പുതിയ വിമാനത്താവളത്തിൽ കുറഞ്ഞ അനൗൺസ്മെൻറുകൾ മാത്രം
text_fieldsമസ്കത്ത്: പുതിയ മസ്കത്ത് വിമാനത്താവളം ‘നിശ്ശബ്ദ’ വിമാനത്താവളമായിരിക്കും. ആഗോള മാതൃകക്കനുസരിച്ചാണ് ഇൗ രീതി പിന്തുടരുന്നത്. വിമാനങ്ങളെ കുറിച്ച വിവരങ്ങൾ ടെർമിനലിലെ ഡിസ്പ്ലേ ബോർഡുകളിൽ പ്രദർശിപ്പിക്കും. ഡിപ്പാർചർ, ബോർഡിങ് ഗേറ്റ് മേഖലകളിൽ കുറഞ്ഞ അനൗൺസ്മെൻറുകൾ മാത്രമാണ് ഉണ്ടാവുകയെന്ന് വിമാനത്താവള മാനേജ്മെൻറ് കമ്പനി വക്താവ് അറിയിച്ചു.
മസ്കത്ത്: പുതിയ വിമാനത്താവളത്തിലെ ഡിപ്പാർചർ ടെർമിനലിൽ മൂന്ന് കവാടങ്ങളാണ് ഉണ്ടാവുക. ‘എ’ കവാടത്തിലൂടെ ബിസിനസ് ക്ലാസ്, ഫസ്റ്റ്ക്ലാസ് യാത്രക്കാർക്കാണ് പ്രവേശനം. ‘ബി’ കവാടത്തിലൂടെ ഒമാൻ എയർ ഇക്കോണമി ക്ലാസ് യാത്രക്കാരാണ് പ്രവേശിക്കേണ്ടത്.
മറ്റു വിമാനക്കമ്പനികളുടെ ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് ‘സി’ കവാടത്തിലൂടെയാകും പ്രവേശം. പുതിയ വിമാനത്താവളം വഴി യാത്രചെയ്യുന്നവർ സമയക്രമം കർക്കശമായി പാലിക്കണം. പുറപ്പെടാനുള്ള യാത്രക്കാർ മൂന്നു മണിക്കൂർ മുമ്പ് എത്തിയിരിക്കണം. വിസ കാൻസൽ ചെയ്യാനുള്ളവരാണെങ്കിലും നാലുമണിക്കൂർ മുമ്പും എത്തണമെന്നതാണ് നിർദേശം. 18 നവംബർ സ്ട്രീറ്റ് വഴിയും എക്സ്പ്രസ് ഹൈവേ വഴിയും സുൽത്താൻ ഖാബൂസ് റോഡ് വഴിയും പുതിയ ടെർമിനലിൽ എത്താം. മൂന്ന് റോഡുകളെയും െടർമിനലിലേക്കുള്ള പ്രധാന പാലവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പ്രധാന പാലത്തിൽനിന്നാണ് അറൈവൽ, ഡിപ്പാർചർ വിഭാഗങ്ങളിലേക്ക് തിരിഞ്ഞുപോകേണ്ടത്. യാത്രക്കാരുടെ ആശയക്കുഴപ്പം ഒഴിവാക്കാൻ റോഡുകളിൽ ദിശാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ആശയക്കുഴപ്പം ഒഴിവാക്കാൻ വിമാനത്താവളത്തിലേക്കുള്ള വഴിയുടെ വിഡിയോ കഴിഞ്ഞ ദിവസം അധികൃതർ പുറത്തുവിട്ടിരുന്നു. 8000 കാറുകൾക്ക് പുതിയ ടെർമിനലിൽ പാർക്ക് ചെയ്യാൻ സൗകര്യമുണ്ടാകും.
യാത്രക്കാർക്ക് വേണ്ട എല്ലാ വിവരങ്ങളും ഡിസ്പ്ലേ ബോർഡുകളിൽ ഉണ്ടാകും. നൂതന സാേങ്കതിക സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ആഗോളതലത്തിൽ പിന്തുടരുന്ന മാതൃകക്കനുസരിച്ചാണ് ‘നിശ്ശബ്ദ’ വിമാനത്താവളം എന്ന ആശയം ഒരുക്കിയത്. യാത്രക്കാർ തങ്ങളുടെ ബോർഡിങ് പാസുകളും ഡിസ്പ്ലേ ബോർഡുകളിലെ വിമാനങ്ങളുടെ വിവരങ്ങളും ഒത്തുനോക്കണം. ബോർഡിങ് ഗേറ്റുകൾ മനസ്സിലാക്കി വിമാനം പുറപ്പെടുന്ന സമയത്തിന് എത്താൻ യാത്രക്കാർ ഉത്തരവാദിത്തം കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വക്താവ് അറിയിച്ചു. യാത്രക്കാെര ചെക് ഇൻ കൗണ്ടറുകളിലേക്ക് എത്തിക്കാൻ റോബോട്ടുകളെയും ഒരുക്കിയിട്ടുണ്ട്. നിലവിൽ മിഡിലീസ്റ്റിലെ 10 മുൻനിര വിമാനത്താവളങ്ങളിൽ ഒന്നാണ് മസ്കത്ത് വിമാനത്താവളം. 2020ഒാടെ പുതിയ മസ്കത്ത് വിമാനത്താവളത്തെ ആഗോളതലത്തിൽ മുൻനിരയിൽ എത്തിക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
