എയർ ഇന്ത്യ മസ്കത്ത്-ഡൽഹി സർവിസ് നിർത്തുന്നു
text_fieldsമസ്കത്ത്: എയർ ഇന്ത്യയുടെ മസ്കത്ത്-ഡൽഹി വിമാന സർവിസുകളും നിർത്തലാക്കുന്നു. ഈമാസം 29ന് മസ്കത്തിൽനിന്ന് രാത്രി 10.35ന് പുറപ്പെട്ട് പുലർച്ചെ 3.10ന് ഡൽഹിയിലെത്തുകയും ഡൽഹിയിൽനിന്ന് വൈകുന്നേരം 7.45ന് പുറപ്പെട്ട് രാത്രി 9.35 ന് മസ്കത്തിലെത്തുന്ന വിമാനം റദ്ദ് ചെയ്തതായാണ് അറിയിപ്പുള്ളത്. മസ്കത്ത്- ഡൽഹി സെക്ടറിലെ എയർഇന്ത്യയുടെ അവസാന വിമാനം ഈ മാസം 29 നായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. യാത്രക്കാർക്ക് മുഴുവൻ പണവും തിരിച്ചു വാങ്ങാമെന്നും മുബൈ വഴി ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ എക്പ്രസിലോ എയർ ഏഷ്യയിലൊ, എയർ വിസ്താരയിലോ ടിക്കറ്റുകൾ യാതൊരു അധിക ചെലവും ഇല്ലാതെ ടിക്കറ്റുകൾ മാറ്റി ബുക്ക് ചെയ്യാമെന്നും അറിയിപ്പിലുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ ടിക്കറ്റുകൾ മാറ്റി ബുക്ക് ചെയ്യുന്നവർക്കാണ് അധിക ചെലവില്ലാതെ ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യാൻ കഴിയുക.
എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ മസ്കത്ത്-ഡൽഹി സെക്ടറിൽ ഈ മാസം 29 നു ശേഷം സർവിസുുകൾ കാണിക്കുന്നില്ല. ഈ സെക്ടറിൽ ഇനി മുതൽ എയർ ഇന്ത്യ എക്പ്രസ് സർവിസ് നടത്താനാണ് സാധ്യത. നേരത്തേ എയർ ഇന്ത്യ സർവിസ് നടത്തിയിരുന്ന മസ്കത്ത്-മുംബൈ സെക്ടറിൽ എയർ ഇന്ത്യ എക്പ്രസ് സർവിസുകൾ ആരംഭിച്ചിട്ടുണ്ട്. ഈ സെക്ടറിലിപ്പോൾ എയർ ഇന്ത്യ എക്പ്രസിന് ദിവസേന സർവിസുകളാണുള്ളത്. നേരത്തേ സർവിസ് നടത്തിയിരുന്ന മസ്കത്ത്-ബാംഗളൂരു സെക്ടറിലും സമാനമായ അവസ്ഥയാണുള്ളത്. എയർ ഇന്ത്യയുടെ ഡൽഹി സർവിസ് നിലക്കുന്നതോടെ മുബൈയിലേക്കും ബാഗളൂരുവിലേക്കും ഡൽഹി വഴി നടത്തുന്ന സർവിസുകളും ഇല്ലാതാകും. എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ ഈ മാസം 29 നു ശേഷം ബംഗളൂരുവിലേക്കും സർവിസില്ല എന്നാണ് കാണിക്കുന്നത്.
ഇതോടെ ഇന്ത്യയുടെ സ്വന്തം വിമാന രാജാവായ എയർ ഇന്ത്യ പല സെക്ടറിലേക്കും വിമാന സർവിസുകൾ നിർത്തുന്നതിന്റെ സൂചനയാണിത്. പകരം ബജറ്റ് വിമാനമായ എയർ ഇന്ത്യ എക്പ്രസ് സർവിസുകൾ ആരംഭിക്കുകയും ചെയ്യും. എയർ ഇന്ത്യയുടെ വിമാനസർവിസുകൾ പലതും നിർത്തുന്നതു കാരണം ചെലവ് കുറക്കാൻ കഴിയുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. എയർ ഇന്ത്യ എക്പ്രസ് ബജറ്റ് വിമാനകമ്പനി ആയതിനാൽ ചെലവ് കുറക്കാനും കഴിയും. എന്നാൽ ബിസിനസ് ക്ലാസ് അടക്കം കൂടുതൽ സൗകര്യങ്ങളുള്ള എയർ ഇന്ത്യ വിമാനങ്ങൾ ഈ സെക്ടറിൽ നിർത്തുന്നത് ഹൈ ക്ലാസ് യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കും. ഇത്തരം യാത്രക്കാർ മറ്റു വിമാന കമ്പനികളെ ആശ്രയിക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

