ഖരീഫ്; സഞ്ചാരികളെ സ്വീകരിക്കാൻ വിമാനത്താവളങ്ങൾ സുസജ്ജം
text_fieldsസലാല വിമാനത്താവളം
മസ്കത്ത്: ഈ വർഷത്തെ ഖരീഫ് സീസണിലെത്തുന്ന സഞ്ചാരികൾ സുരക്ഷിതവും സുഗമവുമായ യാത്ര അനുഭവം നൽകുന്നതിനായി എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. സലാല വിമാനത്താവളത്തിൽ ഡ്രൈവ്-ത്രൂ ചെക്ക്-ഇൻ സേവനം ഒരുക്കി. ‘ട്രാവൽ ഈസി’ സേവനത്തിന്റെ ഭാഗമായാണ് ഇത് അവതരിപ്പിച്ചത്. യാത്രക്കാർക്ക് വാഹനങ്ങളിൽനിന്ന് പുറത്തിറങ്ങാതെ തന്നെ ചെക്ക്-ഇൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും, ബോർഡിങ് പാസ് സ്വീകരിക്കാനും ബാഗേജ് ഡ്രോപ്പ് ചെയ്യാനും അനുവദിക്കും.
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും സലാല വിമാനത്താവളത്തിന്റെയും വ്യോമഗതാഗതവും ആഭ്യന്തര വിമാന സർവിസുകളും പ്രവർത്തനക്ഷമതയും വർധിപ്പിക്കുന്നതിന് സിവിൽ ഏവിയേഷൻ അതോറിറ്റി, ഒമാൻ എയർപോർട്ട് കമ്പനി, ഒമാൻ എയർ, സലാം എയർ എന്നിവ ഒരുമിച്ച് പ്രവർത്തിക്കും. ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി സുഗമമായ വിമാന യാത്രയും ഉയർന്ന നിലവാരമുള്ള യാത്രാ സേവനങ്ങളും ഉറപ്പാക്കുന്നതിനാണ് ഈ നടപടികൾ ലക്ഷ്യമിടുന്നത്.
അടിയന്തര പ്രതികരണ പദ്ധതികൾ അവലോകനം ചെയ്യുക, എയർ ട്രാഫിക് കൺട്രോൾ സിസ്റ്റങ്ങളുടെ സന്നദ്ധത സ്ഥിരീകരിക്കുക, കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾ നൽകുക എന്നിവയുൾപ്പെടെ അതോറിറ്റി അതിന്റെ പ്രവർത്തന, ഫീൽഡ് തയാറെടുപ്പുകൾ ഊർജിതമാക്കിയിട്ടുണ്ട്.
പങ്കാളികളുമായുള്ള തുടർച്ചയായ ഏകോപനം എല്ലാ യാത്രക്കാർക്കും സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്രാനുഭവം ഉറപ്പാക്കുന്നു. വിമാന സർവിസുകൾ വർധിപ്പിച്ചതും ഈ തയാറെടുപ്പുകളിൽ ഉൾപ്പെടുന്നതാണ്.
ജൂലൈ ആദ്യം മുതൽ ഒമാൻ എയർ അതിന്റെ ഖരീഫ് പ്രവർത്തനങ്ങൾ ആരംഭിക്കും. തിരക്കേറിയ സമയങ്ങളിൽ ദിവസേനയുള്ള വിമാനങ്ങളുടെ എണ്ണം 12 ആയി ഉയർത്തും. സലാം എയർ ജൂൺ അവസാനം പ്രവർത്തനം ആരംഭിക്കും. ജൂലൈ 10 മുതൽ ഓഗസ്റ്റ് അവസാനം വരെ ദിവസേന എട്ട് വിമാനങ്ങൾ വരെ സർവിസ് നടത്തും. കൂടാതെ, സുഹാറിനും സലാലക്കും ഇടയിൽ നേരിട്ടുള്ള വിമാനങ്ങൾ ജൂലൈ 15ന് ആരംഭിക്കും. ദിവസേന ഒരു സർവിസ് ആയിരിക്കും ഉണ്ടാവുക.
വർധിച്ചു വരുന്ന ആവശ്യം നിറവേറ്റുന്നതിനായി, രണ്ട് എയർലൈനുകളും സീറ്റ്ശേഷി വർധിപ്പിച്ചിട്ടുണ്ട്. ഒമാൻ എയർ വർഷാവസാനത്തോടെ 70,000 ത്തിലധികം അധിക സീറ്റുകൾ അനുവദിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16 ശതമാനം വർധന. സലാം എയറും 2024 നെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണം 58 ശതമാനത്തിലധികം വർധിപ്പിച്ചു.
ഈ വർഷമിത് ഏകദേശം 176,000 സീറ്റുകളിലെത്തി. ജലൈ ഒന്നിനും സെപ്റ്റംബർ 15നും ഇടയിലായി സലാലയിലേക്ക് ഒമാനികൾക്ക് ഒമാൻ എയറിന് 32 റിയാൽ ആയിരിക്കും. മടക്കയാത്രക്ക് 54 റിയാലുമുതലും ആയിരിക്കും. സലാം എയറിന് ഒരു വശത്തേക്കുള്ള വിമാനത്തിന് 30 റിയാലും മടക്കയാത്രക്ക് 48 റിയാൽ മുതലും ആയിരിക്കും ചാർജ്.
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലും സലാല വിമാനത്താവളത്തിലും യാത്രക്കാർക്ക് സമഗ്രവും സുരക്ഷിതവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഒമാൻ എയർപോർട്ട് അറിയിച്ചു. ബുക്കിങ് നടപടിക്രമങ്ങൾ മുതൽ എത്തിച്ചേരൽ വരെയുള്ള യാത്രയുടെ എല്ലാ ഘട്ടങ്ങളിലും സേവന സംവിധാനത്തിന്റെ സംയോജനം ഉറപ്പാക്കുന്നതും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും വ്യോമയാന മേഖലയിലെ മികച്ച പ്രവർത്തന രീതികൾക്കും അനുസൃതമായി കൂടുതൽ വിശിഷ്ട സേവനങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
സലാല വിമാനത്താവളം യാത്രക്കാരുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്ന സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ ‘ട്രാവൽ ഈസി’ സേവനം ഉൾപ്പെടുന്നു. ഈ സേവനത്തിലൂടെ, യാത്രക്കാർക്ക് വിമാനത്തിന്റെ പുറപ്പെടലിന് 12 മണിക്കൂർ മുമ്പ് മുതൽ ആറ് മണിക്കൂർ മുമ്പ് വരെ ചെക്ക്-ഇൻ നടത്താനും ബാഗേജ് ഡ്രോപ്പ് ചെയ്യാനും സാധിക്കും. ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെ ദിവസവും രാവിലെ എട്ട് മുതൽ രാത്രി എട്ടുവരെ ഈ സേവനം ലഭ്യമായിരിക്കും.
ഖരീഫ്: സഞ്ചാരികളെ ആകർഷിക്കാൻ ഗൾഫ് രാജ്യങ്ങളിൽ കാമ്പയിൻ
മസ്കത്ത്: ഖരീഫ് സീസണിൽ ഗൾഫ് രാജ്യങ്ങളിൽനിന്ന് ദോഫാറിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി പൈതൃക ടൂറിസം മന്ത്രാലയം നടത്തുന്ന കാമ്പയിൻ തുടരുന്നു.
ഗൾഫ് രാജ്യങ്ങളിലെ പ്രധാന മാളുകളിലാണ് ‘നിങ്ങളുടെ വേനൽക്കാലം പച്ചപ്പാണ്’ എന്ന തലക്കെട്ടിൽ പ്രമോഷനൽ പ്രവർത്തനങ്ങൾ നടത്തുന്നത്. ജൂൺ 21 മുതൽ വർഷം തോറും നടക്കുന്ന ദോഫാർ ഖരീഫ് സീസണിലെ തണുത്ത കാലാവസ്ഥ, പ്രകൃതിദൃശ്യങ്ങൾ, അതുല്യമായ സാംസ്കാരിക അനുഭവങ്ങൾ തുടങ്ങിയവയാണ് ഉയർത്തിക്കാട്ടുന്നത്.
ഗവർണറേറ്റിന്റെ വൈവിധ്യമാർന്ന ടൂറിസം അനുഭവങ്ങളെയും പ്രവർത്തനങ്ങളെയുംക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ നൽകിയാണ് പ്രമോഷനൽ പ്രവർത്തനങ്ങൾ നടത്തുന്നത്. വിനോദ, പ്രകൃതി യാത്രകൾ, പൈതൃക, പുരാവസ്തു സ്ഥലങ്ങളിലേക്കുള്ള സന്ദർശനങ്ങൾ, സീസണൽ പരിപാടികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഗൾഫ് രാജ്യങ്ങളിൽ പൈതൃക-ടൂറിസം മന്ത്രാലയം നടത്തുന്ന പ്രമോഷനൽ കാമ്പയിൻ
സലാലയിലേക്കുള്ള നേരിട്ടുള്ള വിമാന ഓപ്ഷനുകളും കാമ്പയിൻ എടുത്തുകാണിക്കുന്നു. ഇത് ജി.സി.സി രാജ്യങ്ങളിലെ സന്ദർശകർക്കുള്ള യാത്രാ ആസൂത്രണം ലളിതമാക്കുന്നു.
ഈ വർഷം ദുബൈയിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലും ഖരീഫ് സീസണിലെ പ്രധാന ആകർഷണങ്ങളും പരിപാടികളും ഉയർത്തിക്കാട്ടുന്നതിനായി ദോഫാർ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ഒമാൻ ഒരു പ്രത്യേക പവലിയൻ ഒരുക്കിയിരുന്നു. ഇതിന് പുറമെ, സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ നഗരങ്ങളിൽ രണ്ട് വർക്ക്ഷോപ്പുകളും സംഘടിപ്പിച്ചു. ദോഫാർ ഗവർണറേറ്റിലെ ടൂറിസം മേഖലയിലെ നിരവധി പങ്കാളികളും ഫ്ലൈനാസ്, ഫ്ലൈഅദീൽ തുടങ്ങിയ വിമാനക്കമ്പനികളും ഈ വർക്ക്ഷോപ്പുകളിൽ പങ്കെടുത്തു.
കുവൈത്തിലും ബഹ്റൈനിലും സമാനമായ പ്രമോഷണൽ പ്രവർത്തനങ്ങൾ മന്ത്രാലയം നടപ്പാക്കിയിട്ടുണ്ട്. കേരളത്തിലെ മൺസൂൺ കാലാവസ്ഥയോട് സമാനമായ തണുപ്പും മഴയും ദോഫാർ ഖരീഫ് സീസണിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
2024ൽ പത്ത് ലക്ഷത്തിലധികം സന്ദർശകരാണ് ദോഫാർ ഖരീഫ് സീസൺ ആസ്വദിക്കാനെത്തിയത്. ഇതിൽ 1.77 ലക്ഷത്തോളം പേർ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. ഈ വർഷം സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

