ജബൽ അഖ്ദറിലേക്ക് വിമാന സർവിസുകൾ ആലോചിക്കുന്നു -മന്ത്രി
text_fieldsമന്ത്രി സഈദ് ബിൻ ഹമൂദ് അല്‍ മവാലി
മസ്കത്ത്: രാജ്യത്തെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നായ ജബൽ അഖ്ദറിലേക്ക് യാത്രസുഗമമാക്കുന്നതിന് വിമാന സർവിസുകൾ ഉൾപ്പെടെയുള്ള പദ്ധതികൾ ആലോചിക്കുന്നുണ്ടെന്ന് ഗതാഗത, വാർത്തവിനിമയ, വിവര സങ്കേതിക മന്ത്രി സഈദ് ബിൻ ഹമൂദ് അല്‍ മവാലി. റമദാനോടനുബന്ധിച്ച് ഒമാൻ എയർപോർട്ട്സ് അധികൃതർ റേഡിയോ മസ്കത്ത് എഫ്.എമ്മുമായി സഹകരിച്ച് നടത്തിയ ചർച്ച പരമ്പരകളുടെ സമാപന എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തുടക്കത്തിൽ ജബൽ അഖ്ദറിനെ വിമാനങ്ങൾ വഴി മസ്കത്തുമായി ബന്ധിപ്പിക്കും. ഭാവിയിൽ അയൽരാജ്യങ്ങളെ ഉൾപ്പെടുത്താനുള്ള വിപുലീകരണ പദ്ധതികളും ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ, മസിറ ദ്വീപിലേക്കുള്ള വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുകയും അൽ ഹല്ലാനിയത്ത് ഐലൻഡ്, അൽമസിയൂന വിലായത്തിലേക്ക് പുതിയ റൂട്ടുകളും ഒരുക്കും.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഗതാഗത, വ്യോമയാന മേഖലയിലെ വിവിധ തന്ത്രപരമായ പദ്ധതികളെ കുറിച്ചും മന്ത്രി സംസാരിച്ചു. മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ റോഡ് പദ്ധതികൾ, നഗരങ്ങളുടെ ചലനാത്മകതയും കണക്ടിവിറ്റിയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മസ്കത്ത് മെട്രോ പദ്ധതികളെ കുറിച്ചും വിശദീകരിച്ചു.
കോവിഡ് മഹാമാരിക്ക് ശേഷം ട്രാവൽ മേഖലയിൽ കുതിപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം 40 ശതമാനവും വിമാന ഗതാഗതം 37ശതമാനവും വർധിച്ചു. രാജ്യത്തെ വിമാനത്താവളങ്ങളിൽ സർവിസ് നടത്തുന്ന എയർലൈനുകളുടെ എണ്ണം വർധിപ്പിക്കാനും പദ്ധതിയുണ്ട്. 140ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് മസ്കത്ത് അന്താരാഷ്ട്രവിമാനത്താവളം വഴി പോകാൻ സാധിക്കും.
ഖസബ് വിമാനത്താവളം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളും ഊർജിതമായി നടന്നുകൊണ്ടിരിക്കുകയാണ്. ഈ വർഷം ഡിസൈൻ ടെൻഡർ പുറപ്പെടുവിക്കും. നാല് വർഷത്തിനുള്ളിൽ വിമാനത്താവളം പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

