കേരള സെക്ടറിൽ വെട്ടിച്ചുരുക്കലും സമയമാറ്റവുമായി എയർ ഇന്ത്യ
text_fieldsമസ്കത്ത്: ഷെഡ്യൂളുകൾ വെട്ടിചുരുക്കിയതിന് പിന്നാലെ മസ്കത്ത്-കേരള സെക്ടറിൽ സമയ മാറ്റവുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഒക്ടോബർ 26മുതലാണ് പുതിയ സമയ ക്രമം നടപ്പിൽ വരിക. കണ്ണൂരിലേക്ക് ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മസ്കത്തിൽനിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന വിമാനം അവിടെ പുലർച്ച 1.10നാണ് എത്തിചേരുക. കണ്ണൂരിൽനിന്നും വൈകീട്ട് അഞ്ചിന് പുറപ്പെടുന്ന വിമാനം മസ്കത്തിൽ ഒമാൻ സമയം രാത്രി 7.10നും ലാൻഡ് ചെയ്യും. നേരത്തെ കണ്ണൂരിലേക്ക് മസ്കത്തിൽനിന്ന് എല്ലാ ദിവസവും സർവിസ് ഉണ്ടായിരുന്നു. ഓഫ് സീസണിൽ ആളുകൾ കുറഞ്ഞതോടെ സർവിസുകൾ വെട്ടിച്ചുരുക്കി ആഴ്ചയിൽ നാല് ആക്കുകയായിരുന്നു. മറ്റു അന്താരാഷ്ട്ര വിമാനങ്ങൾ കണ്ണൂരിലേക്ക് ഇല്ലാത്തതിനാൽ വെട്ടിച്ചുരുക്കൽ ഉത്തര മലബാറിലേക്കുള്ള യാത്രക്കാരെയാണ് ഏറെ ബാധിക്കുക. ഏറ്റവും കൂടുതൽ വെട്ടിച്ചുരുക്കൽ കോഴിക്കോട്ട് റൂട്ടിലാണ്.
ഒക്ടോബർ 26 മുതൽ ഒന്നിടവിട്ടാണ് വെബ്സൈറ്റിൽ സർവിസ് കാണിക്കുന്നത്. പുതിയ സമയം ക്രമം അനുസരിച്ച് മസ്കത്തിൽനിന്ന് ഉച്ചക്ക് 1.05ന് പുറപ്പെട്ട് കോഴിക്കോട് 6.05നും എത്തിച്ചേരും. നേരത്തെ ഇത് പുലർച്ച 2.50ന് പുറപ്പെട്ട് രാവിലെ 7.55ന് കോഴിക്കോട് എത്തുന്നതായിരുന്നു സമയം. പുലർച്ച 1.05ന് മസ്കത്തിൽനിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 6.10 ഓടെയാണ് കൊച്ചിയിൽ എത്തുക. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ മാത്രമാണ് സർവിസ് കാണിക്കുന്നത്. തിരുവനന്തപുരത്തേക്ക് രാത്രി 9.40ന് പുറപ്പെട്ട് അവിടെ 3.15നും എത്തിച്ചേരുന്നതാണ് പുതിയ സമയം. എന്നാൽ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഈ റൂട്ടിൽ സർവിസ് വെബ്സൈറ്റിൽ കാണുന്നില്ല.
അതേസമയം, ഗൾഫ് രാഷ്ട്രങ്ങളിൽനിന്നും കേരള സെക്ടറുകളിലേക്കുള്ള സർവിസുകൾ വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കാൻ തയാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയരുന്നു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.ഇതിൽ പ്രതീക്ഷയർപ്പിച്ച് കഴിയുകയാണ് പ്രവാസികൾ.
ശൈത്യകാല ഷെഡ്യൂളിൽ കേരളത്തിൽ നിന്നുള്ള വിമാന സർവിസുകളിൽ താൽകാലികമായി കുറക്കുക മാത്രമാണ് ചെയ്തതെന്നും പലതും തിരിച്ചുകൊണ്ടു വരുമെന്നും എയർ ഇന്ത്യ എക്സ് പ്രസ് അധികൃതർ മുഖ്യമന്ത്രിക്ക് ഉറപ്പു നൽകിയിരിക്കുന്നത്. സർവിസുകൾ വെട്ടിച്ചുരുക്കുന്നതോടെ ടിക്കറ്റ് നിരക്ക് ഉയരുമെന്ന ആശങ്കയും പ്രവാസികൾക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

