മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനലിന് അന്താരാഷ്ട്ര അംഗീകാരം. ഇൗ വർഷത്തെ മിഡിലീസ്റ്റിലെ മികച്ച ടൂറിസം വികസന പദ്ധതിക്കുള്ള ആഗോള ട്രാവൽ അവാർഡാണ് ലഭിച്ചത്. ഒമാൻ എയർപോർട്ട് കമ്പനിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ശ്രമങ്ങൾക്കുള്ള അംഗീകാരമായി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് അംഗീകാരം ലഭിച്ചതായി വിമാനത്താവള കമ്പനി ട്വിറ്ററിൽ അറിയിച്ചു. വോെട്ടടുപ്പിലൂടെയാണ് അവാർഡിന് അർഹരായവരെ തെരഞ്ഞെടുത്തത്. മസ്കത്ത് വിമാനത്താവളത്തിന് അനുകൂലമായി വോട്ടുചെയ്തവർക്ക് വിമാനത്താവള കമ്പനി നന്ദി അറിയിക്കുകയും ചെയ്തു.
പുതിയ മസ്കത്ത് വിമാനത്താവളം പ്രവർത്തനമാരംഭിച്ച് ഒരു മാസം തികഞ്ഞ വേളയിലാണ് അംഗീകാരം സംബന്ധിച്ച പ്രഖ്യാപനം പുറത്തുവിടുന്നത്.
ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ പദ്ധതികൾക്ക് ആഗോളതലത്തിലുള്ള മികച്ച അംഗീകാരങ്ങളിൽ ഒന്നാണ് ആഗോള ട്രാവൽ അവാർഡ്. റാസൽഖൈമയിൽ നടന്ന ചടങ്ങിൽ ഒമാൻ വിമാനത്താവള കമ്പനി അധികൃതർ അവാർഡ് ഏറ്റുവാങ്ങി.