വിമാനത്താവളത്തിൽനിന്നുള്ള സർവിസിന് നിരക്കിളവുമായി മുവാസലാത്ത്
text_fieldsമസ്കത്ത്: പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ ഉദ്ഘാടന സമ്മാനമായി നിരക്കിളവ് പ്രഖ്യാപിച്ച് മുവാസലാത്ത്. വിമാനത്താവളത്തിൽനിന്ന് റൂവിയിലേക്കും മബേലയിലേക്കുമുള്ള സർവിസുകൾക്ക് 50 ശതമാനം നിരക്കിളവാണ് പ്രഖ്യാപിച്ചത്. ഒരു റിയാലിന് പകരം ഇനി 500 ബൈസ നൽകിയാൽ മതിയാകും.
ജൂൺ 20വരെയാകും ഇൗ ആനുകൂല്യം ലഭിക്കുക. വിമാനത്താവള സർവിസ് മുൻനിർത്തി വലിയ ലഗേജുകൾ വെക്കാൻ സാധിക്കുന്ന രീതിയിലുള്ള ബസുകൾ മുവാസലാത്ത് അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഭിന്നശേഷിക്കാർക്ക് സുഗമയാത്ര ഉറപ്പാക്കുന്നതിനുള്ള സൗകര്യങ്ങളും ഇൗ ബസിലുണ്ട്. പൊതുഅവധി ദിവസങ്ങളടക്കം എല്ലാ ദിവസവും മുഴുവൻ സമയവും ഇൗ ബസുകൾ സർവിസ് നടത്തും. മബേല ബസ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ബസിെൻറ സ്റ്റോപ്പുകൾ അൽഖൂദ്, അൽ ഹെയിൽ, മസ്കത്ത് സിറ്റി സെൻറർ, ബുർജ് സഹ്വ, പഴയ മസ്കത്ത് വിമാനത്താവളം എന്നിവയാണ്.
റൂവിയിൽനിന്നുള്ള ബസിന് വാദി അദൈ, വതയ്യ, ഖുറം, സരൂജ്, അൽഖുവൈർ ഒമാൻ ടെൽ ബസ് സ്റ്റേഷൻ, ഗൂബ്ര, അസൈബ, മുവാസലാത്ത് ബസ് സ്റ്റേഷൻ എന്നിവിടങ്ങളിലുമാണ് സ്റ്റോപ്പുകൾ ഉണ്ടാവുക. പുതിയ വിമാനത്താവളത്തിൽനിന്നുള്ള ടാക്സി സർവിസും മുവാസലാത്തിന് കീഴിലാണ്. വാണിജ്യ പെർമിറ്റില്ലാത്ത വാഹനങ്ങളുടെ എണ്ണം നിയന്ത്രിച്ച് വിമാനത്താവളത്തിൽനിന്നുള്ള സർവിസുകൾ സുഗമവും സുരക്ഷിതവുമാക്കാൻ ഒമാൻ വിമാനത്താവള കമ്പനിയും ആർ.ഒ.പിയുമായി ചേർന്ന് പ്രവർത്തിച്ചുവരുകയാണെന്നും മുവാസലാത്ത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
