്തതിനാൽ അടിയന്തര ആരോഗ്യ സാഹചര്യങ്ങളിൽ വ്യോമസേവനമാണ് ആശ്രയം. സാധാരണ ചികിത്സക്കായി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പോകാൻ സനാ വരെ ഫെറിയിൽ യാത്ര ചെയ്ത് തുടർന്ന് മണിക്കൂറുകൾ റോഡ് മാർഗം നിസ്വ, മസ്കത്ത്, സൂർ തുടങ്ങിയ നഗരങ്ങളിലെത്തേണ്ട സാഹചര്യമാണുള്ളത്.
നിലവിൽ പ്രവർത്തനസജ്ജമായ വിമാനത്താവളമില്ലാത്ത ദാഖിലിയ്യ ഗവർണറേറ്റിലെ ജബൽ അഖ്ദറിൽ പുതിയ വിമാനത്താവളം വരുന്നത് വിനോദസഞ്ചാര മേഖലക്ക് കരുത്തേകുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രതീക്ഷിക്കുന്നു. വർഷം മുഴുവൻ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രമായി മാറിയ ജബൽ അഖ്ദറിൽ വേനൽക്കാലത്ത് മിതമായ താപനിലയും ശീതകാലത്ത് നല്ല തണുപ്പുമാണ് അനുഭവപ്പെടുന്നത്. 2025 ജനുവരി മുതൽ ഡിസംബർ വരെ ജബൽ അൽ അഖ്ദറിൽ സന്ദർശകരുടെ എണ്ണം 2,22,151 ആയി ഉയർന്നു. മുൻവർഷം ഇത് 2,03,629 ആയിരുന്നു. വിദേശികളും ജി.സി.സി രാജ്യങ്ങളിലെ പൗരന്മാരും ഉൾപ്പെടെ വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധന ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിലാണ് നിലവിൽ റോഡ് മാർഗം മാത്രമുള്ള ഇവിടേക്ക് വിമാനത്താവള പദ്ധതി വരുന്നത്. ഇതിനായുള്ള ടെർമിനൽ കെട്ടിടങ്ങളുടെ രൂപകൽപനക്കും നിർമാണത്തിനുമായാണ് ടെൻഡർ ക്ഷണിച്ചത്.
അതോടൊപ്പം, സുൽത്താനേറ്റിലെ വിവിധ വിമാനത്താവളങ്ങളുടെ വികസന പദ്ധതികളും സിവിൽ ഏവിയേഷൻ അതോറിറ്റി ലക്ഷ്യമിടുന്നുണ്ട്. സുഹാർ അന്താരാഷ്ട്ര വിമാനത്താവള വികസനവും മുസന്ദത്തിൽ പുതിയ വിമാനത്താവളം സ്ഥാപിക്കുന്നതും വികസന പദ്ധതിയിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

